രണ്ട് തവണ ഇന്റര്‍വ്യൂ വരെ എത്തി പരാജയപ്പെട്ടു, നാലാം ശ്രമത്തില്‍ ഐപിഎസ്സുകാരിയായി; അനുഭവം പങ്കുവെച്ച് പൂങ്കുഴലി

പരാജയപ്പെട്ടിട്ടും അച്ഛന്‍ തന്ന പിന്തുണയാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചത് എന്നാണ് പൂങ്കുഴലി പറയുന്നത്
രണ്ട് തവണ ഇന്റര്‍വ്യൂ വരെ എത്തി പരാജയപ്പെട്ടു, നാലാം ശ്രമത്തില്‍ ഐപിഎസ്സുകാരിയായി; അനുഭവം പങ്കുവെച്ച് പൂങ്കുഴലി

കൊച്ചി; ആദ്യത്തെ തവണ ഇന്റര്‍വ്യൂ വരെ എത്തി പരാജയപ്പെട്ടു, രണ്ടാം തവണ പരീക്ഷ പോലും പാസായില്ല. മൂന്നാം തവണയും ഇന്റര്‍വ്യൂവില്‍ വീണു. എന്നാല്‍ നാലാമത്തെ തവണ പൂങ്കുഴലി തന്റെ ലക്ഷ്യം നേടി. ഐപിഎസ് സ്വന്തമാക്കിയതിന് പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജി. പൂങ്കുഴലി. പരാജയപ്പെട്ടിട്ടും അച്ഛന്‍ തന്ന പിന്തുണയാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചത് എന്നാണ് പൂങ്കുഴലി പറയുന്നത്. ഡോട്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. 

ഐപിഎസ് പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ലെന്ന് തന്റെ മാതാപിതാക്കളെ ഉപദേശിച്ചവരാണ് ഏറെയും. പെണ്‍കുട്ടിയായതുകൊണ്ട് മാത്രം അവള്‍ക്ക് ഒന്നും സാധ്യമല്ലെന്ന സമൂഹത്തിന്റെ ധാരണ തിരുത്തപ്പെടണമെന്നും പൂങ്കുഴലി പറഞ്ഞു. ആദ്യ മൂന്ന് തവണയും ഐഎഎസ് മാത്രമാണ് പൂങ്കുഴലി ചോയ്‌സായി രേഖപ്പെടുത്തിയത്. നാലാം പരിശ്രമത്തില്‍ 2ാം ചോയ്‌സായി ഐപിഎസ് കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഇക്കാലമത്രയും മാതാപിതാക്കള്‍ നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. 

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും എറണാകുളം പ്രസ്‌ക്ലബ്ബും ചേര്‍ന്നാണ് ഡോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിച്ചത്. യുവ സംരംഭകയും മിസ് കേരള ഫിറ്റ്‌നസ് ടൈറ്റില്‍ ജേതാവുമായ ജിനി ഗോപാലിനേയും യൂറോപ്യന്‍ യൂണിയന്‍ സ്‌കോളര്‍ഷിപ്പ് നേടിയ ഉത്തര ഗീതയേയും ചടങ്ങില്‍ ആദരിച്ചു. 

പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും സ്വന്തം പ്രയത്‌നത്തിലൂടെയാണ് ജിനി യുവ സംരംഭകയായത്. യൂറോപ്യന്‍ യൂണിയന്‍ സ്‌കോളര്‍ഷിപ്പായ ഇറാസ്മസ് മുണ്ടൂസ് നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏകവിദ്യാര്‍ത്ഥിയാണ് ഉത്തര. ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കല്‍പ്പന ചൗളയുടെ സ്മരണാര്‍ത്ഥമാണ് ഡോട്ടേഴ്‌സ് ഡേ ആചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com