എസിയും മിനി തിയറ്ററും ഉള്‍പ്പെടെ സൗകര്യങ്ങള്‍, താമസിക്കുന്നത് 200ലധികം പൂച്ചകളും; ഗുജറാത്തിലെ 'പൂച്ച പൂന്തോട്ടം' 

1994ല്‍ മരിച്ച സഹോദരിയുടെ ഓര്‍മ്മയിലാണ് ഉപേന്ദ്ര പൂച്ചവീട് നിര്‍മ്മിച്ചത്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

പൂച്ചകള്‍ക്ക് വീടൊരുക്കിയിരിക്കുകയാണ് ഉപേന്ദ്ര ഗോസ്വാമി എന്ന ഗുജറാത്ത് സ്വദേശി. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ക്ക് 'പൂച്ച പൂന്തോട്ടം' എന്നാണ് ഉപേന്ദ്ര പേരിട്ടത്. 2007ല്‍ തുടങ്ങിയ പൂച്ച പൂന്തോട്ടത്തില്‍ ഇന്ന് 200ലധികം പൂച്ചകളുണ്ട്. 1994ല്‍ മരിച്ച സഹോദരിയുടെ ഓര്‍മ്മയിലാണ് ഉപേന്ദ്ര പൂച്ചവീട് നിര്‍മ്മിച്ചത്. 

'സഹോദരി മരിച്ചതിന് ശേഷവും അവളുടെ എല്ലാ പിറന്നാളും ഞങ്ങള്‍ ആഘോഷിക്കുമായിരുന്നു. ഒരു ദിവസം ഒരു പൂച്ച വന്ന് അവള്‍ക്കായി ഒരുക്കിവച്ചിരുന്ന കേക്ക് കഴിച്ചു. അന്നുമുതല്‍ ആ പൂച്ച ഞങ്ങള്‍ക്കൊപ്പമാണ്. അവള്‍ പൂച്ചയുടെ രൂപത്തില്‍ ഞങ്ങള്‍ക്കൊപ്പം ജീവിക്കുകയാണെന്നാണ് എല്ലാവരുടെയും വിശ്വാസം', ഉപേന്ദ്ര പറഞ്ഞു. 

അന്നുമുതല്‍ ഒരുപാട് പൂച്ചകളെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയിരുന്നു. പിന്നീടാണ് പൂച്ചകള്‍ക്കായി ഒരു വീട് എന്ന ആശയത്തിലേക്കെത്തിയത്. നാല് എസി മുറികള്‍ 12 കിടക്കകളോട് കൂടിയ 16 കോട്ടേജുകള്‍, ഷവര്‍, മിനി തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മിനി തിയറ്ററില്‍ വൈകുന്നേരങ്ങളില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ പൂച്ചകളെ കാണിക്കും. ദിവസവും മൂന്ന് നേരമാണ് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഗുണനിലവാരമുള്ള പൂച്ചഭക്ഷണം എല്ലാ പൂച്ചകള്‍ക്കും ഉറപ്പാക്കാറുണ്ടെന്ന് പറയുകയാണ് ഉപേന്ദ്ര. 

പൂച്ചകള്‍ ഇപ്പോള്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണെന്നും അതുകൊണ്ടുതന്നെ ഏറ്റവും നന്നായിതന്നെയാണ് അവയെ പരിപാലിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഉപേന്ദ്രയും സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭാര്യയും തങ്ങളുടെ വരുമാനത്തില്‍ 90 ശതമാനവും പൂച്ചകള്‍ക്കായാണ് വിനിയോഗിക്കുന്നത്. പ്രതിമാസം 1.5ലക്ഷം രൂപയാണ് പൂച്ചകള്‍ക്കായി ചിലവാക്കേണ്ടിവരുക. ചെറിയ പ്രവേശന ഫീസ് ഈടാക്കി പൂച്ച ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും നാല് മണിക്കൂറാണ് ഇവിടെ സന്ദര്‍ശകരെ അനുവദിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com