ടെന്‍ ഇയര്‍ ചലഞ്ച് കുരുക്കോ?; അല്ലെന്നും ആണെന്നും വാദം മുറുകുന്നു; ചലഞ്ചില്‍ റോള്‍ ഒന്നുമില്ലെന്ന് ഫെയ്‌സ്ബുക്ക് 

പുതിയ ചലഞ്ചില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് രംഗത്തുവന്നിട്ടുണ്ട്
ടെന്‍ ഇയര്‍ ചലഞ്ച് കുരുക്കോ?; അല്ലെന്നും ആണെന്നും വാദം മുറുകുന്നു; ചലഞ്ചില്‍ റോള്‍ ഒന്നുമില്ലെന്ന് ഫെയ്‌സ്ബുക്ക് 

ടെക്‌നോളജിയില്‍ ഓരോ ദിവസവും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുകയാണ്. പുതുമകളെ ആവശേത്തോടെയാണ് പുതുതലമുറ സ്വീകരിക്കുന്നത്. ഇത്തരം പുതുമകള്‍ പ്രമുഖ സോഷ്യല്‍മീഡിയയായ ഫെയ്‌സുബുക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നത് ഉറപ്പാണ്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത ഒന്നായി മാറുകയാണ് ടെന്‍ ഇയര്‍ ചലഞ്ച്. അതേസമയം പുതിയ ചലഞ്ചില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് രംഗത്തുവന്നിട്ടുണ്ട്.

പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യാന്‍ ഉദേശിച്ചുളളതാണ് ടെന്‍ ഇയര്‍ ചലഞ്ച്. ഇതിനെ ആവേശത്തോടെയാണ് നാനാതുറകളില്‍പ്പെട്ടവര്‍ ഏറ്റെടുത്തത്. കേട്ടപാതി എല്ലാവരും പത്തു വര്‍ഷം പിന്നിലേക്ക് ചികഞ്ഞു. കഷ്ടപ്പെട്ട് ഒരെണ്ണം സംഘടിപ്പിച്ച് പോസ്റ്റ് ചെയ്യാനും തുടങ്ങി. എന്നാല്‍ ഇതിനെചൊല്ലി വാദപ്രതിവാദങ്ങളും ഉയരുന്നുണ്ട്. 

ചലഞ്ചിന് പിന്നില്‍ കെണിയുണ്ട് എന്നാണ് ചിലര്‍ ആരോപിക്കുന്നത്.  ഒന്നും കാണാതെ ഫെയ്‌സ്ബുക്ക് ഇത്തരത്തിലൊരു ചലഞ്ച് കൊണ്ടുവരില്ലെന്ന് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്കിന്റെ ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വ്യക്തികളുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഫെയ്‌സ്ബുക്കിന്റെ കൈവശമുണ്ട്.വിവിധകാലങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതാണ് ഈ ചിത്രങ്ങള്‍. ആ സ്ഥിതിക്ക് ഫെയ്‌സ്ബുക്കിന് ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ശക്തിപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് മറുവാദം. 

ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നും ആളുകളെ തിരിച്ചറിയുന്ന ടെക്‌നോളജിയാണ് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം . ആളുകളുടെ പ്രായവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളെ പരിശീലിപ്പിക്കാന്‍ ഇങ്ങനെ നേടുന്ന ഡാറ്റയ്ക്കു സാധിക്കും. ഉപഭോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഫെയ്‌സ് റെക്കഗ്‌നിഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും. എന്തായാലും ചലഞ്ചില്‍ ആളുകള്‍ വീണു കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല. കോടിക്കണക്കിന് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭിച്ചെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രവും ഫോട്ടോ എടുത്ത സമയവും കൃത്യമാവണമെന്നില്ലെന്നും ഇത് കണ്ടുപിടിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ വാദിക്കുന്നു. അങ്ങനെവരുമ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ശക്തിപ്പെടുത്താനാണ് പുതിയ ചലഞ്ച് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇവര്‍ വാദിക്കുന്നു. അതേസമയം പുതിയ ചലഞ്ചില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് രംഗത്തുവന്നിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളില്‍ ആരോ സൃഷ്ടിച്ചതാണ് ഈ ചലഞ്ച് എന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ചലഞ്ചിനായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ഫെയ്‌സ്ബുക്കില്‍ മുന്‍പെ ഉണ്ടായിരുന്നവയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com