25 കോടി എലി കരണ്ടിട്ടും 'കൂള്‍', പേപ്പര്‍ വെയ്റ്റായി  450 കോടിയുടെ രത്‌നക്കല്ല്‌,86 ഭാര്യമാരും അശ്ലീല ചിത്രങ്ങളുടെ വമ്പന്‍ ശേഖരവും; നൈസാമിന്റെ കഥ

ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ നിരയില്‍ മുന്‍പന്തിയിലായിരുന്നു ഹൈദരാബാദ് നൈസാം
25 കോടി എലി കരണ്ടിട്ടും 'കൂള്‍', പേപ്പര്‍ വെയ്റ്റായി  450 കോടിയുടെ രത്‌നക്കല്ല്‌,86 ഭാര്യമാരും അശ്ലീല ചിത്രങ്ങളുടെ വമ്പന്‍ ശേഖരവും; നൈസാമിന്റെ കഥ

ലണ്ടന്‍: ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള തര്‍ക്കത്തില്‍ ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി വിധി വന്നത് കഴിഞ്ഞദിവസമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിക്ഷേപം സംബന്ധിച്ച കേസില്‍ ലണ്ടന്‍ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. 3.5 കോടി പൗണ്ടിന്റേതാണ് നിക്ഷേപം.ഇതോടെ നൈസാമിന്റെ സ്വത്തുവകകള്‍ ആഢംബര ജീവിതം എന്നിവ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. 

ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ നിരയില്‍ മുന്‍പന്തിയിലായിരുന്നു ഹൈദരാബാദ് നൈസാം.  കൊട്ടാരത്തിലെ നിലവറയില്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 30 ലക്ഷം പൗണ്ട് നോട്ടുകള്‍ എലികള്‍ കരണ്ടുതിന്നുന്നതായുളള വിവരം അറിഞ്ഞിട്ടും കൂസലില്ലാത്ത ഭാവത്തോടെ പെരുമാറിയ വ്യക്തിയായിയിരുന്നു ഹൈദരാബാദ് നൈസാം എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ലണ്ടനിലെ പ്രസിദ്ധമായ ജംഗ്ഷനായ പികാഡിലി സര്‍ക്കസില്‍ റോഡില്‍ വിരിക്കാന്‍ പാകത്തിന് രത്‌നങ്ങളുടെ ശേഖരം ഹൈദരാബാദ് നൈസാമിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കിടപ്പറയില്‍ ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളുടെ ശേഖരണം പാര്‍സലായി സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ വിലകൂടിയ ജേക്കബ് ഡയമണ്ടും ഉള്‍പ്പെടുന്നു. 5 കോടി പൗണ്ട് വിലമതിക്കുന്നതും ഒട്ടകപക്ഷിയുടെ മുട്ടയ്ക്ക് സമാനമായ വലുപ്പമുളളതുമാണ് ജേക്കബ് ഡയമണ്ട്. 185 കാരറ്റ് ഗുണമേന്മയുളള ഈ രത്‌നം അച്ഛന്റെ പഴയ സോക്‌സില്‍ നിന്നാണ് കണ്ടെടുത്തത്. ഇത് പേപ്പര്‍ വെയിറ്റ് ആയാണ് നൈസാം ഉപയോഗിച്ചിരുന്നതെന്നും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് തനിക്ക് നേരെ വിപ്ലവം ഉണ്ടാകുമോ എന്ന് നൈസാം ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വിലപ്പിടിച്ച രത്‌നങ്ങളും സ്വര്‍ണക്കട്ടികളും നിറച്ച ലോറികള്‍ തുരുമ്പുപിടിച്ച് തോട്ടത്തില്‍ കിടന്നിരുന്നു. ഇവയെല്ലാം ടര്‍പ്പോളിന്‍ ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു.
 3000 പേരുടെ സ്വകാര്യ ആര്‍മി നൈസാമിന് ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

ഒരുകാലത്ത് ഇറ്റലിയുടെ വലിപ്പം വരുന്ന പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്നു നൈസാം. 1.7 കോടിയായിരുന്നു ജനസംഖ്യ. റോള്‍സ് റോയ്‌സ് കാറിലായിരുന്നു ഇദ്ദേഹം നാട്ടുരാജ്യം ചുറ്റികറങ്ങിയിരുന്നത്.സ്വന്തം ഡിസ്റ്റിലറിയില്‍ നിന്ന് വിസ്‌കി കുടിച്ചിരുന്ന ഇദ്ദേഹത്തിന് സ്വന്തമായി ജാസ് ബാന്‍ഡ് ഉണ്ടായിരുന്നു. ഒരു കാലത്ത് സ്വര്‍ണവും വിലപ്പിടിപ്പുളള രത്‌നങ്ങളും അടക്കം നൈസാമിന്റെ സ്വത്തുവകകളുടെ മൂല്യം ഇന്നത്തെ 5000 കോടി പൗണ്ട് മൂല്യത്തിലേക്ക് ഉയര്‍ന്നിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. 1947ല്‍ പ്രിന്‍സ് ഫിലിപ്പിനെ ബ്രിട്ടണിലെ രാജ്ഞി വിവാഹം ചെയ്തപ്പോള്‍, ഡയമണ്ട് നെകഌസാണ് വിവാഹസമ്മാനമായി നൈസാം നല്‍കിയത്.

കാലം കടന്നുപോയപ്പോള്‍ ഇദ്ദേഹം മിതവ്യയം ശീലമാക്കി. മാസങ്ങളോളം ഉടുത്തുപഴകിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഒരു മൈലിന്റെ പകുതി വരെ വരുന്ന വസ്ത്രശേഖരണം ഉളളപ്പോഴായിരുന്നു ഈ ജീവിതരീതി നൈസാം സ്വീകരിച്ചത്. ഭക്ഷണം മിതമായ അളവില്‍ മാത്രമാണ് കഴിച്ചിരുന്നത്. എങ്കിലും ലൈംഗിക അഭിനിവേശം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന കെട്ടിടഭാഗങ്ങളില്‍ ഉള്‍പ്പെടെ പലയിടത്തും ഹിഡന്‍ ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു.  അശ്ലീല ചിത്രങ്ങളുടെ വലിയ ശേഖരണം ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. നാട്ടുനടപ്പ് അനുസരിച്ചും അല്ലാതെയുമായി 86 ഭാര്യമാര്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതില്‍ നിന്നായി 100 കുട്ടികള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് ചരിത്രരേഖ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ ഒരുകാലത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്നും തന്റെ സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് പോകുമെന്നും ഭയന്ന നൈസാം, വെസ്റ്റമിനിസ്റ്റര്‍ ബാങ്കില്‍ ഒരു മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ അവകാശത്തെ ചൊല്ലി 70 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനാണ് ഇപ്പോള്‍ തീര്‍പ്പായിരിക്കുന്നത്.

നൈസാമിന്റെ നിക്ഷേപമായ 35 മില്ല്യണ്‍ പൗണ്ട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് പാകിസ്ഥാനാണ് കേസിന് പോയത്. നൈസാമിന്റെ പിന്തുടര്‍ച്ചക്കാരനായ മുക്കാറം ഝായും അദ്ദേഹത്തിന്റെ സഹോദരന്‍ മുഫക്കം ഝായും സ്വത്തില്‍ അവകാശമുന്നയിച്ചതോടെ ഇന്ത്യ അവര്‍ക്ക് പിന്തുണ നല്‍കി. 

നാറ്റ്‌വെസ്റ്റ് ബാങ്കിലാണ് ഹൈദരാബാദ് നൈസാം വന്‍തുക നിക്ഷേപിച്ചത്. നൈസാം ലണ്ടനില്‍ നിക്ഷേപിച്ച സ്വത്തുക്കള്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് മുക്കാറം ഝാക്കെതിരെ 2013ലാണ് പാകിസ്ഥാന്‍ പരാതി നല്‍കിയത്. ലണ്ടനിലെ റോയല്‍ കോര്‍ട്ടാണ് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.  

1948ലാണ് കേസ് തുടങ്ങുന്നത്. ഹൈദരാബാദ് നൈസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഒരു മില്ല്യണ്‍ പൗണ്ടും ഒരു ഗിന്നിയും ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചു. ബ്രിട്ടനിലെ പാകിസ്ഥാന്റെ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഹൈദരാബാദ് ആ സമയം ഇന്ത്യയില്‍ ലയിച്ചിരുന്നില്ല. 

1950ല്‍ തന്റെ അനുവാദമില്ലാതെ പണം കൈമാറ്റം ചെയ്യരുതെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പാകിസ്ഥാനുമായി കരാറില്ലാതെ പണം നിരികെ നല്‍കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. അതോടെ അദ്ദേഹം ബാങ്കിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പരാതി നല്‍കി. അദ്ദേഹത്തിന്റെ മരണ ശേഷം നിക്ഷേപം മരവിപ്പിച്ചു. 2013ല്‍ നിക്ഷേപത്തില്‍ പാകിസ്ഥാന്‍ അവകാശം ഉന്നയിച്ചതോടെ നൈസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുകയായിരുന്നു. 

ഹൈദരാബാദ് നൈസാമിന്റെ ഏഴാമത്തെ പേരമകനാണ് മുക്കാറം ഝാ. അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസിക്കുന്നത്. 1980 വരെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായിരുന്നു മുക്കാറം ഝാ. എന്നാല്‍, മൂന്നാം ഭാര്യയുമായുള്ള വിവാഹ മോചന കേസില്‍ സ്വത്ത് വീതിക്കപ്പെട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടപ്പെട്ടു. പിന്നീട് തുര്‍ക്കിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കേസ് ആരംഭിക്കുമ്പോള്‍ മുക്കാറം കുട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ 80ാം വയസില്‍ അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com