പ്രായം വെറും അക്കം മാത്രം; നൂറാം വയസില്‍ ഹിമാലയം കയറിവരാനൊരുങ്ങി ചിത്രന്‍ നമ്പൂതിരിപ്പാട്

ഈ ഹിമാലയയാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെന്നും ഇത്തവണ കൂടി യാത്ര ചെയ്യാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പ്രായം വെറും അക്കം മാത്രം; നൂറാം വയസില്‍ ഹിമാലയം കയറിവരാനൊരുങ്ങി ചിത്രന്‍ നമ്പൂതിരിപ്പാട്

നസാന്നിധ്യമുണ്ടെങ്കില്‍ പ്രായം എന്നല്ല, ഒന്നും തന്നെ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിക്കില്ല. അല്ലെങ്കില്‍ നൂറാം വയസില്‍ ഹിമാലയം കയറി വരാണമെന്ന് ഈ തൃശൂര്‍കാരന് തോന്നില്ലല്ലോ. 100 വയസ് തികയാന്‍ 4 മാസം മാത്രമുള്ളപ്പോഴാണ് പി ചിത്രന്‍ നമ്പൂതിരിപ്പാട് ഹിമാലയ യാത്രയ്ക്ക് പോയത്.

തുടര്‍ച്ചയായി മുപ്പതാം തവണയാണ് ഇദ്ദേഹം ഹിമാലയത്തില്‍ പോകുന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ട് മണിക്ക് ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറിയപ്പോള്‍ അത് നൂറിനു തൊട്ടടുത്തെത്തി നില്‍ക്കുന്ന യുവത്വത്തിന്റെ അടയാളമായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടറും വിദ്യാഭ്യാസ വിദഗ്ധനുമാണ് ചിത്രന്‍ നമ്പൂതിരിപ്പാട്.

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്ന ചാര്‍ ധാം യാത്ര 16 കിലോമീറ്റര്‍ കുതിരപ്പുറത്തും 4 കിലോമീറ്റര്‍ നടന്നുമാണ് പൂര്‍ത്തിയാക്കേണ്ടത്. 2 യാത്രകള്‍ ദുര്‍ഘട പാതകളിലൂടെയാണ്. പലവട്ടമായി 33 തവണ ഹിമാലയ സന്ദര്‍ശനം നടത്തിയ അദ്ദേഹം ചാര്‍ ധാമിലേക്കു തുടര്‍ച്ചയായി നടത്തുന്ന മുപ്പതാമത്തെ യാത്രയാണിത്. 180 അംഗ സംഘത്തോടൊപ്പമാണ് യാത്ര.

ഈ ഹിമാലയയാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെന്നും ഇത്തവണ കൂടി യാത്ര ചെയ്യാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. കന്യാകുമാരിയിലെ അംബികാനന്ദ സ്വാമിയോടൊപ്പം 1992ലായിരുന്നു പി ചിത്രന്‍ ആദ്യമായി ഹിമാലയ യാത്ര നടത്തിയത്. പിന്നീടുള്ള ചില വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്ര ചെയ്തു. അങ്ങനെ ഇതുവരെ 32 തവണ ഹിമാലയത്തിലെത്തി.

ഇദ്ദേഹം ഇപ്പോഴും ആരോഗ്യവാനാണ്. നടക്കാന്‍ ഉള്‍പ്പെടെ സ്വന്തം കാര്യങ്ങള്‍ക്കൊന്നും ആരുടെയും സഹായം ആവശ്യമില്ല. പുലര്‍ച്ചെ 4 മുതല്‍ രാത്രി വൈകും വരെയും തളര്‍ച്ചയില്ലാതെ വായിക്കാനും യാത്ര ചെയ്യാനും കഴിയും ഇദ്ദേഹത്തിന്. 

ഹിമാലയ യാത്രയില്‍ കുതിരപ്പുറത്തുള്ള യാത്ര കഴിയുമ്പോള്‍ ക്ഷീണവും വേദനയുമുണ്ടാകും എന്നതു മാത്രമാണു ചിത്രന്‍ നേരിടുന്ന ഏക പ്രശ്‌നം. യാത്ര ചെയ്യുന്ന എല്ലായിടത്തും അദ്ദേഹത്തിനു വിപുലമായ സൗഹൃദ വലയമുണ്ട്. മുന്‍പ് ചാര്‍ ധാം കഴിഞ്ഞാല്‍ 20 ദിവസത്തോളം മറ്റു പലയിടത്തായി യാത്ര ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്തവണ അതൊഴിവാക്കാനാണ് തീരുമാനമെന്ന് ചിത്രന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com