ആപ്പിളിന്റെ അത്രയും മാത്രം ഭാരം ; ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് ; അത്ഭുതകരമായ അതിജീവനം, വീഡിയോ

അമ്മയുടെ ഗര്‍ഭപാത്രത്തിലെ 23 ആഴ്ചത്തെ വളര്‍ച്ചയ്ക്ക് ശേഷമായിരുന്നു സേബിയുടെ പിറവി
ആപ്പിളിന്റെ അത്രയും മാത്രം ഭാരം ; ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് ; അത്ഭുതകരമായ അതിജീവനം, വീഡിയോ

കാലിഫോര്‍ണിയ : ആപ്പിളിന്റെ മാത്രം ഭാരമുള്ള കുഞ്ഞ്. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന ബഹുമതിയോടെയാണ് കാലിഫോര്‍ണിയ സാന്‍ഡിയാഗോഷാര്‍പ്പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ സേബിയെന്ന കുഞ്ഞ് പിറന്നു വീണത്. അമ്മയുടെ ഗര്‍ഭപാത്രത്തിലെ 23 ആഴ്ചത്തെ വളര്‍ച്ചയ്ക്ക് ശേഷമായിരുന്നു സേബിയുടെ പിറവി. 

2018 ഡിസംബര്‍ 23-നായിരുന്നു കുഞ്ഞ് സേബിയുടെ  ജനനം. ജനിച്ചപ്പോള്‍ സേബിയുടെ ഭാരം വെറും 245 ഗ്രാം മാത്രം. അതായത് ഒരു വലിയ ആപ്പിളിന്റെ ഭാരം മാത്രമെന്ന് ഡോക്ടര്‍മാര്‍. ഗര്‍ഭാവസ്ഥയില്‍ ഒട്ടേറെ സങ്കീര്‍ണതകളുണ്ടായതോടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.  സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 

പ്രസവത്തിന് ശേഷം ഒരു മണിക്കൂര്‍ മാത്രമാണ് കുട്ടിക്ക് ഡോകടര്‍മാര്‍ ആയുസ്സ് പറഞ്ഞത്. എന്നാല്‍  മണിക്കൂറും,  ദിവസവും ആഴ്ചകളും പിന്നിട്ട് കുഞ്ഞ് സെബി ഡോക്ടര്‍മാര്‍ക്കും വിസമയമായി. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന യാതൊരു പ്രശ്‌നങ്ങളും കുഞ്ഞിനുണ്ടായില്ല. 

തലച്ചോറിലെ രക്തസ്രാവമോ, ശ്വാസകോശത്തിനും ഹൃദയത്തിനുമുണ്ടാകുന്ന തകരാറോ ഒന്നും സേബിയെ അലട്ടിയതേയില്ലെന്ന് ആശുപത്രിയിലെ നഴ്‌സായ കിം നോര്‍ബി പറഞ്ഞു. അഞ്ചുമാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ 2.2 കിലോഗ്രാം ഭാരമുള്ള പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞായി സേബി. ഈ മാസം ആദ്യം ആശുപത്രിയിലെ എന്‍ഐസിയുവില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സേബി വീട്ടിലെത്തിയിരിക്കുകയാണ്. 

അതിജീവിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞെന്ന, യൂണിവേഴ്‌സിറ്റി ഓഫി ലോവയുടെ റെക്കോഡ് ബുക്കിലും സേബി ഇടംപിടിച്ചു. 2015 ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുഞ്ഞായിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ്. അതിനേക്കാള്‍ ഏഴുഗ്രാം കുറവാണ് സേബിയ്ക്ക്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com