കനത്ത മഞ്ഞ് വീഴ്ച: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ 300ഓളം യാക്കുകള്‍ വിശന്ന് ചത്തു 

മഞ്ഞ് വീഴ്ച അതിരൂക്ഷമായതോടെ ഡിസംബര്‍ മാസം മുതല്‍ യാക്കുകള്‍ പ്രദേശത്ത് കുടുങ്ങിയ അവസ്ഥയിലായിരുന്നു.
കനത്ത മഞ്ഞ് വീഴ്ച: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ 300ഓളം യാക്കുകള്‍ വിശന്ന് ചത്തു 

സിക്കിം: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ 300ല്‍ അധികം യാക്കുകള്‍ വിശപ്പ് മൂലം ചത്തു. സിക്കിമിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും യാക്കുകളുടെ ജഡങ്ങള്‍ കണ്ടടുത്തതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജ് യാദവ് വ്യക്തമാക്കിയതോടെയാണ് സംഭവം സ്ഥിരീകരിച്ചത്.

മഞ്ഞ് വീഴ്ച അതിരൂക്ഷമായതോടെ ഡിസംബര്‍ മാസം മുതല്‍ യാക്കുകള്‍ പ്രദേശത്ത് കുടുങ്ങിയ അവസ്ഥയിലായിരുന്നു. മഞ്ഞ് മൂലം അവയ്ക്ക് സഞ്ചരിക്കാനാവുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിച്ച് നല്‍കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മഞ്ഞ് വീഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പ് പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരാണ് ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 300ല്‍ അധികം യാക്കുകളുടെ ജഡങ്ങളാണ് പ്രദേശത്ത് കൂടിക്കിടക്കുന്നത്. ഓരോ വര്‍ഷവും 10 മുതല്‍ 15 വരെ യാക്കുകള്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ചാവാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയധികം യാക്കുകള്‍ ചത്തൊടുങ്ങുന്നത്. 

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 50ഓളം യാക്കുകളെ രക്ഷിക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. യാക്കുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 30,000 രൂപ വീതം ലഭിക്കും.

പര്‍വ്വതങ്ങളില്‍ ജീവിക്കുന്ന യാക്കുകളെ ചമരിക്കാള എന്നും ആളുകള്‍ വിളിക്കാറുണ്ട്. പര്‍വ്വത പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി യാക്കുകളെ വളര്‍ത്താറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com