കാശിയിലെ പൂക്കള്‍ ഇനി ഗംഗയിലെറിയില്ല; ലോകമെങ്ങും സുഗന്ധമായെത്തും

പൂജാ കര്‍മ്മങ്ങള്‍ക്കായി എത്തുന്ന പൂക്കള്‍ ഉപയോഗ ശേഷം ഗംഗയില്‍ കളയാതെ ശേഖരിച്ച് ചന്ദനത്തിരികളാക്കി മാറ്റാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്
കാശിയിലെ പൂക്കള്‍ ഇനി ഗംഗയിലെറിയില്ല; ലോകമെങ്ങും സുഗന്ധമായെത്തും

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിലും വാരാണസിയിലെ മറ്റ് ക്ഷേത്രങ്ങളിലും ഒരു ദിവസത്തെ പൂജാ കര്‍മ്മങ്ങള്‍ക്ക് മാത്രം വലിയ അളവിലാണ് പൂക്കളെത്തുന്നത്. ഉപയോഗ ശേഷം ഇത് മുഴുവനായും ഗംഗാ നദിയില്‍ ഒഴുക്കുകയാണ് ചെയ്യാറുള്ളത്. ഇതിന് പരിഹാരം കാണാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. 

പൂജാ കര്‍മ്മങ്ങള്‍ക്കായി എത്തുന്ന പൂക്കള്‍ ഉപയോഗ ശേഷം ഗംഗയില്‍ കളയാതെ ശേഖരിച്ച് ചന്ദനത്തിരികളാക്കി മാറ്റാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. വനിതാ സ്വയം സഹായ സംഘങ്ങള്‍ വഴിയാകും ഇവ നിര്‍മിക്കുക. ഒരു ദിവസം 30-35 കിലോ ചന്ദനത്തിരി നിര്‍മിക്കാന്‍ ഒരു ക്വിന്റലോളം പൂക്കളാണ് ആവശ്യം. ഇവരുണ്ടാക്കുന്ന ചന്ദനത്തിരികള്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പതിച്ച പായ്ക്കറ്റുകളിലാക്കി ആഗോള തലത്തില്‍ വില്‍ക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും. 

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മാത്രം 12 ടണ്‍ പൂക്കളാണ് ഒരു ദിവസത്തെ പൂജക്കാള്‍ക്കായി വേണ്ടത്. ശ്രാവണ മാസമാണെങ്കില്‍ ഒരു ദിവസം 40 ടണ്‍ വരെയാണ് പൂക്കള്‍ വേണ്ടതെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. 

പൂക്കളുടെ പുനരുപയോഗവും ഒപ്പം നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് പൂക്കള്‍ പവിത്രമായാണ് കാണുന്നത്. ഇത് വലിച്ചെറിയുന്നത് ഒഴിവാക്കാമെന്ന ഗുണവുമുണ്ട്. ചന്ദനത്തിരിയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിന് ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു. 

പദ്ധതിയുമായി ബന്ധപ്പെട്ട് ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചെറുകിട സംരംഭകരില്‍ നിന്ന് പൂക്കള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചന്ദനത്തിരിയുടെ നിര്‍മാണത്തിലൂടെ ഉണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com