സ്വപ്‌നം സഫലം;  'മന്ത്രിയുടെ തന്ത്ര'ങ്ങളില്‍ മന്ത്രി ഇനി രാജാവ്

സ്വപ്‌നം സഫലം;  'മന്ത്രിയുടെ തന്ത്ര'ങ്ങളില്‍ മന്ത്രി ഇനി രാജാവ്
സ്വപ്‌നം സഫലം;  'മന്ത്രിയുടെ തന്ത്ര'ങ്ങളില്‍ മന്ത്രി ഇനി രാജാവ്

പിന്നെയും പിന്നെയും പാളിപ്പോയ തന്ത്രങ്ങള്‍ക്കൊടുവില്‍ മന്ത്രിയുടെ എക്കാലത്തെയും ആഗ്രഹം സാഫല്യത്തിലേക്ക്. മന്ത്രി ഇനി ഹുജ്‌ലിയിലെ രാജാവ്. 

മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും കുട്ടികളെ ആകര്‍ഷിച്ച മന്ത്രിയുടെ തന്ത്രങ്ങള്‍ എന്ന ചിത്രകഥാ പരമ്പര പുതിയ രൂപത്തിലേക്കു മാറുകയാണ്. പ്രസാധകരായ ട്വിങ്കിള്‍ ഇക്കഴിഞ്ഞ ലക്കത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്. രാജ്യ ഭരണം പിടിക്കാന്‍ നിരന്തരമായി കുതന്ത്രങ്ങള്‍ നടത്തിക്കൊണ്ടിരുന്ന മന്ത്രിയെ രാജാവായി അഭിഷേകം ചെയ്തു. ട്വിങ്കിളിന്റെ ഏപ്രില്‍ രണ്ടാം ലക്കത്തിന്റെ കവറില്‍ സിംഹാസനത്തില്‍ ഇരിക്കുന്ന മന്ത്രിയാണുള്ളത്.

തന്ത്രം ഏറ്റതുകൊണ്ടല്ല, ഹോജ രാജാവ് മരിച്ചതോടെയാണ് മന്ത്രിക്കു രാജ്യഭരണം കിട്ടിയത്. 1984ല്‍ ആണ് ട്വിങ്കിള്‍ മന്ത്രിയുടെ തന്ത്രങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് മൂന്നരപ്പതിറ്റാണ്ടോളമായി രാജാവിനെതിരെ തന്ത്രം മെനഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, മന്ത്രി.

കുട്ടികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് മന്ത്രിയെ രാജാവാക്കുന്നത് എന്നാണ് ട്വിങ്കിള്‍ പത്രാധിപര്‍ പറയുന്നത്. ''കാലം കുറെയായി മന്ത്രി ഇതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു, ആ കഠിനാധ്വാനം കാണാതിരിക്കരുതെന്നാണ് കുട്ടികളുടെ പക്ഷം'' - പത്രാധിപര്‍ രജനി തിണ്ടിയത്ത് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രി രാജാവായതുകൊണ്ട് ചിത്രകഥയുടെ പേരു മാറ്റില്ല. ഭരണത്തില്‍ മന്ത്രി നേരിടുന്ന വെല്ലുവിളികളായിരിക്കും ഇനിയങ്ങോട്ട് കഥയിലുണ്ടാവുകയെന്നും ട്വിങ്കിള്‍ അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com