'സൂപ്പര്‍ ഹ്യുമന്‍സ് ലോകം പിടിച്ചടക്കും, മനുഷ്യനെ നാമാവശേഷമാക്കും'; സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന പ്രവചനം

സാധാരണ മനുഷ്യനെ വെല്ലാന്‍ ജനിതക മാറ്റത്തിലൂടെ പിറവിയെടുക്കുന്ന സൂപ്പര്‍ഹ്യുമന്‍സാണ് ലോകത്തിന് ഭീഷണിയാകുന്നത്
'സൂപ്പര്‍ ഹ്യുമന്‍സ് ലോകം പിടിച്ചടക്കും, മനുഷ്യനെ നാമാവശേഷമാക്കും'; സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന പ്രവചനം

ശാസ്ത്രത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയാണ് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌ വിടവാങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്ക് നിരീക്ഷണങ്ങള്‍ക്കും മരണമില്ല. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് അദ്ദേഹം എഴുതിയ അവസാന പ്രബന്ധത്തിലെ ഒരു പ്രവചനമാണ്. മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന പ്രവചനം ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. അതിമാനുഷരുടെ വംശം ലോകം പിടിച്ചടക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇതോടെ മനുഷ്യവര്‍ഗം നാമാവശേഷമാകുമെന്നുമാണ് ഹോക്കിങ്‌ പറയുന്നത്. 

സാധാരണ മനുഷ്യനെ വെല്ലാന്‍ ജനിതക മാറ്റത്തിലൂടെ പിറവിയെടുക്കുന്ന സൂപ്പര്‍ഹ്യുമന്‍സാണ് ലോകത്തിന് ഭീഷണിയാകുന്നത്. 'അതിമാനുഷന്‍ പ്രത്യക്ഷപ്പെടുന്നതോടെ അപരിഷ്‌കൃതരായ മനുഷ്യര്‍ക്ക് നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. പുതിയ സൃഷ്ടികളോട് മത്സരിക്കാന്‍ കെല്‍പ്പില്ലാത്തവരായി സാധാരണ മുഷ്യര്‍ മാറും. അവര്‍ അപ്രസക്തരാവുകയോ കളമൊഴിയുകയോ ചെയ്യും. പകരം വളരെ അധികം പുരോഗതിയിലേക്ക് കുതിക്കുന്ന അതിമാനുഷ വര്‍ഗം ഇവിടെയുണ്ടാകും' ഹോക്കിങ്‌ വ്യക്തമാക്കി. 

സ്വന്തം കുട്ടികളുടെ ജനിതക ഘടന എങ്ങനെയാവണമെന്ന് സമ്പന്നരായ ആളുകള്‍ നിര്‍ണയിക്കുകയും അതുവഴി കൂടുതല്‍ ഓര്‍മശക്തിയും രോഗപ്രതിരോധശേഷിയും ബുദ്ധിയും ആയുര്‍ദൈര്‍ഘ്യവുമുള്ള അതിമാനുഷര്‍ പിറവിയെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യരെ കൂടുതല്‍ ബുദ്ധിയുള്ളവരും നല്ല സ്വഭാവമുള്ളവരായി മാറാന്‍ അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. 

ഒക്‌റ്റോബര്‍ 16 ന് പ്രസിദ്ധീകരിക്കാന്‍ ഇരിക്കുന്ന ബ്രീഫ് ആന്‍സര്‍ ടു ദി ബിഗ് ക്വസ്റ്റ്യന്‍സ് എന്ന സമാഹാരത്തിലാണ് ഹോക്കിങ്ങിന്റെ പ്രവചനം. അതിമാനുഷരെ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും അന്യഗ്രഹജീവികളേക്കുറിച്ചും ഹോക്കിങ്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവകരമായ മുന്നറിയിപ്പാണ് ഹോക്കിങ്‌ നല്‍കുന്നത്. ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വന്തമായി താല്‍പ്പര്യങ്ങള്‍ വികസിപ്പിച്ചെടുക്കും. ഇത് മുനുഷ്യനുമായി സംഘട്ടനമുണ്ടാകും. അദ്ദേഹം കുറിച്ചു. ഓട്ടോണമസ് ആയുധങ്ങളുമായി ഉണ്ടാവാന്‍ സാധ്യയുള്ള യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറയുന്നത്. 

ശാസ്ത്ര നിയമങ്ങളെയാണ് അദ്ദേഹം ദൈവമായി കാണുന്നത്. അല്ലാതെ ദൈവം എന്ന വ്യക്തി ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഭൂമി നേരുടുന്ന ഏറ്റവും വലിയ ഭീഷണിയായി ഹോക്കിങ്‌ കാണുന്നത് ദിനോസറുകളുടെ നാശത്തിന് കാരണമായതുപോലുള്ള ഛിന്നഗ്രഹങ്ങളുടെ വീഴ്ചയാണ്. കാലാവസ്ഥ മാറ്റമാണ് മറ്റൊന്ന്. സമുദ്രത്തിലെ താപനില ഉയരുന്നത് മഞ്ഞുരുകാന്‍ കാരണമാകും. കാര്‍ബണ്‍ഡ്രൈ ഓക്‌സൈഡ് കൂടുതലായി പുറത്തേക്ക് വരാനും കാരണമാണ്. ഇത് പരിഹരിക്കാന്‍ മലിനീകരണത്തിനോ ആഗോള താപനത്തിനോ കാരണമാകാത്ത ന്യൂക്ലിയര്‍ ഫ്യൂഷന്‍ പവര്‍ ഉപയോഗിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com