ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ലോകം കീഴടക്കിയ 'സെല്‍ഫി' താരം; അന്ത്യയാത്ര പ്രിയപ്പെട്ട ബോമയുടെ മടിയില്‍ കിടന്ന്; 'എന്‍ഡകാസി' ഇനി ഓര്‍മ

ലോകം കീഴടക്കിയ 'സെല്‍ഫി' താരം; അന്ത്യയാത്ര പ്രിയപ്പെട്ട ബോമയുടെ മടിയില്‍ കിടന്ന്; 'എന്‍ഡകാസി' ഇനി ഓര്‍മ

എംബെന്‍സ കോംഗോ: ഒറ്റ സെല്‍ഫിയിലൂടെ ലോക പ്രസിദ്ധയായി മാറിയ എന്‍ഡകാസി എന്ന പെണ്‍ ഗൊറില്ല ഇനി ഓര്‍മ. കോംഗോയിലെ വിറുന്‍ഗ ദേശീയോദ്യാനത്തില്‍ താമസിച്ചു വന്ന എന്‍ഡാകാസി 14ാം വയസില്‍ മരണത്തിന് കീഴടങ്ങി. തന്റെ പ്രിയപ്പെട്ട സംരക്ഷകനും വിറുന്‍ഗ ദേശീയോദ്യാനത്തിലെ ജീവനക്കാരനുമായ ആന്‍ഡ്രേ ബോമയുടെ കൈകളില്‍ കിടന്നാണു എന്‍ഡാകാസി ജീവന്‍ വെടിഞ്ഞത്. കുറച്ചുകാലങ്ങളായി തുടരുന്ന അസുഖങ്ങളാല്‍ അവശയായിരുന്നു എന്‍ഡകാസി.

2019ല്‍ ആന്‍ഡ്രേ ബോമ എടുത്ത ഒരു സെല്‍ഫിയില്‍ എന്‍ഡകാസി പോസ് ചെയ്തതോടെയാണ് ഈ പെണ്‍ ഗൊറില്ല ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. മനുഷ്യരെ പോലെയുളള മുഖഭാവത്തോടെ നില്‍ക്കുന്ന എന്‍ഡകാസിയുടെ ചിത്രം ലോകമെങ്ങും തരംഗമാകുകയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സെല്‍ഫി മാത്രമല്ല വിവിധ വീഡിയോകളിലും 'വിറുംഗ' പോലുള്ള ഡോക്യുമെന്ററികളിലും എന്‍ഡകാസി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

എന്‍ഡാകാസിയും ബോമയും തമ്മില്‍ വലിയ അടുപ്പമാണ്. ഒരു സെല്‍ഫിയില്‍ ഒതുങ്ങുന്നതല്ല അവര്‍ തമ്മിലുള്ള ആത്മബന്ധം. ഒട്ടേറെ പ്രകൃതി സമ്പത്തുള്ള കോംഗോയില്‍ സായുധരായ അക്രമിസംഘങ്ങള്‍ പലപ്പോഴും മനുഷ്യരെയും വന്യ മൃഗങ്ങളെയും ആക്രമിക്കുന്നത് തുടര്‍ക്കഥയാണ്. 2007ല്‍ ഇത്തരത്തിലൊരു ആക്രമണത്തില്‍ വെടിയേറ്റാണ് എന്‍ഡകാസിയുടെ അമ്മ മരിച്ചത്.

മരിച്ച അമ്മയുടെ ശവം കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കുന്ന രണ്ട് മാസം പ്രായമുള്ള എന്‍ഡകാസിയെ ബോമ കണ്ടെത്തുകയായിരുന്നു. എന്‍ഡകാസിയുടെ മാതാവും പിതാവും ചങ്ങാതിയുമൊക്കെ പിന്നീട് ബോമയായിരുന്നു. വളര്‍ച്ചയെത്താത്തത്തതിനാല്‍ കാട്ടിലേക്കു വിടാതെ അനാഥ ഗൊറില്ലകളെ പാര്‍പ്പിക്കുന്ന സെന്‍ക്വേക്വേ കേന്ദ്രത്തില്‍ എന്‍ഡകാസിയെ പാര്‍പ്പിക്കാനായിരുന്നു വിറുന്‍ഗ പാര്‍ക്ക് അധികൃതരുടെ തീരുമാനം. പിന്നീട് എന്‍ഡകാസി ഇവിടം വിട്ടുപോയിട്ടില്ല.

എന്‍ഡകാസിയെ ഇത്രകാലം കാത്തുരക്ഷിക്കാനായതില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നു ബോമ പറഞ്ഞു. അവളുമായുള്ള ഇടപെടലുകളിലൂടെ മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള ആത്മബന്ധം താന്‍ മനസിലാക്കിയെന്നും ഏതുവിധേനയും ആള്‍ക്കുരങ്ങുകളെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും ബോമ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com