'അവനെ ചീത്തവിളിച്ച് ബ്ലോക്ക് ചെയ്താല്‍ അവള്‍ പിഴച്ചവള്‍, പാതിരാക്ക് പെണ്ണുങ്ങളെന്തിനാ ഓണ്‍ലൈനില്‍ ഇരിക്കുന്നേ!; ഇത്തരം വിഷക്കായകളെ സൂക്ഷിക്കണം, ചതിച്ചുകളയും'

സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടസദാചാരബോധത്തെ വിമര്‍ശിച്ച് ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസ്
'അവനെ ചീത്തവിളിച്ച് ബ്ലോക്ക് ചെയ്താല്‍ അവള്‍ പിഴച്ചവള്‍, പാതിരാക്ക് പെണ്ണുങ്ങളെന്തിനാ ഓണ്‍ലൈനില്‍ ഇരിക്കുന്നേ!; ഇത്തരം വിഷക്കായകളെ സൂക്ഷിക്കണം, ചതിച്ചുകളയും'

കൊച്ചി: സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടസദാചാരബോധത്തെ വിമര്‍ശിച്ച് ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസ്. കൃത്യമായി ലൈംഗിക വിദ്യാഭ്യാസം നല്‍കാത്തതിന്റെ ദൂഷ്യവശങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണതകള്‍ ഓരോന്നായി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഷിംന അസീസ് തുറന്നുകാട്ടിയത്.

ഒരു പുരുഷന്‍ എത്ര പെണ്ണുങ്ങളെ കൊണ്ട് നടന്നാലും അത് അവന്റെ മിടുക്കാണെന്നും ഒരു പെണ്ണിന്റെ പേരിന്റെ കൂടെ ആരുടെയെങ്കിലും പേരുണ്ടെന്ന് ആരെങ്കിലും ഒന്ന് ഊഹിച്ചാല്‍ പോലും അവള്‍ കഴിഞ്ഞുവെന്നും പറയുന്നവരുണ്ട്. ഇത്തരത്തില്‍ റിയല്‍ ലൈഫില്‍ അഭിനയിക്കുന്നവരെയും കളളിനും കാശിനും സ്വന്തം കാര്യത്തിനും വേണ്ടി ന്യായത്തെ ഒറ്റുന്ന നിലപാടില്ലാത്തവരെയും സൂക്ഷിക്കണമെന്ന് ഷിംന അസീസ് പറയുന്നു. സ്ത്രീകളെ പഴിപറയുകയും അവരെ നേരിട്ട് കാണുമ്പോള്‍ മുഖത്ത് നോക്കി മാന്യമായി ചിരിക്കുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. ഇത്തരം കാര്യങ്ങളിലെല്ലാം മാറ്റമുണ്ടാകണമെന്ന് തോന്നിയിട്ട് മാത്രം കാര്യമില്ല.കതിരിലല്ല വളം വെക്കേണ്ടത്. ഇനിയെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞാല്‍ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടുമായിരിക്കുമെന്നും ഷിംന അസീസ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം ഒരു ആരോഗ്യപരിപാടിയില്‍ ഹെപ്പറ്റൈറ്റിസ് ബി പകരുന്ന വിധം വിശദീകരിച്ചത്-  'ദമ്പതികള്‍ക്കിടയില്‍ ലൈംഗികബന്ധത്തിലൂടെ' എന്ന് !

'അതെന്താ ചേച്ചീ, ദമ്പതികളല്ലാത്തവര്‍ ബന്ധപ്പെടുമ്പോ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടം വഴി ഇറങ്ങിയോടുമോ? ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗം ആര്‍ക്കിടയിലും പകരാം. ' എന്ന് പിറുപിറുത്ത് കേരള സിലബസിന്റെ ഹൈസ്‌കൂള്‍ ജീവശാസ്ത്രം ടെക്‌സ്‌റ്റെടുത്തു.

'എയിഡ്‌സ് പകരുന്നത് വിവാഹേതരബന്ധത്തിലൂടെ' എന്നെഴുതിയേക്കുന്നു. സന്തോഷം, കഴുത്തില്‍ താലി കെട്ടിയവര്‍ക്കിടയില്‍ HIV കമാന്നൊരക്ഷരം പറയൂല. അവര്‍ക്കിടയിലൊരാള്‍ക്ക് രക്തദാനം വഴിയോ സിറിഞ്ച് വഴിയോ കിട്ടിയ ശേഷം അവര്‍ ജീവിതപങ്കാളിക്ക് കൈമാറിയാലോ?

അങ്ങനെയൊന്നും പറയാന്‍ പാടില്ല. നോ ക്വസ്റ്റിയന്‍ ഇന്‍ സ്‌റ്റോറി.

വിവാഹേതരബന്ധത്തെയും ഒന്നിലേറെ പങ്കാളികള്‍ ഉണ്ടാകുന്നതില്‍ സാധ്യമായ ശാരീരികഭീഷണികളും അഡ്രസ് ചെയ്യേണ്ടത് വരികള്‍ക്കിടയില്‍ സദാചാരം കള്ളക്കടത്ത് നടത്തിയല്ലെന്ന് ആരോട് പറയാനാണ്? ആര് കേള്‍ക്കാനാണ് ! ചക്കയെ ചക്ക എന്നും മാങ്ങയെ മാങ്ങ എന്നും പറയാതെ പഠിപ്പിക്കുന്നതിന്റെ ദൂഷ്യഫലമാണ് കൃത്യമായ ലൈംഗികവിദ്യാഭ്യാസമില്ലാത്ത തലമുറയില്‍ ചെന്ന് കലാശിക്കുന്നത്, അവര്‍ ഇത്രയേറെ പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നതും ഈ വിഷയത്തെക്കുറിച്ച് പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പാക്കാഞ്ഞിട്ടാണ്.

ഇജ്ജാതി ഹിപ്പോക്രിസി കണ്ട് തല പെരുത്തിരിക്കുമ്പോഴാണ് നടി ഷക്കീലയുടെ ഇന്റര്‍വ്യൂ കണ്ടത്. അവര്‍ ചെയ്തിരുന്നത് ഒരു ജോലിയാണെന്നും അതിന് മുന്‍പുണ്ടായിരുന്ന തന്റെ കുടുംബത്തിന്റെ അവസ്ഥയുമെല്ലാം എത്ര ക്ലാരിറ്റിയോടെയാണ് ആ സ്ത്രീ വിശദീകരിക്കുന്നത് ! അതിനിടയില്‍ അവരെ വിചാരണ ചെയ്യാന്‍ വന്ന സദാചാരപ്രബോധകയെയും തന്റെ വരികളിലെ ആത്മാര്‍ത്ഥത കൊണ്ടവര്‍ തേച്ചൊട്ടിച്ച് കളഞ്ഞു.

എണ്ണമറ്റ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി ജീവിക്കുന്ന ഷക്കീലയേയും, മൂന്ന് കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുന്ന സണ്ണി ലിയോണിനെയും അവരുടെ പൂര്‍വ്വകാലം പേറുന്ന വിളിപ്പേരുകളില്‍ ബന്ധിച്ച് അവരുടെ ചിത്രങ്ങള്‍ നോക്കി പല നേരത്തെ നുരയുന്ന കൊതി തീര്‍ത്ത് പുറത്തിറങ്ങി ലെഗിംഗ്‌സിട്ട പെണ്ണിന്റെ കാല് നോക്കി നല്ലോണമൊന്ന് ആസ്വദിച്ച് 'ഓരോരുത്തിമാരുടെ ചേലും കോലവും കണ്ടാല്‍...' എന്ന് ഉരുവിട്ട് കൂടെയൊരു തെറിവാക്കും പറഞ്ഞ് വഷളന്‍ ചിരി ചിരിച്ച് വഴിയരികിലെ പരദൂഷണകേന്ദ്രത്തില്‍ കയറിയിരുന്ന് അവന്‍ മതപ്രസംഗങ്ങളിലേക്ക് ഊളിയിടും, സംവാദങ്ങളും അഭിപ്രായങ്ങളും സദാചാരബോധവും തിളച്ച് മറിയും... അതിനൊരു ന്യായീകരണവുമുണ്ട്  'ആണുങ്ങള്‍ അങ്ങനെ തന്നെയാണല്ലോ!''

രാവിരുട്ടുമ്പോ പിന്നേം വീട്ടില്‍ കേറും. ഏതെങ്കിലും ഒരു ഫേക്ക് ഐഡിയുടെ പാസ് വേഡിട്ട് കയറി പച്ച കത്തിയ പെണ്ണ് ഓണ്‍ലൈന്‍ ഉണ്ടോന്നറിയാന്‍ അവനൊരു 'hi' എറിയും... അവള്‍ ചീത്ത വിളിച്ച് ബ്ലോക്ക് ചെയ്താല്‍ അവളും പിഴച്ചവള്‍. പാതിരാക്ക് പെണ്ണുങ്ങളെന്തിനാ ഓണ്‍ലൈന്‍ ഇരിക്കുന്നേ !! !^#%^@^

അതല്ലെങ്കില്‍ വൈകുന്നേരത്തെ സഭയില്‍ അവളെ മൊത്തമായങ്ങ് വെര്‍ബല്‍ റേപ്പ് ചെയ്‌തെടുക്കും. പിറ്റേന്ന് പുലര്‍ച്ചേ അവളുടെ മുഖത്ത് നോക്കി തന്നെ മാന്യമായി ചിരിക്കും.

ഇരട്ടത്താപ്പ്. കണ്ണ് കൊണ്ട് ഉളുപ്പില്ലാതെ ചോരയൂറ്റുന്നവരുടേയും സദാചാരക്കുരുക്കളുടെയും ഇടയില്‍ ശ്വാസം വിടാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്ന പെണ്ണ്, കുഞ്ഞുങ്ങള്‍... 'ഒരു പുരുഷന്‍ എത്ര പെണ്ണുങ്ങളെ കൊണ്ട് നടന്നാലും അവന്റെ മിടുക്ക് എന്നേ ആളുകള്‍ പറയൂ. ഒരു പെണ്ണിന്റെ പേരിന്റെ കൂടെ ആരുടെയെങ്കിലും പേരുണ്ടെന്ന് ആരെങ്കിലും ഒന്ന് ഊഹിച്ചാല്‍ പോലുമുണ്ടല്ലോ, അവള്‍ കഴിഞ്ഞു.' ഇതൊരു സംസാരത്തിനിടയില്‍ ആധികാരികമായി പറഞ്ഞത് ജീവിതത്തില്‍ പലരേയും ചിരിച്ച് ചതിക്കുന്നതായി കണ്ട നല്ല അസ്സല്‍ ഫ്രോഡുകളില്‍ ഒരാളാണ്. റിയല്‍ ലൈഫില്‍ അഭിനയിക്കുന്നവരെ സൂക്ഷിക്കണമെന്ന് പഠിപ്പിച്ചത് അയാളാണ്. കള്ളിനും കാശിനും സ്വന്തം കാര്യത്തിനും വേണ്ടി ന്യായത്തെ ഒറ്റുന്ന നിലപാടില്ലാത്ത വിഷക്കായകള്‍. സൂക്ഷിക്കണം, ചതിച്ചു കളയും.

അപ്പോഴും അതിനെയും ന്യായീകരിക്കാന്‍ ആളുണ്ടാകും. ഇടുപ്പില്‍ മുളച്ചൊരവയവത്തിന്റെ മാത്രം പേരില്‍ പേറുന്ന പേക്കൂത്തുകള്‍. ഒരു ഹിപ്പോക്രാറ്റിന്റെ മാത്രം പ്രിവിലേജുകള്‍.

മാറ്റമുണ്ടാകണമെന്ന് തോന്നിയിട്ട് കാര്യമില്ല. കതിരിലല്ല വളം വെക്കേണ്ടത്. ഇനിയെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞാല്‍ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടുമായിരിക്കും.

(ഇങ്ങനെയല്ലാത്ത ഒരുപാട് നല്ല മനുഷ്യരെയറിയാം. 'Man' എന്നതിലപ്പുറം 'Human' ആയവര്‍. അവര്‍ ക്ഷമിക്കണം. നിങ്ങളുടെ നല്ല പേര് കൂടി കളയാന്‍ ഈ ടൈപ്പ് മാരണങ്ങളുണ്ടല്ലോ !)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com