'പ്രണയത്തിന് ഒന്നും തടസമല്ല, സ്‌നേഹമാണ് വലുത്'; ആറടി പൊക്കക്കാരന് മൂന്നടിക്കാരി വധു; ഹൃദയം തൊട്ട പ്രണയകഥ

എതിര്‍പ്പുകളെ വകവെയ്ക്കാതെ പ്രണയത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിയവരുടെ കഥയാണിത്
'പ്രണയത്തിന് ഒന്നും തടസമല്ല, സ്‌നേഹമാണ് വലുത്'; ആറടി പൊക്കക്കാരന് മൂന്നടിക്കാരി വധു; ഹൃദയം തൊട്ട പ്രണയകഥ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലായെന്ന് പറയാറുണ്ട്. അപ്പോള്‍ പൊക്കവും ഒരു പ്രശ്‌നം ആകാന്‍ സാധ്യതയില്ല. സാധ്യത എന്ന വാക്കുപോലും അനുചിതമാണ് എന്ന് തെളിയിക്കുകയാണ് ഈ വധുവരന്മാര്‍. എതിര്‍പ്പുകളെ വകവെയ്ക്കാതെ പ്രണയത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിയവരുടെ കഥയാണിത്.

'ചേട്ടായീ... എന്നെക്കുറിച്ച് നേരാം വണ്ണം അറിഞ്ഞിട്ടാണോ ഈ തീരുമാനം. നിങ്ങളുടെ അരയ്‌ക്കൊപ്പം പൊക്കം പോലും എനിക്കില്ല. നേരില്‍ക്കണ്ടാല്‍ എന്നെ സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറിയെന്നിരിക്കും. ഒടുവില്‍ ഞാനൊരു ഭാരമായി എന്നു പറഞ്ഞാല്‍ അതെനിക്ക് സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല... ഒന്നൂടി ആലോചിച്ചിട്ട്...'-  പരുങ്ങലോടെയാണ് അന്ന് എയ്ഞ്ചല്‍ ഇക്കാര്യം പറഞ്ഞത്. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ കുലുങ്ങാതെ ഒരേ നില്‍പ് നിന്നു ജിനില്‍. എല്ലാം കേട്ട ശേഷം പിന്നാലെയെത്തി ആ മറുപടി. 'എയ്ഞ്ചലേ... നിന്റെ പൊക്കവും വണ്ണവും കളറും ഒന്നും എനിക്കൊരു പ്രശ്‌നമേയല്ല. സ്‌നേഹിക്കാന്‍ മനസ്സുള്ളൊരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്. അത് നിനക്കുണ്ടെങ്കില്‍ കൂടെപ്പോന്നോ... നിന്നെ ഞാന്‍ എന്നും പൊന്നു പോലെ നോക്കിക്കോളാം'- ജിനിലിന്റെ ഈ വാക്കുകള്‍ ഏയ്ഞ്ചലിന്റെ ഹൃദയത്തിലാണ് തട്ടിയത്.

സ്വകാര്യ ടയര്‍ കമ്പനിയിലെ ജോലിക്കാരനാണ് തൃശൂര്‍കാരന്‍ ജിനില്‍. സര്‍ക്കാര്‍ ജോലിക്കായി കഠിന പരിശീലനത്തിലാണ് കൊല്ലംകാരി എയ്ഞ്ചല്‍. പിഎസ്‌സി കോച്ചിങ്ങിന് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജീവിതം മറ്റൊരു വഴിയിലേക്ക് തിരിയുന്നത്.'ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല ഒരു വിവാഹ ജീവിതം. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്ന കാലമല്ലേ. എന്നെപ്പോലൊരു പെണ്ണിനെ സ്വീകരിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്ത പണ്ടു മുതലേ അലട്ടിയിരുന്നു. ഒരു ഘട്ടത്തില്‍ അത് മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയപ്പോള്‍ വിവാഹമേ വേണ്ടെന്നു തീരുമാനിച്ചതാണ്. വീട്ടുകാരുടെ നിര്‍ബന്ധം നേരത്തെ മുതലുണ്ട്. പിഎസ്‌സി പരിശീലനത്തിന് ഒപ്പമുള്ള കൂട്ടുകാരികളും നിര്‍ബന്ധിച്ചു. മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എല്ലാവരും അന്ന് പറഞ്ഞു. എന്റെ പരിമിതികളറിയുന്ന അതിനേക്കാളേറെ മനസ്സറിയുന്ന ഒരു ചെക്കന്‍ മാട്രിമോണി സൈറ്റ് വഴി വരുമെന്ന് അവര്‍ ഉറപ്പ് പറഞ്ഞു. അങ്ങനെ ആ 'കടുംകൈ' ചെയ്തു. പിന്നെ, നടന്നത് സിനിമയെ വെല്ലുന്ന  ട്വിസ്റ്റ്'- ഏയ്ഞ്ചല്‍ മനസ് തുറന്നു. 

താന്‍ വിളിക്കുമ്പോള്‍ ആദ്യം കേട്ടത് എയ്ഞ്ചലിന്റെ ചുറ്റുപാടുകളെക്കുറിച്ചല്ലായിരുന്നുവെന്ന് ജിനില്‍ പറയുന്നു. 'അവള്‍ പറഞ്ഞത് അവളുടെ പരിമിതികളെക്കുറിച്ച് മാത്രം. മാട്രിമോണി സൈറ്റില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തതു കൊണ്ടു കൂടിയാകണം വിശദമായി തന്നെ പറഞ്ഞു. എന്നെ സ്വീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്നു വരെ പറഞ്ഞു. എനിക്ക് ആറടിയോളം പൊക്കമുണ്ടെന്ന് കൂടി കേട്ടപ്പോള്‍ പുള്ളിക്കാരി ടെന്‍ഷനായി. പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരുന്നതേയുള്ളൂ. ഒടുക്കം എന്റെ തീരുമാനം ഞാനങ്ങ് പറഞ്ഞു. പൊക്കവും പൊക്കക്കുറവുമൊക്കെ രൂപത്തിലല്ലേ. എന്നെ സ്‌നേഹിക്കാന്‍ ആകുമെങ്കില്‍ എന്റെ കൂടെ പോരാന്‍ പറഞ്ഞു.'- ജിനില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com