ആലുകം, രക്തഫലം, അദ്രകം; ഈ പച്ചക്കറി ചന്തയില്‍ ഇതൊക്കെയാണ് കിട്ടുക 

ലഖ്‌നൗവിലെ ഈ പച്ചക്കറി ചന്തയില്‍ ചെന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക നിറയെ സംസ്‌കൃത ഭാഷയിലെഴുതിയ ബോര്‍ഡുകളായിരിക്കും
ആലുകം, രക്തഫലം, അദ്രകം; ഈ പച്ചക്കറി ചന്തയില്‍ ഇതൊക്കെയാണ് കിട്ടുക 

ലഖ്‌നൗ: ഭാഷയുടെ പഠനത്തിനും മറ്റും നമുക്ക് പലതരം വഴികളുണ്ട്. അത്തരത്തില്‍ സംസ്‌കൃത ഭാഷയുടെ പ്രചാരണം മുന്നില്‍ കണ്ട് തികച്ചും വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഒരു കൂട്ടം വ്യാപാരികള്‍. 

ലഖ്‌നൗവിലെ ഈ പച്ചക്കറി ചന്തയില്‍ ചെന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക നിറയെ സംസ്‌കൃത ഭാഷയിലെഴുതിയ ബോര്‍ഡുകളായിരിക്കും. ഉരുളക്കിഴങ്ങിന്റെ മുകളില്‍ സ്ഥാപിച്ച ബോര്‍ഡില്‍ 'ആലുകം' എന്ന് കാണാം. നിരത്തി വച്ച തക്കാളിയുടെ മുകളില്‍ 'രക്തഫലം' എന്നും കാരറ്റിന്റെ മുകളിലുള്ള ബോര്‍ഡില്‍ 'ഗുഞ്ജാനക്കം' എന്നും എഴുതിയിട്ടുണ്ട്. വെളുത്തുള്ളിയുടെ മുകളില്‍ ലശുമം, വലിയ ഉള്ളിയുടെ മുകളില്‍ 'പലാന്തു', ഇഞ്ചിയുടെ 'അദ്രകം' എന്നീ ബോര്‍ഡുകളും കാണാം. 

സംസ്‌കൃതം ഭാഷയുടെ പ്രചാരണം മുന്നില്‍ കണ്ടാണ് ഇത്തരമൊരു സാധ്യത തേടിയതെന്ന് പച്ചക്കറി വില്‍പ്പനക്കാരനായ സോനു വ്യക്തമാക്കി. പ്രദേശത്തെ ഒരു സംസ്‌കൃതം അധ്യാപകന്റെ സഹായവും ഇക്കാര്യത്തില്‍ തങ്ങളെ സഹായിച്ചതായും സോനു പറയുന്നു. പച്ചക്കറികളുടെ സംസ്‌കൃതം പേരുകള്‍ കാണുമ്പോള്‍ ഉപഭോക്താക്കള്‍ സന്തോഷിക്കുന്നതായും സോനു പറയുന്നു. ക്രമേണ ക്രമേണ പച്ചക്കറി വാങ്ങാനെത്തുന്നവര്‍ ബോര്‍ഡിലെ സംസ്‌കൃതം പേരുകള്‍ മനസിലാക്കുന്നതോടെ പിന്നീടെത്തുമ്പോള്‍ അത് പറയുന്നു. 

അതേസമയം പച്ചക്കറി കച്ചവടക്കാരുടെ ഇത്തരം നീക്കത്തിനെതിരെ മറ്റ് ചില കടക്കാര്‍ പരതി ഉന്നയിക്കുന്നുണ്ട്. ഇത് കേവലം പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 

സ്ഥിരമായി പച്ചക്കറി വാങ്ങാനെത്തുന്ന രവിന്ദ്ര ശര്‍മ പക്ഷേ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഭാഷ കുറച്ചെങ്കിലും മനസിലാക്കാന്‍ ഇത്തരം ശ്രമങ്ങള്‍ സാഹായിക്കും. താന്‍ ഇവിടെ വന്ന് ചില പച്ചക്കറികളുടെ സംസ്‌കൃതം വാക്കുകള്‍ മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു. 

സംസ്‌കൃതം എങ്ങനെയാണ് പൂര്‍ണമായി സംസാരിക്കുക എന്നതൊന്നും തങ്ങള്‍ക്ക് അറിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ചില പച്ചക്കറികളുടേയും ചില പഴ വര്‍ഗങ്ങളുടേയുമെല്ലാം പേരുകള്‍ ഇപ്പോള്‍ മനസിലാക്കിയതായും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com