തീരത്തടിഞ്ഞ കടല്‍ ഒച്ചില്‍ ഒളിഞ്ഞിരുന്ന ഭാഗ്യദേവത ; മല്‍സ്യത്തൊഴിലാളിക്ക് ലഭിച്ചത് അപൂര്‍വമായ 'ഓറഞ്ച് പവിഴം' ; വില രണ്ടരക്കോടി

കടല്‍ത്തീരത്ത് പതിവുപോലെ കക്കകളുടെയും മറ്റും തോടുകള്‍ ശേഖരിക്കാനിറങ്ങിയതായിരുന്നു ഹാച്ചായ്
ഓറഞ്ച് പവിഴം/ Image Credit: Viralpress
ഓറഞ്ച് പവിഴം/ Image Credit: Viralpress

ബാങ്കോക്ക് : ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയ മല്‍സ്യത്തൊഴിലാളിയെത്തേടി ഭാഗ്യദേവതയെത്തി. 37 കാരനായ ഹാച്ചായ് നിയോംഡെച്ച എന്ന മത്സ്യത്തൊഴിലാളിയുടെ കുടുംബത്തെയാണ് അപൂര്‍വ ഭാഗ്യം തേടിയെത്തിയത്. തായ്‌ലന്‍ഡിലെ നാഖോണ്‍ സി തമ്മാരത് പ്രവിശ്യയിലാണ് സംഭവം നടന്നത്. തീരത്തടിഞ്ഞ ഒരു കടല്‍ ഒച്ചിന്റെ തോടിനുള്ളില്‍ നിന്നും  കോടികള്‍ വിലമതിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴമാണ് അവര്‍ക്കു ലഭിച്ചത്.

കടല്‍ത്തീരത്ത് പതിവുപോലെ കക്കകളുടെയും മറ്റും തോടുകള്‍ ശേഖരിക്കാനിറങ്ങിയതായിരുന്നു ഹാച്ചായ്. കടലിലൂടെ ഒഴുകി വന്ന ഒരു പാഴ്ത്തടിയില്‍ പറ്റിപ്പിടിച്ച മൂന്ന് കടല്‍ ഒച്ചുകളുടെ തോടുകള്‍ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം തോടുകള്‍ വൃത്തിയാക്കുന്നതിനിടെ ഹാച്ചായുടെ പിതാവാണ് അവയിലൊന്നില്‍ നിന്നു അപൂര്‍വങ്ങളില്‍ അപൂര്‍വമായ പവിഴം കണ്ടെടുത്തത്. 

രണ്ടര സെന്റീമീറ്ററിനടുത്ത് മാത്രം വലുപ്പമുള്ള ഈ ഓറഞ്ച് പവിഴത്തിന് വിപണിയില്‍ രണ്ടര കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍. മെലോ മെലോ എന്ന് അറിയപ്പെടുന്ന കടല്‍ ഒച്ച്  ഇനത്തിന്റെ തോടുകളിലാണ് ഇത്തരം പവിഴങ്ങള്‍ രൂപപ്പെടുന്നത്. തോടിനുള്ളില്‍ എന്തെങ്കിലും വസ്തു കടന്നുകൂടിയാല്‍ അതിന്റെ അസ്വസ്ഥത മാറ്റുന്നതിനു വേണ്ടി മെലോ മെലോ കടലൊച്ചുകള്‍ ഒരു പ്രത്യേക സ്രവം ശരീരത്തില്‍നിന്നും പുറപ്പെടുവിക്കും. 

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്രവത്തിന്റെ പല പാളികള്‍ ഒന്നായി ചേര്‍ന്ന്  പവിഴമായി രൂപപ്പെടുകയാണ് ചെയ്യുന്നത്. കടല്‍ ഒച്ചിന്റെ നിറത്തിലുള്ള വ്യത്യാസമനുസരിച്ച് തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളിളെല്ലാം ഇത്തരം പവിഴങ്ങള്‍ രൂപപ്പെടാറുണ്ട്. അവയില്‍ ഏറ്റവും അപൂര്‍വമാണ് ഓറഞ്ച് നിറത്തിലുള്ള പവിഴങ്ങള്‍. അനേകായിരം  കടല്‍ ഒച്ചുകളുടെ തോടുകളില്‍ ഒന്നില്‍ നിന്നു മാത്രമാകും ഈ പവിഴം ലഭിക്കുക. ഭാഗ്യദേവതയുടെ കടാക്ഷം തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റുമെന്ന പ്രത്യാശയിലാണ് ഈ മല്‍സ്യത്തൊഴിലാളി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com