ഇത് മത്സ്യങ്ങളുടെ ശവനദി, ചത്തുപൊന്തിയത് പതിനായിരക്കണക്കിനു മീനുകള്‍; കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടം തിരിഞ്ഞ് ഓസ്‌ട്രേലിയ

ഓക്‌സിജന്റെ കുറവാണോ, വിഷമയമായ ആല്‍ഗകളുടെ സാന്നിധ്യമാണോ ഇതിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍
darling
darling

സിഡ്‌നി : വരള്‍ച്ച രൂക്ഷമായ ഓസ്‌ട്രേലിയയില്‍ പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാര്‍ലിങ് നദിയിലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ഓക്‌സിജന്റെ കുറവാണോ, വിഷമയമായ ആല്‍ഗകളുടെ സാന്നിധ്യമാണോ ഇതിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ജലസ്രോതസ്സാണ് ഡാര്‍ലിങ് - മുറേ നദീവ്യവസ്ഥ. മത്സ്യങ്ങള്‍ ചത്ത് പൊങ്ങി ജലം മലിനമായതോടെ വലിയ പ്രതിസന്ധിയാണ്  സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത്. കടുത്ത വരള്‍ച്ചയുള്ള രാജ്യത്ത് അടുത്തയിടെയെങ്ങും മഴയ്ക്കുള്ള സാധ്യത പോലുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പും പറയുന്നത്.

എന്നാല്‍ വരള്‍ച്ചയുടെ ഭാഗമായാണ് മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം നദിയിലേക്ക് ഒഴുക്കുന്ന രാസമാലിന്യങ്ങളാവാം മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. നദീജലത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ യഥാസമയം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്നും ഇതില്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. 

പരിസ്ഥിതി പ്രശ്‌നങ്ങള്‍ രൂക്ഷമായ ഓസ്‌ട്രേലിയയില്‍ പലയിടത്തും ഉഷ്ണക്കാറ്റ് അനുഭവപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിസ്സഹായരാണെന്നായിരുന്നു നദീതീരം സന്ദര്‍ശിച്ച ന്യൂ സൗത്ത് വെയില്‍സ് ജലവിഭവ വകുപ്പ് മന്ത്രി നെയില്‍ ബ്ലെയര്‍ പറഞ്ഞത്. കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്ന് ക്വീന്‍സ്ലാന്റിലെ ഡെയ്ന്‍ട്രീ നദിയിലെ മാത്രം ജലനിരപ്പ് 12.06 മീറ്ററാണ് ഉയര്‍ന്നത്. ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com