കാറിന് മാത്രമല്ല, വീടിനും പൂശിയത് ചാണകം, യാത്ര കുതിര വണ്ടിയിൽ ; പരിസ്ഥിതി സംരക്ഷണത്തിന് ഇതാ ഒരു 'സെജാൽ' മാതൃക

പരിസ്ഥിതിക്ക് ഇണങ്ങുന്ന വസ്ത്രങ്ങളും പാത്രങ്ങളുമാണ് സെജാൽ ഉപയോ​ഗിക്കുന്നത്.
കാറിന് മാത്രമല്ല, വീടിനും പൂശിയത് ചാണകം, യാത്ര കുതിര വണ്ടിയിൽ ; പരിസ്ഥിതി സംരക്ഷണത്തിന് ഇതാ ഒരു 'സെജാൽ' മാതൃക

അഹമ്മദാബാദ്: എല്ലാ ദിവസവും പരിസ്ഥിതിക്ക് വേണ്ടി നീക്കി വച്ചിരിക്കുകയാണ് അഹമ്മദാബാദുകാരിയായ സെജാൽ ഷാ എന്ന വക്കീൽ. ടൊയോട്ട കൊറോള കാറിൽ എസി ഉപയോ​ഗിക്കുന്നതിന് പകരം ചാണകം മെഴുകിയാണ് സെജാൽ നേരത്തേ വാർത്തകളിൽ ഇടം പിടിച്ചത്. ചുമ്മാ ഫേയ്മസ് ആവാൻ വേണ്ടി സെജാൽ ഇത് ചെയ്തതല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സെജാലിന്റെ വീട്ടിലേക്ക് ചെന്നാൽ ഒരു കുതിരവണ്ടി കാണാം. ഈ കാലത്തും കുതിരവണ്ടിയോ എന്ന് ഞെട്ടേണ്ട. ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യുന്നതിനായി വക്കീൽ ഈ കുതിരവണ്ടിയിലാണ് പോകുന്നത്. തീർന്നില്ല, കോളിങ് ബെല്ല് മുതൽ സിറ്റൗട്ടിലെ മുള കൊണ്ടുള്ള കസേരകളും തടി ബഞ്ചുകളും വീട്ടിലെത്തുന്നവരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. 

എസിയൊന്നും ആയില്ലെങ്കിലും കാറിനുള്ളിൽ അമിത ചൂട് ഉണ്ടാവില്ലെന്നാണ് സെജാൽ പറയുന്നത്. കാറ് മാത്രമല്ല, വീടും ചാണകം പൂശിയിരിക്കുകയാണ് ഇവർ. പരിസ്ഥിതി സംരക്ഷണം ഇന്ത്യാക്കാർ പണ്ട് മുതലേ നടത്തി വരുന്നതാണെന്നും അത് പാശ്ചാത്യരുടെ പ്രേരണ കൊണ്ടൊന്നുമല്ലെന്നും സെജാൽ വ്യക്തമാക്കി. 

മുംബൈയിൽ നിന്നും ഏഴ് വർഷം മുമ്പാണ് സെജാൽ അഹമ്മദാബാദിലേക്ക് താമസം മാറിയെത്തിയത്. ഒരു സുപ്രഭാതത്തിൽ ലോകം മുഴുവനും പരിസ്ഥിതി സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കുകയില്ലെന്നും ഓരോ വ്യക്തികളും ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്നും അവർ പറയുന്നു. ഭാവിയെ കൂടി കണക്കിലെടുക്കുന്ന വികസനം ഇന്നേ ചെയ്തില്ലെങ്കിൽ പല വിഭവങ്ങളും വരും തലമുറയ്ക്ക് അപ്രാപ്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ഒഴിവാക്കാനും, മലിനജലം കൃഷിയിടങ്ങളിലേക്ക്തിരിച്ച് വിടാനും രാസവസ്തുക്കളുടെ ഉപയോ​ഗം കുറയ്ക്കാനുമാണ് അവർ ആഹ്വാനം ചെയ്യുന്നത്. 

പരിസ്ഥിതിക്ക് ഇണങ്ങുന്ന വസ്ത്രങ്ങളും പാത്രങ്ങളുമാണ് സെജാൽ ഉപയോ​ഗിക്കുന്നത്. അടുക്കളയുടെ ഒരു ഭാ​ഗം ​ഗ്രാമീണ അടുക്കളകൾക്ക് സമാനമായി തുറന്നിട്ടിരിക്കുകയാണ്. സോപ്പും ഷാംപുവും തുടങ്ങി പൗഡറിന് വരെ സെജാലിന്റെ കയ്യിൽ മാർ​ഗങ്ങൾ ഉണ്ട്. പല്ല് തേക്കുന്നതിനായി ശംഖ് പുഷ്പത്തിന്റെ പൂവും മുൾട്ടാണി മിട്ടിയും ആര്യവേപ്പും ചേർത്ത മിശ്രിതമാണ് താൻ ഉപയോ​ഗിക്കുന്നതെന്നും സോപ്പിന് പകരമായും ഇത് ഉപയോ​ഗിക്കാമെന്നും അവർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com