മൂന്ന് മാസത്തോളം മരുഭൂമിയില്‍ 'ഒട്ടകജീവിതം': ഭക്ഷണം പോലുമില്ലാതെയുള്ള നരകദിനങ്ങള്‍ പിന്നിട്ട് ഇസ്ഹാഖ് നാട്ടിലെത്തി

ഒക്ടോബര്‍ 5ന് നാട്ടില്‍നിന്നു പുറപ്പെട്ട ഇസ്ഹാഖിന് പക്ഷേ, ഏജന്റ് പറഞ്ഞ പണിയല്ല കിട്ടിയത്.
മൂന്ന് മാസത്തോളം മരുഭൂമിയില്‍ 'ഒട്ടകജീവിതം': ഭക്ഷണം പോലുമില്ലാതെയുള്ള നരകദിനങ്ങള്‍ പിന്നിട്ട് ഇസ്ഹാഖ് നാട്ടിലെത്തി

75000 രൂപ വീസയ്ക്ക് നല്‍കിയാണ് ഇസ്ഹാഖ് എന്ന യുവാവ് റിയാദില്‍ ജോലിക്കെത്തിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് ബെന്യാമിന്റെ ആട്ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ജോലിയും. ഏജന്റിന്റെ ചതിയിലകപ്പെട്ട് മൂന്ന് മാസത്തോളം റിയാദിലെ സലഹില്‍ നരകയാതന അനുഭവിച്ച മുഹമ്മദ് ഇസ്ഹാഖ് ആനക്കയം ഈരാമുടുക്കിലെ വാടക വീട്ടില്‍ തിരിച്ചെത്തി തന്റെ മോശം ദിനങ്ങളെ ഓര്‍ക്കുകയാണ്. 

റിയാദില്‍ റെസ്റ്റ് ഹൗസ് ജോലിക്കായിരുന്നു ഇസഹാഖിന്റെ വീസ. സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പണം കണ്ടെത്തലായിരുന്നു ലക്ഷ്യം. ഒക്ടോബര്‍ 5ന് നാട്ടില്‍നിന്നു പുറപ്പെട്ട ഇസ്ഹാഖിന് പക്ഷേ, ഏജന്റ് പറഞ്ഞ പണിയല്ല കിട്ടിയത്. സലഹില്‍നിന്ന് 537 കിലോമീറ്റര്‍ അകലെ ഒട്ടകങ്ങളെ നോക്കലായിരുന്നു ജോലി. 

നല്ല ഭക്ഷണവും വെള്ളവുമില്ല. രാത്രി കിടത്തവും മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്കൊപ്പം. ശമ്പളം ചോദിക്കുമ്പോള്‍ മര്‍ദനം. ഏതാനും ദിവസം മുന്‍പ് ഒട്ടകപ്പന്തയത്തിന് അറബി ഇസ്ഹാഖിനെ കൂടെക്കൂട്ടി. പന്തയ സ്ഥലത്ത് എല്ലാവരും ഉറങ്ങിയപ്പോള്‍ രണ്ടുംകല്‍പിച്ച് ഇറങ്ങിയോടുകയായിരുന്നു ഇദ്ദേഹം. 

തുടര്‍ന്ന് അബുദാബിയിലെ സഹൃദയരായ ഏതാനും ആളുകളാണ് ഇസേഹാഖിന് നാട്ടിലെത്താനുള്ള സാഹചര്യമുണ്ടാക്കിയത്. കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയില്‍ എത്തി. രേഖകള്‍ ശരിപ്പെടുത്തുന്നതുവരെ 6 ദിവസം ജയിലില്‍ കിടന്നു. രേഖകള്‍ ശരിയായപ്പോള്‍ നാട്ടിലെത്തി. 

കനത്ത ചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയില്‍ കഴിയേണ്ടിവന്ന നശിച്ച ദിവസങ്ങളെക്കുറിച്ച്  വിശദീകരിക്കുമ്പോള്‍ ഇസ്ഹാഖ് പലപ്പോഴും വിങ്ങിപ്പൊട്ടുകയാണ്. വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും അള്‍സര്‍ രോഗിയായ ഇസ്ഹാഖിനെ കഴിക്കാന്‍ പറ്റുമായിരുന്നില്ല. വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

നാട്ടില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഷാഫിയാണ് എറണാകുളത്തെ ഏജന്റിനെ പരിചയപ്പെടുത്തിയത്. അറബി വീട്ടിലെ മജ്‌ലിസില്‍ (സ്വീകരണമുറി) ചായയും കാപ്പിയും ഉണ്ടാക്കുന്ന ജോലിയായിരുന്നു വാഗ്ദാനമെങ്കിലും ഒട്ടകത്തെ മേയ്ക്കാനാണ് പറഞ്ഞയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com