'ഒരു പട്ടാളക്കാരന്റെ കല്യാണം' ; ആദ്യം എല്‍കെജിയില്‍, ഇപ്പോള്‍ ജീവിതത്തിലും ; 22 വര്‍ഷ ചലഞ്ചിന്റെ കഥ

വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പുറമേ മറ്റൊരു വിശിഷ്ടാതിഥി കൂടി ആ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. നഴ്‌സറി സ്‌കൂളില്‍ കോമഡി സ്‌കിറ്റ് പഠിപ്പിച്ച റഷീദ് സര്‍.
'ഒരു പട്ടാളക്കാരന്റെ കല്യാണം' ; ആദ്യം എല്‍കെജിയില്‍, ഇപ്പോള്‍ ജീവിതത്തിലും ; 22 വര്‍ഷ ചലഞ്ചിന്റെ കഥ

പ്രതീക്ഷിക്കാത്തതെന്തോ ജീവിതം നിങ്ങള്‍ക്കായി കാത്തുവയ്ക്കുമെന്ന് കേട്ടിട്ടില്ലേ? അങ്ങനെ അപ്രതീക്ഷിതമായെത്തിയ സ്‌നേഹത്തിന്റെയും കൂടിച്ചേരലിന്റെയും സന്തോഷത്തിലാണ് ശ്രീറാമും ആര്യശ്രീയും. നഴ്‌സറി സ്‌കൂളിലെ കോമഡി സ്‌കിറ്റില്‍ 'വിവാഹിതരായി' അഭിനയിച്ചപ്പോള്‍  ശ്രീറാമും ആര്യയും ഒരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു കൂടി പരസ്പരം മാലചാര്‍ത്തേണ്ടി വരുമെന്ന്. 

പള്ളുരുത്തി എസ്ഡിപിവൈ സ്‌കൂളിലെ അധ്യാപികമാരായിരുന്ന സന്ധ്യയുടെയും മിനിയുടെയും മക്കളാണ് ഇവര്‍. നഴ്‌സറി സ്‌കൂളില്‍ ഒന്നിച്ചുണ്ടായിരുന്ന ശ്രീറാമും ആര്യശ്രീയും സ്‌കൂള്‍ ആനിവേഴ്‌സറിയിലെ 'പട്ടാളക്കല്യാണ'ത്തിന് വരനും വധുവുമായി വേഷമിട്ടു. പിന്നീട് ഇരുവരും രണ്ട് സ്ഥലങ്ങളിലായി. 

പഠനം പൂര്‍ത്തിയാക്കിയ ശ്രീറാം പട്ടാളത്തില്‍ ചേര്‍ന്നു. ആര്യശ്രീ എംബിബിഎസ്സിനും. വിവാഹാലോചനകള്‍ തുടങ്ങിയപ്പോഴാണ് ആ പഴയ സുന്ദരിക്കുട്ടിയെ തന്നെ വിവാഹം കഴിച്ചാലോ എന്ന് ശ്രീറാം ആലോചിച്ചത്. ഫേസ്ബുക്ക് വഴിയുള്ള അന്വേഷണമായി പിന്നീട്. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ആ പഴയ ഫോട്ടോ ശ്രീറാം അയച്ചു കൊടുത്തു. എന്നിട്ട് ' ഓര്‍മ്മയുണ്ടോ' എന്നൊരു ചോദ്യവും. എന്നാല്‍ പിന്നെ ശരിക്കും കല്യാണം കഴിച്ചു കൂടേയെന്ന ചോദ്യത്തിന് ആര്യശ്രീ സമ്മതിച്ചതോടെയാണ് ജീവിതത്തിലും അവര്‍ ഒന്നിച്ചത്.

 വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പുറമേ മറ്റൊരു വിശിഷ്ടാതിഥി കൂടി ആ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. നഴ്‌സറി സ്‌കൂളില്‍ കോമഡി സ്‌കിറ്റ് പഠിപ്പിച്ച റഷീദ് സര്‍. എന്തായാലും 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇരുവരുടെയും കൂടിച്ചേരല്‍ കുടുംബങ്ങളും ആഘോഷമാക്കി. കുട്ടിനാടകങ്ങള്‍ അത്ര കുട്ടിക്കളിയല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com