ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ 84കാരിയുടെ നിയമ പോരാട്ടം; രക്ഷകരായി ഹൈക്കോടതിയും

കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 84കാരിയായ വൃദ്ധക്ക് താന്‍ ജീവിച്ചിരിക്കുന്നതായി തെളിയിക്കാന്‍ കോടതി കയറേണ്ട ഗതികേട്
ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ 84കാരിയുടെ നിയമ പോരാട്ടം; രക്ഷകരായി ഹൈക്കോടതിയും

ചെന്നൈ: കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 84കാരിയായ വൃദ്ധക്ക് താന്‍ ജീവിച്ചിരിക്കുന്നതായി തെളിയിക്കാന്‍ കോടതി കയറേണ്ട ഗതികേട്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള തൊട്ടിയമ്മാള്‍ എന്ന 84കാരിയാണ് ജീവിച്ചിരിക്കെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ പോരാടിയത്. തൊട്ടിയമ്മാളിന്റെ മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ കെകെ ശശിധരന്‍, പിഡി ആദികേശവുലു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച്് മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയ കേസെടുത്താണ് വൃദ്ധക്ക് നീതി നല്‍കിയത്. 

2016 സെപ്റ്റംബര്‍ 27ന് തൊട്ടിയമ്മാള്‍ മരിച്ചതായി രേഖപ്പെടുത്തി നല്‍കിയ ഡത്ത് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഷയത്തില്‍ അന്വേഷണം നടത്താനും ഉത്തരവിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൊട്ടിയമ്മാളിന്റെ മകന്റെ ഭാര്യയേയും ചെറുമകനെയും ഡിവിഷന്‍ ബഞ്ച് കേസില്‍ കക്ഷി ചേര്‍ത്തു.  

തൊട്ടിയമ്മാള്‍ മരിച്ചതായി വരുത്തിതീര്‍ത്ത് അവരുടെ പേരിലുണ്ടായിരുന്ന സ്ഥലം ചെറുമകന്‍ പ്രവീണ്‍ കുമാറിന് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കോടതിയില്‍ ചീഫ് ഓഫീസര്‍ (ശരിസ്തദര്‍) ആയി ജോലി ചെയ്യുന്ന മകനൊപ്പമാണ് തൊട്ടിയമ്മാള്‍ താമസിക്കുന്നത്. 12 സെന്റ് സ്ഥലത്താണ് ഇവരുടെ വീടുള്ളത്. ഈ മകനെ കൂടാതെ മൂന്ന് പെണ്‍കുട്ടികളും തൊട്ടിയമ്മാള്‍ക്കുണ്ട്. 

2016ല്‍ തൊട്ടിയമ്മാളിന്റെ മകന്‍ അപകടത്തില്‍ മരിച്ചു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ തന്റെ മകനായ പ്രവീണ്‍ കുമാറിന്റെ പേരിലേക്ക് തൊട്ടിയമ്മാളിന്റെ പേരിലുള്ള സ്ഥലം ഇനാമായി നല്‍കി. തെറ്റായ വിവരങ്ങള്‍ നല്‍കി തന്ത്രപരമായി തൊട്ടിയമ്മാളിന്റെ ഒപ്പ് വാങ്ങിയായിരുന്നു ഈ നീക്കം. 

മൂന്ന് സഹോദരിമാരുടെ കള്ള ഒപ്പുകള്‍ ഇട്ട് മകന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തൊട്ടിയമ്മാള്‍ പറയുന്നു. മകന്റെ ഭാര്യയും സ്‌കൂള്‍ അധ്യാപികയുമായ മീനാക്ഷി ഭര്‍ത്താവിന്റെ സ്വത്തില്‍ പിന്തുടര്‍ച്ചാവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 

വഞ്ചിക്കപ്പെട്ടതായി മനസിലായതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മരുമകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിന്നീട് രാമനാഥപുരം കോടതിയെയും സമീപിച്ചെങ്കിലും അവിടെയും നീതി ലഭിച്ചില്ലെന്ന് തൊട്ടിയമ്മാള്‍ വ്യക്തമാക്കി. 

വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ രാമനാഥപുരം മുന്‍സിപ്പല്‍ കമ്മീഷണര്‍ക്കും ജില്ലാ രജിസ്ട്രാര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം ലഭിച്ചതുമായി ബന്ധപ്പെട്ട ഇനാം രേഖകള്‍ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com