ഏഴുമക്കളും വിദേശത്ത്, ഓണനാളിലും ഒറ്റപ്പെടലിന്റെ ദൈന്യതയില്‍ 93 വയസ്സുകാരി; 'നന്മ' സദ്യയൊരുക്കി പൊലീസ്, കയ്യടി

മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി പൊലീസിന്റെ നന്മ
ഏഴുമക്കളും വിദേശത്ത്, ഓണനാളിലും ഒറ്റപ്പെടലിന്റെ ദൈന്യതയില്‍ 93 വയസ്സുകാരി; 'നന്മ' സദ്യയൊരുക്കി പൊലീസ്, കയ്യടി

ആലപ്പുഴ: മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി പൊലീസിന്റെ നന്മ. മക്കള്‍ വിദേശത്ത് കഴിയുന്നതിനാല്‍ ഒറ്റയ്ക്കായ 93 വയസ്സുകാരിക്കാണ് എടത്വാ പൊലീസ് ഓണ സദ്യ ഒരുക്കിയത്. ഏഴ് മക്കള്‍ ഉളള കോഴിമുക്ക് മുറിയില്‍ പറപ്പളളിയില്‍ ത്രേസ്യാമ്മ ജോസഫാണ് ഓണനാളിലും ഒറ്റയ്ക്കായത്.

'വയോധികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി പൊലീസ് ഗൃഹസന്ദര്‍ശനം നടത്താറുണ്ട്. ഓണ നാളില്‍ അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച അതിദയനീയമായിരുന്നു. കഷ്ടപ്പെട്ട് കഞ്ഞി മാത്രം വച്ചിട്ടുണ്ട് അവര്‍. സഹായിക്കാന്‍ ആരുമില്ല. നല്ല നിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് പോലും അവരുടെ ഓണം ഈ അവസ്ഥയിലാണ്. . എന്തെങ്കിലും അപായം സംഭവിച്ചാല്‍ പോലും ആരും അറിയാന്‍ കഴിയാത്ത അവസ്ഥ, സമീപത്തെ വീട്ടുകാരോട് ബന്ധപ്പെടാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല.' - കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അമ്മയ്ക്ക് ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. ഈ ഓണനാളില്‍ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.. അതിന് ശേഷം മക്കളെയും ബന്ധുക്കളെയും വിളിച്ച് അമ്മയുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് താക്കീതും നല്‍കി'- കേരള പൊലീസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം

മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പൊലീസ് ഉദ്യോഗസ്ഥര്‍

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കോഴി മുക്ക് മുറിയില്‍ പറപ്പള്ളിയില്‍ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കള്‍ ഉണ്ട്. മക്കള്‍ വിദേശരാജ്യങ്ങളിലും മറ്റു പലയിടങ്ങളിലുമായി അവരുടെ ജീവിത തിരക്കിന്റെ ഭാഗമായോ മറ്റോ കഴിയുന്നു. അമ്മയെ നോക്കാന്‍ അവര്‍ക്ക് സമയം കിട്ടുന്നില്ല. വീടിന്റെ ചുറ്റും ക്യാമറകള്‍ ഘടിപ്പിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. ക്യാമറ കണ്ണുകളിലൂടെയാണ് പലപ്പോഴും മക്കള്‍ അമ്മയെ കാണുന്നത് തന്നെ.

വയോധികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തന്നതിന് വേണ്ടി പൊലീസ് ഗൃഹസന്ദര്‍ശനം നടത്താറുണ്ട്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ് രാജിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഈ അമ്മ.

ഓണ നാളില്‍ അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച അതിദയനീയമായിരുന്നു. കഷ്ടപ്പെട്ട് കഞ്ഞി മാത്രം വച്ചിട്ടുണ്ട് അവര്‍. സഹായിക്കാന്‍ ആരുമില്ല. നല്ല നിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് പോലും അവരുടെ ഓണം ഈ അവസ്ഥയിലാണ്. . എന്തെങ്കിലും അപായം സംഭവിച്ചാല്‍ പോലും ആരും അറിയാന്‍ കഴിയാത്ത അവസ്ഥ, സമീപത്തെ വീട്ടുകാരോട് ബന്ധപ്പെടാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല.

എന്തായാലൂം പോലീസുകാര്‍ക്ക് സകുടുംബം ഓണം ആഘോഷിക്കാന്‍ കഴിയില്ല. എന്നാല്‍ പിന്നെ ഈ അമ്മയോടൊപ്പം ഓണം കൂടാന്‍ സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ് രാജും പോലീസുകാരും തീരുമാനിച്ചു. ഓരോ വിഭവങ്ങള്‍ ഓരോ പോലീസുകാരുടെ വീടുകളില്‍ നിന്നും എത്തിച്ചു. അവര്‍ തന്നെ വിളമ്പിക്കൊടുത്ത് അമ്മയോടൊപ്പം ഇരുന്ന് ഓണസദ്യ കഴിച്ചു. അമ്മയ്ക്ക് ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. ഈ ഓണനാളില്‍ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.. അതിന് ശേഷം മക്കളെയും ബന്ധുക്കളെയും വിളിച്ച് അമ്മയുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് താക്കീതും നല്‍കി.

സ്‌റ്റേഷന്‍ പരിധിയില്‍ ഇതുപോലെ പലവീടുകളിലും വയോധികര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞവര്‍, നാണക്കേട് ഭയന്ന് ഓണം കഴിഞ്ഞെങ്കിലും അവരുടെ വീടുകളില്‍ എത്തുകയും വൃദ്ധരായ മാതാപിതാക്കളെ കൂട്ടിക്കൊണ്ട് പോകുകയോ അവരുടെ ബന്ധുക്കളെ വരുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാത്രമല്ല പലരും ആ വിവരം സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയും ചെയ്തു.

വയസ്സായ മാതാപിതാക്കളെ കണ്ണിലെ കൃഷണമണി പോലെ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. അതിന് അപചയം സംഭവിക്കാന്‍ പാടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com