'അത് യതിയുടെയല്ല.., കരടിയുടെ കാല്‍പ്പാടുകള്‍' ; ഇന്ത്യന്‍ സൈന്യത്തെ തിരുത്തി നേപ്പാള്‍

ഇന്ത്യന്‍ പര്‍വതാരോഹകര്‍ കണ്ടെത്തിയത് യതിയുടെ കാല്‍പ്പാടുകളല്ല, കരടിയുടെ കാല്‍പ്പാടുകളാണെന്ന് നേപ്പാള്‍ അധികൃതര്‍
'അത് യതിയുടെയല്ല.., കരടിയുടെ കാല്‍പ്പാടുകള്‍' ; ഇന്ത്യന്‍ സൈന്യത്തെ തിരുത്തി നേപ്പാള്‍

കാഠ്മണ്ഡു : ഹിമാലയസാനുക്കളില്‍ അജ്ഞാത മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ്, കരസേനയുടെ പര്‍വതാരോഹക സംഘം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്. ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് മക്കാലു ബേസ് ക്യാംപിന് സമീപത്തുനിന്ന്  കരസേനാസംഘം കണ്ടെത്തിയത്. 

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം നിഷേധിച്ച് നേപ്പാള്‍ രംഗത്തെത്തി. ഇന്ത്യന്‍ പര്‍വതാരോഹകര്‍ കണ്ടെത്തിയത് യതിയുടെ കാല്‍പ്പാടുകളല്ല, കരടിയുടെ കാല്‍പ്പാടുകളാണെന്ന് നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം വിശദമായി പരിശോധിച്ചു. എന്നാല്‍ അത് കരടിയുടേതാണെന്നാണ് കണ്ടെത്തിയത്. 

ആ പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യമുണ്ടെന്നും, കണ്ടെത്തിയത് കരടിയുടെ കാല്‍പ്പാടുകളാണെന്ന് നാട്ടുകാര്‍ സ്ഥിരീകരിച്ചതായും നേപ്പാള്‍ കരസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ അനുഗമിച്ച പോര്‍ട്ടര്‍മാരും ഇത്തരം കാല്‍പ്പാടുകള്‍ അവിടെ സുലഭമാണെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. 

32 ഇഞ്ച് നീളമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യം പറഞ്ഞത്. ഇത് അമ്മക്കരടിയും കുഞ്ഞും പോയപ്പോള്‍ ഉണ്ടായതാകാമെന്ന് ന്യൂയോര്‍ക്ക് ടൈംസും വ്യക്തമാക്കുന്നു. യതിയുടേതായി കണ്ടെത്തുന്ന കാല്‍പ്പാടുകള്‍ ഹിമാലയന്‍ കരടിയുടേതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com