വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ട് വേണ്ട; സര്‍ക്കുലറുമായി സമുദായങ്ങള്‍

വിവാഹത്തിന് മുന്‍പുള്ള ഇത്തരം സംഭവങ്ങള്‍ സമുദായത്തിനുളളിലെ സാമൂഹ്യബന്ധങ്ങളെ  മോശമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെന്ന് സമുദായങ്ങള്‍ 
സമൂഹമാധ്യമങ്ങളില്‍ വൈറലായ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്
സമൂഹമാധ്യമങ്ങളില്‍ വൈറലായ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്

വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഭോപ്പാലിലെ ജാതിപഞ്ചായത്തുകള്‍. ജെയ്ന്‍, ഗുജറാത്തി, സിന്ധി വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹത്തിന് മുന്‍പായുള്ള ഫോട്ടോ ഷൂട്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം പരിപാടികള്‍ക്ക് ദൈര്‍ഘ്യമുള്ള വീഡിയോയും ഫോട്ടോകളും എടുക്കാന്‍ പാടില്ലെന്നാണ് ജാതി പഞ്ചായത്തുകളുടെ നിര്‍ദ്ദേശം.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ സമുദായത്തില്‍ നിന്ന് ബഹിഷ്‌കരിക്കാനാണ് തീരുമാനം. ജെയ്ന്‍ സമുദായത്തില്‍പ്പെട്ടവരുടെ വിവാഹപ്പരിപാടികളില്‍ നിന്ന് പുരുഷ നൃത്തസംവിധായകരുടെ പങ്കാളിത്തത്തിനും വിലക്കുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സമുദാത്തെ അറിയിച്ചതായി ഭോപ്പാല്‍ ഗുജറാത്ത് കമ്യൂണിറ്റിയുടെ ദേശീയ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. പല വിവാഹജീവിതങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തകരാറിലായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സമുദായം നിര്‍ബന്ധിതമായത്. ഇത് അംഗീകരിക്കാത്തവരെ സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്നും പട്ടേല്‍ പറഞ്ഞു. 

സമാനമായ പ്രമേയം പാസാക്കിയതായി സിന്ധി സമുദായനേതാക്കളും വ്യക്തമാക്കി. വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ട്, വീഡിയോ തുടങ്ങിയവ നിരോധിക്കുന്നതായി സിന്ധി സമുദായവും പ്രമേയം പാസാക്കിയിട്ടുണ്ട്. ഇക്കാര്യം സമുദായംഗങ്ങളെ അറിയിച്ചതായും സിന്ധി സമുദായ നേതാവ് ഭഗവാന്‍ ദാസ് ഇസ്‌റാണി പറഞ്ഞു.  

വിവാഹത്തിന് മുന്‍പുള്ള ഇത്തരം സംഭവങ്ങള്‍ സമുദായത്തിനുളളിലെ സാമൂഹ്യബന്ധങ്ങളെ  മോശമായി ബാധിക്കുന്ന സാഹചര്യത്തില്‍ സിന്ധി, ഗുജറാത്തി സമുദായങ്ങള്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അംഗീകരിക്കുകയാണെന്ന് ജയന്‍ സമൂദായവും വ്യക്തമാക്കി. വിവാഹത്തിനുമുന്‍പുള്ള ഇത്തരം ആഘോഷങ്ങള്‍ സമുദായത്തിന് ചേര്‍ന്നതല്ലെന്ന് ജെയ്ന്‍ നേതാവ് പ്രമോദ് ഹിമാന്‍ ഷു ജെയ്ന്‍ പറഞ്ഞു. നമ്മുടെ ആത്മീയ ഗുരു തന്നെ പറഞ്ഞിട്ടുണ്ട് വിവാഹത്തിന് മുന്‍പുള്ള ഇത്തരം പരിപാടികള്‍ അശ്ലീലമാണെന്ന്. അതുകൊണ്ടാണ് സമുദായം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും ജെയ്ന്‍ പറയുന്നു.

2018ല്‍ സിന്ധി പഞ്ചായത്തിലെ ഉജ്ജെയ്ന്‍ വിഭാഗവും വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ടുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ സമുദായംഗങ്ങള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.  എന്നാല്‍ സിന്ധി, ഗുജറാത്തി, ജെയ്ന്‍ സമുദായത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ ആരും രംഗത്തെത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com