ശിവനും പാര്‍വതിയും ഭാര്യഭര്‍ത്താക്കന്മാരല്ല, സഹോദരങ്ങള്‍; ഒഡീഷയിലെ ഈ ഗോത്രത്തിന്റെ വിശ്വാസം ഇങ്ങനെ

ഗ്രാമത്തിന് സമീപമുള്ള ബാണദുര്‍ഗ എന്ന ഗുഹയിലാണ് ഇരുവരേയും സഹോദരങ്ങളാക്കി പൂജിക്കുന്നത്
ഗിര്‍ലിഗുമ്മ ഗ്രാമത്തിലെ ശിവ പാര്‍വതി വിഗ്രഹം
ഗിര്‍ലിഗുമ്മ ഗ്രാമത്തിലെ ശിവ പാര്‍വതി വിഗ്രഹം

ജയ്പൂര്‍; ഏറ്റവും ദൃഢമായ ദാമ്പത്യബന്ധത്തിന്റെ പ്രതീകമായാണ് നമ്മള്‍ ശിവ ഭഗവാനേയും പാര്‍വതി ദേവിയേയും കാണുന്നത്. എന്നാല്‍ എല്ലാവര്‍ക്കും അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ല. ഒഡീഷയിലെ ഒരു വിഭാഗം ഗോത്ര വര്‍ഗം ശിവനേയും പാര്‍വതിയേയും പൂജിക്കുന്നത് സഹോദരങ്ങളായിട്ടാണ്. ദാസമന്റ്പൂറിന് കീഴെയുള്ള ഗിര്‍ലിഗുമ്മയിലെ ജനങ്ങളാണ് കാലങ്ങളായി ശിവനേയും ഭാര്യ പാര്‍വതിയേയും സഹോദരനും സഹോദരിയുമായി പൂജിക്കുന്നത്. ഗ്രാമത്തിന് സമീപമുള്ള ബാണദുര്‍ഗ എന്ന ഗുഹയിലാണ് ഇരുവരേയും സഹോദരങ്ങളാക്കി പൂജിക്കുന്നത്. 

എന്നാല്‍ ഇവരുടെ വിശ്വാസത്തിന് പ്രത്യേകമായ ചരിത്ര പശ്ചാത്തലമൊന്നുമില്ല. പുതിയൊരു മനുഷ്യാവതാരത്തിനായി ഭഗവാന്‍ ശിവനും പാര്‍വതി ദേവിയും ഭൂമിയില്‍ സഹോദരനും സഹോദരനുമായി എത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബാണദുര്‍ഗ ഗുഹയ്ക്കുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇരുവരും. പിന്നീട് ശിവന്‍ തപസ് ചെയ്യാനായി പുറപ്പെടുകയും പാര്‍വതി ദേവി ഒറ്റയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം ഗുഹയില്‍ കഴിയുകയുമായിരുന്നു. 

അന്നു മുതല്‍ ഗോത്രവിഭാഗം ശിവനേയും പാര്‍വതിയേയും സഹോദരിയും സഹോദരുനുമായി ബാണദുര്‍ഗ ഗുഹയില്‍ വെച്ച് പൂജിക്കുകയാണ്. ഇതാണ് ഈ ഗുഹാക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭായ്- ഭൗനി (സഹോദരനും-സഹോദരിയും) എന്ന പേരുകൂടി ഈ ക്ഷേത്രത്തിനുണ്ട്. തങ്ങളുടെ പൂര്‍വികര്‍ കാലങ്ങളായി ശിവനേയും പാര്‍വതിയേയും സഹോദരി സഹോദരന്മാരായി പൂജിക്കുന്നുണ്ടെന്നാണ് ഗിര്‍ലിഗുമ്മയിലെ പുരോഹിതനായ ബസുദേവ് പറയുന്നത്. തങ്ങളും അത് സന്തോഷത്തോടെ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഈ ഗോത്ര വിഭാഗക്കാര്‍മാത്രമല്ല, ശിവന്റേയും പാര്‍വതിയുടേയും വ്യത്യസ്ത അവതാരത്തെ പൂജിക്കാന്‍ ഗോത്രത്തിന് പുറത്തുനിന്നും ആളുകള്‍ എത്തുന്നുണ്ട്. ഗോത്രവിഭാഗം മൃഗബലി നടത്തി പാര്‍വതി പരമേശ്വരന്മാരെ പ്രീതിപ്പെടുത്തുമ്പോള്‍, ഗോത്രത്തിന് പുറത്തുള്ളവര്‍ പഴങ്ങളാണ് നിവേദിക്കുന്നത്. ജയ്പൂര്‍ രാജകുടുംബത്തിലെ അംഗങ്ങളും നൂറ്റാണ്ടുകളായി ഇവിടെ പൂജയ്ക്ക് എത്തുന്നുണ്ട്. ബാണദുര്‍ഗയിലെ പെരുമ്പറ മുഴക്കിയാണ് ജയ്പൂര്‍ രാജ്യം ദസ്സറ ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഈ പാരമ്പര്യത്തിന് പിന്നിലെ ചരിത്രം മനസിലാക്കാന്‍ പുരാവസ്തു ഗവേഷണ കേന്ദ്രം ഗവേഷണം നടത്തണം എന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com