വിശന്നുവലഞ്ഞപ്പോള്‍ ചവറുകൂന പരതിയ ജീവിതം; സജനയുടെ ഇലപ്പൊതി ബിരിയാണിക്ക് പൊരുതി നേടിയ വിജയത്തിന്റെ രുചിയാണ്

ഒറ്റയ്ക്ക് പോരാടി ജയിച്ച ജീവിതത്തിന്റ രുചിയാണ് സജന ഷാജിയുടെ അറുപത് രൂപ വിലയുള്ള ഇലപ്പൊതി ബിരിയാണിക്ക്.
വിശന്നുവലഞ്ഞപ്പോള്‍ ചവറുകൂന പരതിയ ജീവിതം; സജനയുടെ ഇലപ്പൊതി ബിരിയാണിക്ക് പൊരുതി നേടിയ വിജയത്തിന്റെ രുചിയാണ്

റ്റയ്ക്ക് പോരാടി ജയിച്ച ജീവിതത്തിന്റ രുചിയാണ് സജന ഷാജിയുടെ അറുപത് രൂപ വിലയുള്ള ഇലപ്പൊതി ബിരിയാണിക്ക്. എറണാകുളം നഗരത്തിന്റെ പ്രിയപ്പെട്ട രുചിക്കൂട്ടുകളിലൊന്നായി മാറുകയാണ് സജന ഷാജിയെന്ന ട്രാന്‍സ് ജെന്‍ഡറിന്റെ പുതിയ സംരംഭം. കാക്കനാട് മാത്രമായി ആരംഭിച്ച ബിരിയാണി വില്‍പ്പന ഹൈക്കോര്‍ട്ട് ജംങ്ഷന്‍, കളമശ്ശേരി ഉള്‍പ്പെടെ പുതുതായി മൂന്ന് സ്ഥങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്.

കൊറോണ കാലത്ത് ജീവിതം വഴിമുട്ടിയതോടെയാണ് എറണാകുളം ജില്ലയില്‍ ആദ്യമായി ഡ്രൈവിങ് ലൈസന്‍സും വോട്ടര്‍ ഐഡിയും സ്വന്തമാക്കിയ ട്രാന്‍സ്‌ജെന്‍ഡറായ സജന, ബിരിയാണി കച്ചവടത്തിലേക്കിറങ്ങിയത്‌.  ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജോലി പോയപ്പോഴാണ് സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. കല്യാണത്തിനും ലിംഗമാറ്റ ശസ്ത്രക്രിയക്കും മാറ്റിവച്ച തുകയും കുടുക്ക പൊട്ടിച്ച പൈസയും എല്ലാം ചേര്‍ത്താണ് ബിരിയാണി കട തുറക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്.

'വീട്ടില്‍ത്തന്നെയാണ് പാചകം. 200 പൊതികള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. ഹോട്ടലുകളില്‍ 200 രൂപയൊക്കെയാണ് വാഴയില ബിരിയാണിക്ക് വാങ്ങുന്നത്. പക്ഷേ ഞങ്ങളുടേത് 60രൂപയാണ്. കഴിച്ച ആരും ഇതുവരെയും കുറ്റം പറഞ്ഞില്ല. സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ് നിരവധിപേര്‍ ബിരിയാണി വാങ്ങാനായി എത്തുന്നുണ്ട്.' സജന പറയുന്നു.

ഇപ്പോഴാരംഭിച്ച ബിരിയാണി കച്ചവടം മെച്ചപ്പെടുത്തി ഹോട്ടല്‍ സംവിധാനത്തിലേക്ക് മാറ്റി ഒരു സ്ഥിര വരുമാനമുണ്ടാക്കാമെന്നും പതിയെ ജീവിതം പച്ചപിടിപ്പിക്കാമെന്നും സജന സ്വപ്‌നം കാണുന്നു. അതിജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പലതും ചെയ്തിട്ടുണ്ട്. ട്രെയിനില്‍ ഭിക്ഷ യാചിച്ചതുമുതല്‍ ഹോസ്റ്റല്‍ നടത്തിയതുവരെ. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ള പതിനാറു കുട്ടികളെ വളര്‍ത്തി. ജീവിതം നഷ്ടപ്പെട്ട അവസ്ഥയില്‍ നഗരത്തിലെത്തിയ അവരെ ചേര്‍ത്തു നിര്‍ത്തി, പഠിക്കാനും താമസിക്കാനും സൗകര്യമൊരുക്കി.  അവരെല്ലവരും ഇപ്പോള്‍ നല്ല നിലയിലായെന്ന് പറയുമ്പോള്‍ സജനയുടെ ശബ്ദത്തിന് സന്തോഷത്തിന്റെ മുഴക്കം.

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തന്റെ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ പതിമൂന്നാം വയസ്സില്‍ തെരുവിലേക്കിറങ്ങിയവളാണ് സജന.

'പലപല നഗരങ്ങളില്‍ ജീവിച്ചു. ഭക്ഷണം കഴിക്കാതെ, മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലാതെ അലഞ്ഞു. ഉത്സവ പറമ്പുകളിലും അമ്പലങ്ങളിലും രാത്രിയുറങ്ങി.ചവറുകൂനയില്‍ നിന്ന് വരെ ഭക്ഷണം വാരി കഴിച്ചിട്ടുണ്ട്. വിശപ്പിനെ ജയിക്കണമായിരുന്നു. മനസ്സിലാക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് മുന്നില്‍ നിവര്‍ന്നുനിന്ന് കാണിച്ചു കൊടുക്കണമായിരുന്നു. അതുകൊണ്ട് പോരാടി, സമാധാനമായൊന്ന് നിവര്‍ന്നുനില്‍ക്കാന്‍ എത്രകാലം വേണ്ടിവന്നെന്നോ...ഇപ്പോള്‍ വീട്ടുകാര്‍ക്ക് എന്നെ മനസ്സിലാകുന്നുണ്ട്. ഞാനവരെ പോയി കാണുന്നുണ്ട്. ഞാന്‍ സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് അവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കാറുണ്ട്.അതൊക്കെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളാണ്...'സജന പറയുന്നു.

'നിങ്ങളെപ്പോഴെങ്കിലും വിശന്നിട്ട് മരിച്ചുകളയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ ആലോചിട്ടിട്ടുണ്ട്. ചവറു കൂനയില്‍ നിന്ന് ഭക്ഷണം വാരി കഴിക്കേണ്ടിവന്നതുകൊണ്ടാകണം, എനിക്ക് ഭക്ഷണത്തിനോടിത്ര അടുപ്പം തോന്നുന്നത്. തെരുവില്‍ കഴിയുന്നവര്‍ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം നല്‍കുന്നുണ്ട് ഇപ്പോള്‍. പലരും അതിന് സഹായിക്കുന്നുണ്ട്. ബിരിയാണി കച്ചവടം കുറച്ചുകൂടി പച്ചപിടിച്ചിട്ടുവേണം ഭക്ഷണ വിതരണം സജീവമാക്കാന്‍'.

'പലതവണ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പലരും ചൂഷണം ചെയ്തിട്ടുണ്ട്. വിവാഹം കഴിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. ഒരാളുമായി പ്രണയത്തിലാവുക എന്നത് തെറ്റല്ലല്ലോ... കൂട്ടിവെച്ച പൈസയൊക്കെ എടുത്ത് സ്വര്‍ണമൊക്കെ വാങ്ങിവെച്ചതാണ്, പക്ഷ ഞങ്ങളെപോലുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമാണ് യോഗം... ഒരു ക്ലീഷേ സിനിമാ ഡയലോഗ് പോലുണ്ടല്ലേ...?ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ള ഭൂരിഭാഗം പേരുടെയും ജീവിതം ഇങ്ങനെതന്നെ ആയിരിക്കും. ഞാനിത് പറയുന്നത് ആരുടെയും സിംപതിക്ക് വേണ്ടിയല്ല. ഞങ്ങളനുഭവിച്ച, അനുഭവിക്കുന്ന യാതനകള്‍ പൊതുസൂഹം മനസ്സിലാക്കാനാണ്, ഞങ്ങളെയും മനുഷ്യരായി കാണണമെന്ന് ഇവിടുത്തെ ഭൂരിപക്ഷത്തോട് പറയാനാണ്...' സജന പറയുന്നു.  

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം വന്നപ്പോള്‍ തനിക്കും 'പണികിട്ടി'യെന്ന് സജന പറയുന്നു. ടിക്ക്‌ടോക്കില്‍ വളരെ ആക്ടീവ് ആയിരുന്നു. ബിരിയാണി കച്ചവടം നാട്ടുകാരെ അറിയിച്ചത് ടിക്ക്‌ടോക്ക് വഴിയാണ്. അങ്ങനെ ഒരുപാടുപേര് വാങ്ങാന്‍ വന്നു. ഒറ്റയടിക്ക് മോദി ടിക്ക്‌ടോക്ക് നിരോധിക്കുമെന്ന് ആരുകണ്ടു! അങ്ങനെ പ്രൊമോഷന്‍ പരിപാടി വെള്ളത്തിലായി. എന്നാലും നല്ല ഭക്ഷണം ഉള്ളിടം തിരക്കിപിടിച്ച് മലയാളി വരുമല്ലോ, അങ്ങനെ ആളുകള്‍ വരുന്നുണ്ട്. ഈ അതിര്‍ത്തിയും യുദ്ധവുമൊക്കെ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com