എന്‍ഡോസള്‍ഫാനോട് പൊരുതി അഖിലിന്റെ ജീവിതം; ബിരുദ പരീക്ഷയില്‍ സഹപാഠികളെ ഞെട്ടിച്ച് നേടിയത് 64% മാര്‍ക്ക് 

കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളെജില്‍ ബി കോമിന് 64ശതമാനം മാര്‍ക്കാണ് ഈ മിടുക്കന്‍ നേടിയത്
എന്‍ഡോസള്‍ഫാനോട് പൊരുതി അഖിലിന്റെ ജീവിതം; ബിരുദ പരീക്ഷയില്‍ സഹപാഠികളെ ഞെട്ടിച്ച് നേടിയത് 64% മാര്‍ക്ക് 

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി സ്‌കൂള്‍ പടികള്‍ ഇറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹപാഠികളൊന്നും അഖിലിന്റെ ഇന്നത്തെ ഈ വിജയം സ്വപ്‌നം കണ്ടുകാണില്ല. ഉന്നതവിദ്യാഭ്യാസം അഖിലിന് ഒരു ബാലികേറാമലയായിരിക്കുമെന്നാണ് അവരെല്ലാം കരുതിയിരുന്നത്. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ആ തോന്നലുകള്‍ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അഖില്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളെജില്‍ ബി കോമിന് 64ശതമാനം മാര്‍ക്കാണ് ഈ മിടുക്കന്‍ നേടിയത്. 

സ്വന്തമായി എഴുതാന്‍ കഴിയാത്തതിനാല്‍ സഹായിയുടെ പിന്തുണയോടെയാണ് അഖില്‍ പരീക്ഷയെഴുതിയത്. മികച്ച വിജയം സ്വന്തമാക്കുമ്പോള്‍ അതിന്റെ മധുരം സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവയ്ക്കാനാണ് അഖിലിന് ഇഷ്ടം. കോളേജ് പഠനത്തില്‍ ഏറ്റവുമധികം താങ്ങായിരുന്ന സുഹൃത്തുക്കളാണ് പാഠ്യവിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ അഖിലിന് തുണയായി നിന്നത്.   

85ശതമാനം അംഗവൈകല്യമുണ്ടെന്നാണ് അഖിലിന്റെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഈ വൈകല്യങ്ങള്‍ അഖിലിന്റെ മാനസിക വളര്‍ച്ചയെയും ബാധിച്ചെന്ന് അച്ഛന്‍ പി വിജയന്‍ പറയുന്നു. കാഴ്ചക്കുറവ് പോലുള്ള പ്രശ്‌നങ്ങളും അഖിലിനെ അലട്ടി. 

ദൈനംദിനകാര്യങ്ങളെല്ലാം സ്വന്തമായി ചെയ്യുന്ന അഖിലിന് യാത്രകള്‍ക്കും മറ്റുമായി പോകുമ്പോള്‍ മാത്രമാണ് തങ്ങളുടെ സഹായം വേണ്ടിവരികയെന്നാണ് വിജയന്റെ വാക്കുകള്‍. യാത്രകളെ സ്‌നേഹിക്കുന്ന അഖില്‍ ഒഴിവുസമയത്ത് വരയിലാണ് സന്തോഷം കണ്ടെത്തുന്നത്. വീട്ടില്‍ തന്നാലാവുന്ന സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന അഖില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോലും അവര്‍ക്കൊപ്പം കൂടാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com