പൊലീസിന്റെ 'മൂക്കിന്‍തുമ്പി'ലുണ്ടായിരുന്നു ആ ആന; നാണക്കേടുണ്ടാക്കിയ ആനക്കഥയ്ക്ക് അന്ത്യം

പൊലീസിന്റെ 'മൂക്കിന്‍തുമ്പി'ലുണ്ടായുന്നു ആ ആന; നാണക്കേടുണ്ടാക്കിയ ആനക്കഥയ്ക്ക് അന്ത്യം
ലക്ഷ്മി
ലക്ഷ്മി

സൂചി കാണാതായാല്‍ പോലും കണ്ടെത്തുന്ന മിടുക്കരുണ്ട് പൊലീസില്‍ എന്നാണ് പൊതുവേ ഡല്‍ഹിക്കാരുടെ അവകാശവാദം. എന്നാല്‍ ഒരു ആനയെ കാണാതായിട്ടു ഡല്‍ഹി പൊലീസ് തപ്പി നടന്നത് രണ്ടു മാസമാണ്. ഒടുവില്‍ കണ്ടെത്തിയതോ പൊലീസ് ആസ്ഥാനത്തിനു വിളിപ്പാടകലെ നിന്നും!

യമുനാ തീരത്തുനിന്നാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ലക്ഷ്മി എന്ന ആനയെ കാണാതായത്. അന്നു തുടങ്ങിയതാണ് പൊലീസിന്റെ ആനവേട്ട!

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ലക്ഷ്മിയെ ഒന്നുകില്‍ കാട്ടിലയക്കണം, അല്ലെങ്കില്‍ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഡല്‍ഹിയില്‍ ആനകളെ പാര്‍പ്പിക്കാനും പരിചരിക്കാനും സാഹചര്യമില്ലെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു കോടതി വിധി.

വിധി നടപ്പാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്നെങ്കിലും പാപ്പാനും കുടുംബവും വളഞ്ഞിട്ട് ആക്രമിച്ചു. ഒടുവില്‍ വനംവകുപ്പു സംഘത്തിന് ജീവനും കൊണ്ട് തിരിച്ചോടേണ്ടിവന്നു.

വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷിച്ചു ചെന്നപ്പോള്‍ ആന കിടന്നിടത്ത് പൂട പോലുമില്ലെന്ന അവസ്ഥ. ആനയും പാപ്പാനും കുടുംബവും ഒന്നാകെ മിസിങ്. ഇതിനിടെ ആനയെ കാണാനില്ലെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. എങ്ങനെയും ആനയെ കണ്ടെത്താന്‍ ഹൈക്കോടതി പൊലീസിനു നിര്‍ദേശവും നല്‍കി.

ആനയെ തപ്പി പൊലീസ് നാലുപാടു പാഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ വനമേഖലയിലെല്ലാം തിരച്ചില്‍ നടത്തി. അവിടെ ആനയുടെ കാല്‍പ്പാടും പിണ്ഡവും കണ്ടെത്തി. ഇതു ലക്ഷ്മിയുടെ തന്നെയെന്ന് പൊലീസ് കട്ടായം പറഞ്ഞു. ഡല്‍ഹിയില്‍ ആകെ അഞ്ച് ആനയേ ഉള്ളൂവെന്നും അതില്‍ നാലിനെയും ഇതിനകം തന്നെ നാടുകടത്തിയെന്നുമായിരുന്നു പൊലീസിന്റെ വാദം.

ഒടുവില്‍ ചൊവ്വാഴ്ച രാത്രി യമുനയുടെ തീരത്ത് അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപമാണ് ലക്ഷ്മിയെ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്തുനിന്ന് വിളിപ്പാടകലെ! ഉടമ യൂസുഫും പാപ്പാന്‍ സദ്ദാമും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com