ദോശ കൊട്ടാരം തീര്‍ത്ത ദോശ രാജാവ്, ദോശയ്ക്ക് പെരുമ നല്‍കിയ പുരുഷോത്തമ പൈ വിടപറഞ്ഞു

ദോശരുചികള്‍ 12ല്‍ നിന്ന് 180ലേക്കെത്തിച്ച് കൊച്ചി നഗരവാസികളെയെല്ലാം അദ്ദേഹം ഞെട്ടിച്ചു
ദോശ കൊട്ടാരം തീര്‍ത്ത ദോശ രാജാവ്, ദോശയ്ക്ക് പെരുമ നല്‍കിയ പുരുഷോത്തമ പൈ വിടപറഞ്ഞു

കൊച്ചി: ദോശയില്‍ ഇത്രയും വൈവിധ്യങ്ങളോ എന്ന് അമ്പരന്ന് നമ്മള്‍ ചോദിച്ചുപോയിട്ടില്ലേ? അങ്ങനെ, ദോശയില്‍ വേറിട്ട രുചികളുമായി പുതിയൊരു ഭക്ഷ്യ സംസ്‌കാരത്തിന് തുടക്കം കുറിച്ച പൈ ദോശയുടെ സ്ഥാപകന്‍ ചെറുകത്ത് പറമ്പില്‍ പി പുരുഷോത്തമ പൈ(76) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 
 
രുചികള്‍ സ്വന്തമായി കണ്ടെത്തി അവതരിപ്പിക്കുന്നതിനായിരുന്നു 40 വര്‍ഷത്തോളം നീണ്ട തന്റെ പാചക പരീക്ഷണങ്ങളില്‍ പുരുഷോത്തമ പൈയുടെ ശ്രമം. ദോശരുചികള്‍ 12ല്‍ നിന്ന് 180ലേക്കെത്തിച്ച് കൊച്ചി നഗരവാസികളെയെല്ലാം അദ്ദേഹം ഞെട്ടിച്ചു. 30 വര്‍ഷം മുന്‍പ് മദ്രാസ് കഫേയില്‍ ജോലി ചെയ്യവെ മനസില്‍ കടന്നു കൂടിയ ആഗ്രഹമായിരുന്നു 180 തരം ദോശകളിലേക്ക് വന്നെത്തിയത്. 

എറണാകുളം ജില്ലയിലെ പൈ ദോശയുടെ മൂന്ന് ഹോട്ടലുകളുടെ സഹ സ്ഥാപകനാണ് അദ്ദേഹം. ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രി ക്യാന്റീനില്‍ നിന്നായിരുന്നു തുടക്കം. ഇവിടെ നിന്നും മാറേണ്ടി വന്നതോടെ എംജി റോഡില്‍ പൈ ദോശ എന്ന പേരില്‍ കടയാരംഭിച്ചു. ആ ദോശ രുചി നഗരവാസികള്‍ ഏറ്റെടുത്തതോടെ പിന്നെ പുരുഷോത്തമ പൈയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

സഹോദരന്മാരായ ശിവാനന്ദ പൈ, നരസിംഹ പൈ, ആനന്ദ പൈ എന്നിവരോടൊപ്പമാണ് പുരുഷോത്തമ പൈ ദോശ രുചികളിലേക്ക് കടക്കുന്നത്. ദോശയ്ക്ക് ഓരോ രസക്കൂട്ട് ഒരുക്കുന്നതും, പേരിടുന്നതും ഇദ്ദേഹമായിരുന്നു. മറ്റുള്ളവര്‍ പരീക്ഷിക്കുന്ന രസക്കൂട്ടുകള്‍ പരീക്ഷിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വീട്ടിൽ സ്വയം പരീക്ഷിച്ച് വിജയിക്കുന്ന ദോശ റെസിപ്പി ഉടൻ കടയിലെത്തും. അരിയും ഉഴുന്നും അരച്ച് തന്നെയാണ് ദോശ തയാറാക്കുന്നത്. എന്നാൽ ദോശ ചുടുന്ന സമയത്ത് ചേർക്കുന്ന ചേരുവകൾ ഓരോന്നിനും വ്യത്യസ്‌തപ്പെട്ടിരിക്കും.

മക്കള്‍ വളര്‍ന്നതോടെ ഹോട്ടലുകളുടെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തുവെങ്കിലും പുതിയ രുചിക്കൂട്ടുകള്‍ പുരുഷോത്തമ പൈ അപ്പോഴും തയ്യാറാക്കി കൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com