നാലുവര്‍ഷം മുമ്പ് 300 കിലോ, ഇപ്പോള്‍ 86 ; കിടന്ന കിടപ്പില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക്, അവിശ്വസനീയം ഏഷ്യയിലെ ഏറ്റവും ഭാരമുള്ള സ്ത്രീയുടെ തിരിച്ചുവരവ്

നാലു വര്‍ഷത്തിനിപ്പുറം, ശരീരഭാരം വെറും 86 കിലോയായി കുറച്ച് സാധാരണ ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് 42 കാരിയായ അമിത രജാനി
നാലുവര്‍ഷം മുമ്പ് 300 കിലോ, ഇപ്പോള്‍ 86 ; കിടന്ന കിടപ്പില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക്, അവിശ്വസനീയം ഏഷ്യയിലെ ഏറ്റവും ഭാരമുള്ള സ്ത്രീയുടെ തിരിച്ചുവരവ്

മുംബൈ: നാലു വര്‍ഷം മുമ്പ് മറ്റുള്ളവരെപ്പോലെ പുറത്ത് പോകുക, സാധാരണ ജീവിതം നയിക്കുക എന്നതെല്ലാം ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു മഹാരാഷ്ട്രയിലെ വസായ് സ്വദേശിനിയായ അമിത രജാനിക്ക്. 300 കിലോയായിരുന്നു അന്ന് അമിതയുടെ ഭാരം. ഒരടിപോലും മുന്നോട്ടുവെക്കാന്‍ കഴിയാത്ത അവസ്ഥ. മൂന്നോ നാലോ ആളുകളുടെ സഹായമില്ലാതെ ഒന്നും ചെയ്യാനാകുമായിരുന്നില്ല. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള വനിതയെന്ന റെക്കോഡുമെത്തി. 

എന്നാല്‍ നാലു വര്‍ഷത്തിനിപ്പുറം, ശരീരഭാരം വെറും 86 കിലോയായി കുറച്ച് സാധാരണ ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് 42 കാരിയായ അമിത രജാനി. താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കഥ അമിത തന്നെ പറയുന്നു. ജനിക്കുമ്പോള്‍ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോയായിരുന്നു. ആറാം വയസ്സിലേക്ക് കടന്നതോടെ തൂക്കം കൂടാന്‍ തുടങ്ങി. 16ാം വയസ്സില്‍ 126 കിലോ ആയി. അതോടെ അസുഖങ്ങളും കൂട്ടായെത്തി. ശ്വാസതടസ്സം കലശലായതോടെ ഓക്‌സിജന്‍ ഒഴിവാക്കാന്‍ കഴിയാതായി. 

2007 ആയതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തി. എട്ടുവര്‍ഷത്തോളമാണ് ഒരേ കിടപ്പുകിടന്നത്. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകള്‍ ഉപയോഗിക്കേണ്ടിവന്നു. മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായെ കണ്ടതാണ് ജീവിതത്തില്‍ നിര്‍ണായകമായതെന്ന് അമിത പറയുന്നു.

ലീലാവതി ഹോസ്പിറ്റലില്‍ ഡോ ശശാങ്ക് ഷായെ കാണാന്‍വേണ്ടിമാത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം വീടിന് പുറത്തിറങ്ങിയത്. വാതില്‍ പൊളിച്ചുമാറ്റി ഒരു ആംബുലന്‍സില്‍ വലിയൊരു സോഫ പ്രത്യേകം പണിത് ഉറപ്പിക്കുകയായിരുന്നു. ഇതിലിരുന്നാണ് ആശുപത്രിയില്‍ എത്തിയത്. ആസ്പത്രിയില്‍ പ്രത്യേകം കട്ടിലും കിടക്കയും ഒരുക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍. ശസ്ത്രക്രിയതന്നെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. 

2015ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങി. 2017ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. അങ്ങനെ 300 ല്‍ നിന്നും 86 ലേക്ക് ചുരുങ്ങി. 'ഇപ്പോള്‍ സാധാരണ ഒരാള്‍ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യാനാകും' സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം മറച്ചുവെക്കാതെ അമിത പറയുന്നു. 

അമ്മ മംമ്ത രജാനിയുടെ പിന്തുണയാണ് സാധാരണ ജീവിതത്തിലേക്കുള്ള അമിതയുടെ യാത്രക്ക് കരുത്തേകിയത്. വര്‍ഷങ്ങളായി അമിതയുടെ നിഴല്‍പോലെ ജീവിക്കുകയായിരുന്നു മംമ്ത രജാനി. 'ഞാന്‍ ഇല്ലാതെ അവള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടു. ആയുര്‍വേദമുള്‍പ്പെടെ പരീക്ഷിച്ചു. മന്ത്രവാദം വരെ നടത്തി. അവസാനം രക്ഷകനെപ്പോലെ ഡോ. ശശാങ്ക് ഷാ എത്തി. 35 ലക്ഷത്തോളം രൂപ ചികില്‍സയ്ക്ക് ചെലവായി' മംമ്ത രജാനി പറഞ്ഞു.

ഓഹരിവിപണിയില്‍ സജീവമായി ഇടപാടു നടത്തുകയാണ് അമിത ഇപ്പോള്‍. മുമ്പ് പരസഹായമില്ലാതെ വീടിന് പുറത്തിറങ്ങാനാകാതിരുന്ന അമിത ഇപ്പോള്‍ ലോക്കല്‍ ട്രെയിനിലാണ് താനെയില്‍ ഇതിനായുള്ള പ്രത്യേക ക്ലാസില്‍ പഹ്‌കെടുക്കാന്‍ പോകുന്നത്. നിങ്ങളുടെ വീട്ടില്‍ നല്ല തടിയുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നല്ലോ അവരെ കുറേ കാലമായി കാണാനില്ലല്ലോയെന്ന് പരിചയമുള്ള ഒരു ഓട്ടോ െ്രെഡവര്‍ അടുത്തിടെ ചോദിച്ചു. അത് ഞാന്‍ തന്നെയാണെന്ന് പറഞ്ഞിട്ട് അയാള്‍ക്ക് വിശ്വസം വന്നില്ലെന്നും അമിത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com