കൊടുങ്കാറ്റു വീശിയ ദിനങ്ങള്‍: സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനൊപ്പം സീനയുടെ ജീവിതം

'സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനോട് അന്നെനിക്കു തോന്നിയത് സഹതാപമായിരുന്നില്ല' 
കൊടുങ്കാറ്റു വീശിയ ദിനങ്ങള്‍: സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനൊപ്പം സീനയുടെ ജീവിതം

1992 ഡിസംബര്‍ ആറ്. എറണാകുളം മഹാരാജാസ് കോളേജില്‍ നൂറ്റാണ്ട് പഴക്കം ചെന്ന ലൈബ്രറിയുടെ മുന്നിലായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ മരത്തിന്റെ ചോട്ടില്‍ വീല്‍ചെയറില്‍ എത്തിയ ബ്രിട്ടോ തനിക്ക് നിരന്തരം കത്തുകളെഴുതിയിരുന്ന സീനാ ഭാസ്‌കറെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ അതൊരു വഴിത്തിരിവാകുമെന്ന് ഒരുപക്ഷേ, രണ്ടുപേരും കരുതിയിരിക്കാനിടയില്ല. എസ്.എഫ്.ഐയുടെ സംസ്ഥാനതലത്തിലുള്ള വിദ്യാര്‍ത്ഥി കണ്‍വന്‍ഷനായിരുന്നു ആ വേദി. കണ്‍വന്‍ഷന്‍ ഏതാണ്ട് മൂന്നുമണിയോടകം പിരിച്ചുവിട്ടു. അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നിലംപൊത്തുകയും ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ കറുത്ത നിഴല്‍ പരക്കുകയും ചെയ്ത വാര്‍ത്ത പുറത്തുവന്നതോടെയാണ് കണ്‍വന്‍ഷന്‍ അവസാനിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയവര്‍ അവരുടെ നാടുകളിലേക്കു മടങ്ങി. 

കേരളത്തിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ സൈമണ്‍ ബ്രിട്ടോ എല്ലാക്കാലത്തും ഒരു വികാരമാണ്. കുത്തേറ്റ് അരയ്ക്കു താഴേയ്ക്കു തളര്‍ന്നുപോയെങ്കിലും വാക്കുകള്‍കൊണ്ട് രാഷ്ട്രീയമുഖത്ത് തളരാതെ തികഞ്ഞ ഇച്ഛാശക്തിയോടെ നില്‍ക്കുന്ന ബ്രിട്ടോ എന്ന മുന്‍ എസ്.എഫ്.ഐ നേതാവ് സാധാരണക്കാരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഒരു വിസ്മയമായി മാറിയതില്‍ അത്ഭുതമില്ല. കുത്തേറ്റ് ശരീരം കിടക്കയെ ആശ്രയിക്കുന്ന കാലത്ത് സൈമണ്‍ ബ്രിട്ടോ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കുത്തേറ്റ് തളര്‍ന്നു വീഴുന്നതിനു മുന്‍പ് ബ്രിട്ടോ പുലര്‍ത്തിയിരുന്ന ഇച്ഛാശക്തിയും ആത്മധൈര്യവും കിടക്കയില്‍ കിടക്കുമ്പോഴും വീല്‍ചെയറില്‍ ഇരുന്ന് ജീവിതം നയിക്കുമ്പോഴും ചോര്‍ന്നുപോയില്ല. അതുകൊണ്ടാണ് എസ്.എഫ്.ഐ കുട്ടികള്‍ ഇപ്പോഴും സൈമണ്‍ ബ്രിട്ടോയുടെ അടുത്ത് എത്തുന്നത്. അങ്ങനെ എത്തിയവരില്‍ ഒരാളായിരുന്നു സീനാ ഭാസ്‌കര്‍. 

മാര്‍ക്‌സിസം, കമ്യൂണിസം, വിപ്ലവം, സോവിയറ്റ് യൂണിയന്‍, സൈമണ്‍ ബ്രിട്ടോയ്ക്ക് സീന അയച്ച കത്തുകളിലെ ചോദ്യങ്ങള്‍ ഇതിനെയൊക്കെ സംബന്ധിച്ചായിരുന്നു. എസ്.എഫ്.ഐ സംഘടനയിലെ ചില പ്രതിസന്ധികള്‍, അതിന്റെ അന്വേഷണങ്ങള്‍, സൈമണ്‍ ബ്രിട്ടോയുടെ മറുപടികള്‍ നിരാശയില്‍ അകപ്പെട്ടപ്പോഴൊക്കെ വെളിച്ചമായി സീനയ്ക്ക്. എന്നാല്‍, ബ്രിട്ടോയുടെ ജീവിതത്തിലേക്കു കടന്നുവരാന്‍ മാത്രം കത്തുകള്‍ എന്തു സന്ദേശങ്ങളാണ് സീനയ്ക്ക് നല്‍കിയത്? 'സംഘടനാപ്രവര്‍ത്തനം എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ ചിലപ്പോഴൊക്കെ നിരാശയില്‍ ഞാന്‍ പെട്ടുപോയിട്ടുണ്ട്. ഒരുപാട് സ്വപ്നങ്ങള്‍ കാണുകയും പക്ഷേ, യാഥാര്‍ത്ഥ്യം അതൊന്നുമല്ലായെന്നു ബോദ്ധ്യമാവുകയും ചെയ്തപ്പോഴാണ് ഞാന്‍ നിരാശയിലേക്കു വീണത്. അന്നെനിക്ക് ബ്രിട്ടോ സഖാവിന്റെ കത്തുകള്‍ ആ കത്തുകളുടെ വരികള്‍ക്കിടയില്‍ ഞാന്‍ കണ്ട ബ്രിട്ടോ സഖാവിന്റെ തന്നെ ആത്മവിശ്വാസം നിറഞ്ഞ, പ്രത്യാശ നിറഞ്ഞ ജീവിതവും  എന്നെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ഒരുമിച്ചാണെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ആഗ്രഹം എന്റെ ഭാഗത്തുനിന്നാണ് ആദ്യമുണ്ടായത്.'
സീനാ ഭാസ്‌കര്‍ പറഞ്ഞുതുടങ്ങുന്നു. കൊടുങ്കാറ്റു വീശിയ ആ ദിവസങ്ങളെപ്പറ്റി: 'സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനോട് അന്നെനിക്കു തോന്നിയത് സഹതാപമായിരുന്നില്ല, ബഹുമാനം. അതായിരുന്നു. ശരീരം തളര്‍ന്നുപോയെങ്കിലും ബ്രിട്ടോ സഖാവിന്റെ മനസ്സും തലച്ചോറും തളര്‍ന്നിട്ടില്ല. ബ്രിട്ടോയ്ക്ക് ഒരു കൂട്ട് ആവശ്യമുണ്ടെന്ന് എനിക്കു തോന്നി. മാനസികമായി ബ്രിട്ടോ സഖാവിന്റെ സാമീപ്യം ഞാനുമാഗ്രഹിച്ചു.' 1992ലെ മഹാരാജാസ് കാമ്പസിലെ പരസ്പരം കാണലിനുശേഷം പിന്നേയും നിരവധി തവണ സീന സൈമണ്‍ ബ്രിട്ടോയെ കാണാന്‍ എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫിസിക്കല്‍ ആന്റ് മെ!ഡിക്കല്‍ മീഹാബിലിറ്റേഷന്‍ സെന്ററില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍  ഊഴമിട്ട് സൈമണ്‍ ബ്രിട്ടോയ്ക്ക് കാവലിരുന്നപ്പോള്‍ സീനയും എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ബ്രിട്ടോയെ സഹായിക്കാന്‍ എത്തി. ആ വര്‍ഷം തന്നെ തിരുവനന്തപുരത്തു നടന്ന എസ്.എഫ്.ഐയുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെത്തിയ സൈമണ്‍ ബ്രിട്ടോയെ, താമസിച്ചിരുന്ന എം.എല്‍.എ ഹോസ്റ്റലില്‍ വന്നുകണ്ടാണ് സീന ഭാവിയെപ്പറ്റിയുള്ള തന്റെ തീരുമാനം ബ്രിട്ടോയോടു പറഞ്ഞത്. ഒരു ആത്മസമര്‍പ്പണത്തിന്റെ കഥ അവിടെ തുടങ്ങുന്നു. 
 


'തുടക്കത്തില്‍ത്തന്നെ ഒരുപാടുപേര്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ബ്രിട്ടോ അരയ്ക്കു താഴെ തളര്‍ന്നുപോയവനാണ്. അതുകൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ നീ ഇതിനൊരുമ്പെടരുത് എന്നാണ് ഉപദേഷ്ടാക്കളില്‍ ഭൂരിഭാഗവും എന്നോടു പറഞ്ഞത്. അവരില്‍ ഏറെയും എന്നേയും ബ്രിട്ടോയേയും അടുത്തറിയാവുന്നവര്‍ ആണെന്നതാണ് മറ്റൊരു തമാശ. അക്കാലത്ത് എസ്.എഫ്.ഐയുടെ പഠനക്ലാസ്സുകളില്‍ ഞാന്‍ സഖാവ് സുന്ദരയ്യയുടെ കഥ പഠിച്ചിട്ടുണ്ട്. തെലുങ്കാന സമരനായകന്‍ സുന്ദരയ്യ തന്റെ വിപ്ലവ പ്രവര്‍ത്തനത്തില്‍ കുടുംബം ഒരു ബാധ്യതയാകുമെന്നു കരുതി കുട്ടികള്‍ വേണ്ടായെന്നു ഭാര്യ ലീലാ സുന്ദരയ്യയോടൊപ്പം തീരുമാനമെടുത്ത കഥ. ഞാന്‍ അത്ര വലിയ ആളല്ല. എങ്കിലും എന്റെ മുന്നില്‍ ബ്രിട്ടോ എന്ന സഖാവിന്റെ ജീവിതവും പ്രസ്ഥാനവുമാണ് വലുത്. അതിന് എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്- സീന പറയുന്നു. 

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സീന എസ്.എഫ്.ഐ പ്രവര്‍ത്തകയായത്. ക്ലാസ്സ് ലീഡറായി എസ്.എഫ്.ഐയുടെ പാനലില്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്ന് അച്ഛന്റെ കയ്യില്‍നിന്നും പൊതിരെ തല്ലുകിട്ടി. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിലെ അറിയപ്പെടുന്ന നായര്‍ പ്രമാണി കുടുംബത്തില്‍ ജനിച്ച സീന അമ്മാവനായ പിരപ്പന്‍കോട് മുരളി (പ്രമുഖ നാടകപ്രവര്‍ത്തകനായ മുരളി സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണിപ്പോള്‍)യുടെ പ്രവര്‍ത്തനങ്ങളും അതുവഴി വീട്ടിലേക്കു പകര്‍ന്ന ഇടതുപക്ഷ  രാഷ്ട്രീയത്തിലൂടെയുമാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലേക്കു ആകര്‍ഷിക്കപ്പെട്ടത്. വലിയൊരു ഭൂസ്വത്തിനുടമയായ സീനയുടെ കുടുംബത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അനുഭവപ്പെട്ടപ്പോഴും മാടമ്പിത്തരത്തിന്റെ അവശിഷ്ടങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ദളിതരോടും പിന്നോക്ക സമുദായത്തോടും എന്നും അകന്നു പെരുമാറിയ ആ കുടുംബ സാഹചര്യത്തോട് സീനയുടെ കുട്ടിക്കാലം മനസ്സുകൊണ്ടു കലഹിച്ചു. അമ്മാവന്‍ മുരളിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം വീട്ടിലേക്കു ഒരു ദിവസം വന്നെത്തിയ സഖാക്കള്‍ക്കിടയില്‍ 'തൊട്ടുകൂടാത്ത'വരും ഉണ്ടായിരുന്നു എന്നറിഞ്ഞ വീട്ടിലെ മുത്തശ്ശി അവര്‍ക്ക് ഭക്ഷണം നല്‍കിയ പാത്രങ്ങള്‍ എറിഞ്ഞുടച്ചത് സീനയുടെ മനസ്സില്‍ ഒരു പോറലായി. പുരോഗമനം പറയുകയും അരിവാള്‍ ചുറ്റിക നക്ഷത്രമടയാളത്തിനു വോട്ടു നല്‍കുകയും ചെയ്യുമ്പോള്‍ത്തന്നെ പുരോഗമനപരമായ എല്ലാ മാറ്റങ്ങള്‍ക്കുനേരേയും ആ വീട് പുറംതിരിഞ്ഞുനിന്നു. സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത് അങ്ങേയറ്റം തെറ്റാണെന്ന സമീപനമായിരുന്നു സീനയുടെ കുടുംബത്തിലെ ആണ്‍ഭാവം. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനത്തിനുശേഷം വിമന്‍സ് കോളേജില്‍ പഠിക്കാനെത്തിയ സീന മികച്ച വിദ്യാര്‍ത്ഥിനി സംഘാടകയായി. കോളേജ് യൂണിയന്റെ ചെയര്‍പേഴ്‌സണായി. സീനയ്ക്കു മുന്‍പ് എന്‍. സുകന്യ എന്ന വിദ്യാര്‍ത്ഥിനി നേതാവ് തിരികൊളുത്തിയ വിമന്‍സിലെ എസ്.എഫ്.ഐയെ സംഘടനയാക്കിയതും ആ സംഘടനയെ മുഖ്യധാരാ പ്രവര്‍ത്തനത്തിലെ പ്രവാഹമാക്കി മാറ്റിയതും സീനയുടെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ വിദ്യാര്‍ത്ഥിനികളാണ്. 

വിളനിലം (കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്നു വിളനിലം) സമരത്തിന്റെ പേരില്‍ കേരളം വിദ്യാര്‍ത്ഥി രോഷത്തില്‍ തിളച്ച ആ നാളുകളില്‍ തലസ്ഥാന നഗരിയില്‍ ഏതാണ്ട് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുമായി വിമന്‍സ് കോളേജില്‍നിന്നു പ്രകടനം നയിച്ച സീന സംഘടനാരംഗത്തും കലാലയ യൂണിയന്‍ രംഗത്തും പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. ഇതോടൊപ്പം വീട്ടിലെ എതിര്‍പ്പിന്റെ രൂക്ഷതയും കൂടിക്കൂടി വന്നു. ഇതിനിടയിലാണ് സൈമണ്‍ ബ്രിട്ടോയെ പരിചയപ്പെടുന്നതും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതും. 


'സ്ത്രീയുടേതായ എല്ലാ വികാരങ്ങളും വിചാരങ്ങളുമുള്ള ഒരാളാണു ഞാന്‍. കൗമാരത്തില്‍ ഒരുപാടു സ്വപ്നങ്ങളും കണ്ടിരുന്നു. പക്ഷേ, ജീവിതത്തെപ്പറ്റിയും നമ്മുടെ സമൂഹത്തെപ്പറ്റിയും ഒരുപാട് അറിഞ്ഞപ്പോള്‍ പലതും പലതും ചെയ്യാനുണ്ടെന്നു തോന്നി. സഖാവ് ബ്രിട്ടോയ്ക്ക് തന്റെ വ്യക്തിപരമായ കാരണത്താലല്ല കുത്തേറ്റത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു. അദ്ദേഹമുയര്‍ത്തുന്ന രാഷ്ട്രീയമൂല്യങ്ങളോടും അതിന്റെ വിശാലമായ കാഴ്ചപ്പാടുകളോടുമാണ് എന്റെ പ്രതിപത്തി. എന്റെ വിദ്യാര്‍ത്ഥി കാലത്ത് ഞങ്ങളുടെ റോള്‍മോഡലുകളായിരുന്ന, ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ആദ്യം എന്നെ നിരുത്സാഹപ്പെടുത്തി മുന്നോട്ടുവന്നത്. വീട്ടില്‍ ആദ്യം അറിയുമായിരുന്നില്ല. അറിഞ്ഞുകഴിഞ്ഞപ്പോള്‍ എതിര്‍പ്പ് രൂക്ഷമായി. ഞാന്‍ വീടിനു പുറത്തായി. 

തിരുവനന്തപുരത്തെ കിള്ളിപ്പാലം രജിസ്ട്രാഫീസില്‍ ചുരുക്കം ചില വിദ്യാര്‍ത്ഥി സഖാക്കള്‍ സാക്ഷിനിന്നാണ് ബ്രിട്ടോ സീനയെ വിവാഹം ചെയ്തത്. ബ്രിട്ടോയുടെ വിവാഹവാര്‍ത്ത അദ്ദേഹത്തിന്റെ വീട്ടില്‍ അറിഞ്ഞത് സമ്മിശ്രവികാരത്തോടെയായിരുന്നു. കൊച്ചിയിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ സംസ്‌കാരത്തിലേക്ക് അങ്ങ് തെക്കുനിന്നൊരു നായര്‍ പെണ്‍കുട്ടിയാണ് വരിക. വടുതലയിലെ വീട്ടില്‍ ഒരാള്‍ ഹൃദയം തുറന്നു സന്തോഷിച്ചു. സൈമണ്‍ ബ്രിട്ടോയുടെ അമ്മ ഐറിന്‍ നിക്കോളാസ് റോഡ്രിഗ്‌സ്. അപ്പന്‍ നിക്കോളസ് റോഡ്രിഗ്‌സ് മറുത്തൊന്നും പറഞ്ഞില്ല. അമ്മയ്ക്ക് സന്തോഷിക്കാന്‍ കാരണമുണ്ട്. ഇരുപത് വര്‍ഷമായി മകനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പരിചരിച്ച് ആ അമ്മ തളര്‍ന്നിരുന്നു. സെന്റ് ആന്റണീസ് പള്ളിയിലെ കന്യാസ്ത്രീകള്‍ 'ആ പെണ്‍കുട്ടി ഏതു മതമായാലെന്താ അവള്‍ മദര്‍തെരേസയാണ് എന്നുകൂടി പറഞ്ഞപ്പോള്‍ സന്തോഷമധികമായി. കൊച്ചിയിലെ വീട്ടില്‍ ചെറിയൊരു ടീപാര്‍ട്ടി. കമ്യൂണിസ്റ്റ് നേതാക്കളായ വി. വിശ്വനാഥ മേനോനും ടി.കെ. രാമകൃഷ്ണനും എം.എം. ലോറന്‍സും പി. ഗോവിന്ദപ്പിള്ളയും ആ വീട്ടില്‍ എത്തി ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു. 

പക്ഷേ, അടുത്തുനിന്നവര്‍ പലരും അപ്പോഴേയ്ക്കും അകന്നുതുടങ്ങിക്കഴിഞ്ഞു. വിദ്യാര്‍ത്ഥി സംഘടനയ്ക്കുള്ളിലാണ് അതിന്റെ പൊട്ടിത്തെറി ആദ്യമായി ഉയര്‍ന്നത്. പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയില്‍. വിവാഹത്തിനുശേഷം വീണ്ടും തിരുവനന്തപുരത്തേക്ക്. എം.എല്‍.എ ഹോസ്റ്റലിലെ താവളം ഇത്തവണ ബ്രിട്ടോയെ തുണച്ചില്ല. രാത്രി മുഴുവന്‍ താമസിക്കാന്‍ വഴി കാണാതെ ഒരു ടൂറിസ്റ്റുകാറില്‍ നഗരത്തില്‍ അവര്‍ക്ക് അലഞ്ഞുതിരിയേണ്ടിവന്നു. അവര്‍ക്ക് തുണയാകേണ്ട പലരും അകന്നുപോയതാണ് കാരണം. ഒടുവില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ ചെങ്കല്‍ച്ചൂളയിലുള്ള ഒറ്റമുറി കംപ്യൂട്ടര്‍ സെന്ററിന്റെ വരാന്തയില്‍ കഴിച്ചുകൂട്ടി. ഒരുദിവസമല്ല പല ദിവസങ്ങള്‍. ബ്രിട്ടോയോടൊപ്പമുള്ള കഷ്ടപ്പാടിന്റെ തുടക്കം സീന ആദ്യമായി അനുഭവിച്ചറിഞ്ഞു. വരാനിരിക്കുന്ന കഷ്ടപ്പാടുകളുടെ ചെറിയൊരു തുടക്കം എന്നൊരു താക്കീത് ബ്രിട്ടോ സീനയ്ക്ക് നല്‍കി. ഒറ്റപ്പെടലിന്റെ വൃഥ എന്താണെന്നും സീന അന്നറിഞ്ഞു. മൈലുകള്‍ക്കപ്പുറം അച്ഛനും അമ്മയും മകളുടെ സാമീപ്യം ഇഷ്ടപ്പെടാതെ അവളെ പഴിച്ചും ശകാരിച്ചുമിരിക്കുക. മറുവശത്ത് അടുത്ത സുഹൃത്തുക്കള്‍. സഖാക്കള്‍ എന്നൊക്കെ കരുതിയിരുന്നവര്‍ മുഖം തിരിച്ചുനില്‍ക്കുക. ഇത്തരമൊരു സാഹചര്യത്തില്‍ സൈമണ്‍ ബ്രിട്ടോ പ്രകടിപ്പിച്ച ഇച്ഛാശക്തി സീനയ്ക്ക് കൂടുതല്‍ മനക്കരുത്ത് നല്‍കി. 

നിക്കോളസ് റോഡ്രിഗ്‌സിന്റെ എം.എല്‍.എ എന്ന നിലയില്‍ ലഭിച്ച തുച്ഛമായ പെന്‍ഷനെയും ആശ്രയിച്ചു ജീവിതം മുന്നോട്ടു നീങ്ങേണ്ടിവരുന്ന അവസ്ഥയില്‍ ബ്രിട്ടോയുടെ ചികിത്സയും മരുന്നും എല്ലാം അവതാളത്തിലായി. ദാരിദ്ര്യത്തിന്റെ വില എന്തെന്നറിഞ്ഞ ദിവസങ്ങള്‍. വടുതലയിലെ ഒരു ട്യൂഷന്‍ സെന്ററില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി സീന. ഒരു ക്ലാസ്സിന് അന്‍പതു രൂപ ശമ്പളം. ആ തുക ചെറിയൊരാശ്വസമായി. കുറെക്കൂടി മെച്ചപ്പെട്ട ജോലി അക്കാലത്ത് ആവശ്യമായി തോന്നിയ നാളുകളായിരുന്നു. പാര്‍ട്ടി പത്രത്തില്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടത് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സുശീലാ ഗോപാലനാണ്. പക്ഷേ, ദേശാഭിമാനിയില്‍ ജോലി ലഭിക്കാന്‍ പിന്നേയും നാലഞ്ചുവര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ സൈമണ്‍ ബ്രിട്ടോ എല്‍.ഐ.സി ഏജന്റായി. പഴയ സൗഹൃദങ്ങളും പുതിയ സൗഹൃദങ്ങളും അതിനുപയോഗിച്ചു. അവശതകള്‍ക്കിടയിലും കേരളം മുഴുവന്‍ ബ്രിട്ടോ തന്റെ പരിചയക്കാരെ അന്വേഷിച്ചു യാത്ര ചെയ്തു. സീന വിദ്യാഭ്യാസം തുടരണമെന്നാവശ്യപ്പെട്ടത് ബ്രിട്ടോയാണ്. അങ്ങനെയാണ് സീന കൊച്ചി സര്‍വ്വകലാശാലയില്‍ എല്‍.എല്‍.ബി പഠനത്തിനു ചേര്‍ന്നത്. 

പലയിടത്തുനിന്നും നേരിടേണ്ടിവന്ന ഒറ്റപ്പെടുത്തലുകള്‍ സീനയെ ചില ഘട്ടങ്ങളിലെങ്കിലും മാനസികമായി തളര്‍ത്തി. ഈ ഘട്ടത്തില്‍ ബ്രിട്ടോ ഒരു നിര്‍ദ്ദേശം വച്ചു. സീന യാത്ര ചെയ്യുക. കുറേക്കൂടി സജീവമാകുക. അങ്ങനെയാണ് പാര്‍ട്ടിയില്‍നിന്ന് അനുവാദം വാങ്ങി സീന 'ഇന്‍സാഫ്' എന്ന എന്‍.ജി.ഒയില്‍ പ്രവര്‍ത്തിച്ചത്. കുറെ നാളുകള്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി യാത്രകള്‍ നടത്തുകയും സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ അടുത്തറിയുകയും ചെയ്തു. അധികം വൈകാതെ തന്നെ അത് അവസാനിപ്പിച്ചു. ആ എന്‍.ജി.ഒ പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കപ്പുറം മറ്റ് എന്തൊക്കെയോ ആണെന്ന തിരിച്ചറിവിലാണ് താനത് അവസാനിപ്പിച്ചതെന്നു സീന പറയുന്നു. 
വീണ്ടും പഠനത്തില്‍ സജീവമായി. ഇതിനിടയിലാണ് കൊച്ചി സര്‍വ്വകലാശാലയിലെ വിവാദമായ സംഭവ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. പഠനത്തിന്റെ സൗകര്യത്തിനും സുഹൃത്തുക്കളും സഖാക്കളും സഹായിച്ച് പണിതുകൊണ്ടിരുന്ന വീടിന്റെ പണി തീരാത്തതിനാലും സീന കൊച്ചി സര്‍വ്വകലാശാലയുടെ വനിതാ ഹോസ്റ്റലില്‍ താമസമാരംഭിച്ചത്. ആ ഹോസ്റ്റലിലെ വാര്‍ഡനില്‍നിന്നുമുണ്ടായ പെരുമാറ്റം സീനയില്‍ അപമാനം സൃഷ്ടിച്ചപ്പോള്‍ അതൊരു വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു കാരണമായി. 'അന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സര്‍വ്വകലാശാലയെ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന ഒരു റാക്കറ്റിന്റെ ചിത്രവും അതില്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ചിലര്‍ക്ക്  ഞങ്ങള്‍ ആര്‍ക്കെതിരെയാണോ സമരം നടത്തിയത് അവരുള്‍പ്പെടെയുള്ളവരുടെ  ബന്ധമുള്ളതായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഇതിനിടെ അന്നത്തെ വൈസ് ചാന്‍സലറുടെ ചില അസ്വാഭാവിക നടപടികളും പുറത്തുവന്നു' സീന പറയുന്നു. ആദ്യമൊക്കെ പ്രഖ്യാപിത വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രശ്‌നത്തില്‍നിന്നു വിട്ടുനിന്നു. പക്ഷേ, സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി സമൂഹം ഒറ്റക്കെട്ടായി വലിയൊരു പ്രക്ഷോഭം തന്നെയാണ് അഴിച്ചുവിട്ടത്. കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളും പങ്കെടുത്ത ആ പ്രക്ഷോഭങ്ങള്‍ സുപ്രധാന ഘട്ടത്തില്‍ പ്രബല വിദ്യാര്‍ത്ഥി സംഘടനകള്‍ വിദഗ്ദ്ധമായി ഹൈജാക്കു ചെയ്യുകയാണുണ്ടായത്. സമരം തണുത്തു. സര്‍വ്വകലാശാലാ തലത്തില്‍ നടന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയര്‍ കുറ്റക്കാരാണ് എന്ന വാദമുണ്ടായെങ്കിലും അവര്‍ രക്ഷപ്പെട്ടു. രക്ഷിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ജീവനക്കാരുടെ സംഘടനകളും സര്‍വ്വകലാശാല ഉന്നതാധികാര സമിതിയും ഇടതു പുരോഗമന സംഘടനകളും എല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതികളെ രക്ഷപ്പെടുത്തി. അവര്‍ ഇന്നും സര്‍വ്വകലാശാലയില്‍ സസുഖം വാഴുന്നു. സീനയ്‌ക്കൊപ്പം പ്രക്ഷോഭത്തില്‍ അണിനിരന്ന 'വിപ്ലവകാരികള്‍' എല്ലാം പിന്‍വാങ്ങി. എല്ലാ പഴിയും സീനയ്ക്കു നേരെ. അവിടേയും ഒറ്റപ്പെടലിന്റെ വല്ലാത്തൊരു ഗര്‍ത്തത്തിലായി സീന. സൈമണ്‍ ബ്രിട്ടോയുടെ സമയോചിത ഇടപെടല്‍ അവിടെയുമുണ്ടായി. 

തിരിച്ചടികള്‍ സ്വാഭാവികമാണെന്നും അതിനെ അതിജീവിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് ബ്രിട്ടോ സീനയ്ക്ക് ധൈര്യം നല്‍കി. മറ്റേതെങ്കിലും മേഖലയില്‍ സജീവമാവുക. അങ്ങനെയാണ് നാടകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടത്. കൊച്ചിയിലെ ജോണ്‍ ടി. വേക്കന്റെ നാടകവേദിയില്‍ 'കാഞ്ചനസീത' എന്ന നാടകത്തില്‍ ഊര്‍മ്മിള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. നിരവധി വേദികളില്‍ അത് അവതരിപ്പിച്ചു. 
 
'വിവാഹത്തിനു മുന്‍പ് തിരുവനന്തപുരത്തായിരുന്നപ്പോള്‍ സീനാ ഭാസ്‌കര്‍ പ്രതാപശാലിയായ ഭാസ്‌കരന്‍ നായരുടെ മകളും പിരപ്പന്‍കോട് മുരളി എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ അനന്തരവളുമായിരുന്നു. അതുകൊണ്ടാകാം ഒരപശബ്ദം പോലും എനിക്കുനേരെ ഉയര്‍ന്നില്ല. ഇപ്പോള്‍ ഞാന്‍ ശരീരം അരയ്ക്കു താഴേയ്ക്കു തളര്‍ന്നുപോയ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയാണ്. പലരും എന്റെയടുത്ത് രക്ഷകരായി ചമഞ്ഞ് എത്തും. പിന്നീടുവരുന്ന ആവശ്യം അവരുടെ ഇംഗിതത്തിന് വഴങ്ങണമെന്നായിരിക്കും. അത് നടക്കില്ലെന്നറിഞ്ഞു കഴിയുമ്പോള്‍ എനിക്കെതിരെ അപവാദങ്ങളുമായി രംഗത്തെത്തും. ഇന്ന് ഞാന്‍ അനുഭവിക്കുന്നത് അതാണ്' സീന തുടരുന്നു. 'കൊച്ചി സര്‍വ്വകലാശാലയില്‍ ആരോപിത വിധേയയായ ഉദ്യോഗസ്ഥ അന്ന് എന്നോടു പറഞ്ഞത് ബ്രിട്ടോയുടെ അവസ്ഥ എനിക്കറിയാം. സഹകരിച്ചാല്‍ സീനയ്ക്ക് ആ വിഷമം മാറ്റാന്‍ കഴിയും എന്നാണ്. സ്ത്രീ എന്നാല്‍ വെറുമൊരു ശരീരം മാത്രമാണെന്ന് കരുതുന്നവരാണ് നമ്മുടെ സമൂഹം. എന്നോടു അപമര്യാദയായി പെരുമാറിയവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരുപാടു പേരുണ്ട്. അവരുടെയൊക്കെ പേരുകള്‍ പറഞ്ഞാല്‍ വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകും. എന്നെപ്പറ്റി അപവാദങ്ങള്‍ അഴിച്ചുവിടുന്ന ഒരു കൂട്ടര്‍ വേറേയും. പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണിതൊക്കെ. പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതുകൊണ്ട് മാത്രം ജീവിക്കുന്നു.'

ക്യാപ്റ്റന്‍ ലക്ഷ്മിയെ ആരാധിക്കുന്ന സീന കമ്യൂണിസ്റ്റുകളായ ഒരുകൂട്ടം സ്ത്രീനേതാക്കളുടെ ജീവിതത്തെ പഠിച്ചിട്ടുണ്ട്. വിമലാ രണദിവെ, അഹല്യ രങ്കനേക്കര്‍, പാപ്പാ ഉമാനാഥ് തുടങ്ങിയ ഒരു വലിയ നിരയെ. അവരുടെയൊക്കെ ജീവിതം നേരിട്ട സമാന അനുഭവങ്ങള്‍ വായിച്ചറിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ അവര്‍ പുലര്‍ത്തിയ ധൈര്യം അനുഭവിച്ചറിഞ്ഞു. വ്യക്തിപരമായി സുശീലാഗോപാലന്‍ സീനയെ ഏറെ സഹായിച്ചിട്ടുണ്ട്. പലപ്പോഴും പിടിച്ചുനില്‍ക്കാന്‍ കരുത്തുനല്‍കിയിരുന്നു സുശീലാ ഗോപാലന്‍. സീന ബ്രിട്ടോയുടെ ജീവിതത്തിലേക്ക് വരുന്നതിനു മുന്‍പായിരുന്നു ബ്രിട്ടോയുടെ ആദ്യത്തെ നോവല്‍ 'അഗ്രഗാമി' രചിച്ചു കഴിഞ്ഞത്. രണ്ടാമത്തെ നോവല്‍ ബോംബെ നഗരത്തെ തൊട്ടറിഞ്ഞ നോവല്‍ അതിനുവേണ്ടി ബ്രിട്ടോയ്‌ക്കൊപ്പം ബോംബെയില്‍ അങ്ങോളമിങ്ങോളം സീനയും സഞ്ചരിച്ചു. നഗരജീവിതത്തിന്റെ ചവര്‍പ്പുകള്‍ കണ്ടറിഞ്ഞു. ബോംബെയില്‍ നിന്നെത്തിയ ശേഷവും നോവലിന്റെ രചനയില്‍ സീന വലിയൊരു കൈത്താങ്ങായി. 

(2006ല്‍ മലയാളം വാരിക പ്രസിദ്ധീകരിച്ചത്, ചെറിയ മാറ്റങ്ങളോടെ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com