'1306 കാലുകൾ'- അപൂർവ തേരട്ട; അമ്പരപ്പിക്കുന്ന കണ്ടെത്തൽ 

'1306 കാലുകൾ'- അപൂർവ തേരട്ട; അമ്പരപ്പിക്കുന്ന കണ്ടെത്തൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്നി: ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കാലുകൾ ഉള്ള അപൂർവ ഇനത്തിൽപ്പെട്ട തേരട്ട. ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് ഈ അസാധാരണത്വമുള്ള തേരട്ടയെ കണ്ടെത്തിയത്. 1306 കാലുകളാണ് ഇവയ്ക്കുള്ളത്. 

ലോകത്ത് ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയാണ് തേരട്ട. സാധാരണയായി ഇവയ്ക്ക് 750 കാലുകൾ വരെയുണ്ടാകാറുണ്ട്. ഇതിനോടകം, 13,000 ഇനം തേരട്ടകളെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാലുകളുടെ എണ്ണം ഇത്രയധികമുള്ള വിഭാ​ഗത്തെ ആദ്യമായാണ് കണ്ടെത്തുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയാണിവയെന്ന് ഗവേഷകർ വ്യക്തമാക്കി.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഖനിയിൽ നിന്നാണ് കണ്ടെത്തൽ. 'യൂമില്ലിപെസ് പെർസെഫൺ' എന്നാണ് ഗവേഷകർ ഇതിനെ വിളിക്കുന്നത്. പത്ത് സെന്റി മീറ്ററോളം നീളവും ഒരു മില്ലി മീറ്ററിൽ താഴെ വീതിയുമാണ് ഈ ഇനത്തിലെ പെൺ വർഗത്തിൽപ്പെട്ട തേരട്ടയ്ക്കുള്ളത്. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗം കൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്. 

ഈ ഇനത്തിൽപ്പെടുന്ന പെൺ തേരട്ടകൾക്കാണ് ആൺ തേരട്ടകളെക്കാൾ കൂടുതൽ കാലുകൾ ഉണ്ടാകുകയെന്നും ഗവേഷകർ പറഞ്ഞു. മണ്ണിനടിയിൽ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് കഴിയുന്നവയാണ് ഇപ്പോൾ കണ്ടെത്തപ്പെട്ടിട്ടുള്ള തേരട്ടകൾ. വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com