പൊറോട്ടയുമല്ല ബിരിയാണിയുമല്ല, ലോകത്തിലെ ഏറ്റവും ജനപ്രിയ ഭക്ഷണം? 

ലോകത്തില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന ഭക്ഷണം ഏതായിരിക്കും?
പൊറോട്ടയുമല്ല ബിരിയാണിയുമല്ല, ലോകത്തിലെ ഏറ്റവും ജനപ്രിയ ഭക്ഷണം? 

ഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്നെ നമ്മുടെ ഭക്ഷണരീതിയില്‍ കാര്യമായി മാറ്റം വന്നിട്ടുണ്ട്. കോവിഡും ലോക്ക്ഡൗണും മാത്രമല്ല കാരണം, സാഹചര്യം ഇതൊന്നുമല്ലെങ്കിലും നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ അടിക്കടി മാറാറുണ്ടെന്നതാണ് സത്യം. ചിലപ്പോള്‍ പതിവായി കഴിച്ചിരുന്ന ഭക്ഷണത്തിന്റെ വില കൂടിയതാകാം ഇതിന് കാരണം, മറ്റുചിലപ്പോള്‍ ഇഷ്ടഭക്ഷണം കഴിച്ച് ഒടുവില്‍ മടുത്തതു കൊണ്ടും ആകാം. ആരോഗ്യത്തെക്കുറിച്ചുള്ള വേവലാതികളും ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ കാര്യമായ മാറ്റം വരുത്താറുണ്ട്. എങ്കിലും ലോകത്തില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന ഭക്ഷണം ഏതായിരിക്കും?

നിങ്ങള്‍ക്ക് പാസ്ത ഇഷ്ടമാണോ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനയായ ഓക്‌സ്ഫാം നടത്തിയ സര്‍വേയില്‍ 50 ശതമാനം ആളുകളും പതിവായി കഴിക്കുന്ന ഭക്ഷണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 40 ശതമാനത്തോളം ആളുകള്‍ക്കും ഇഷ്ടഭക്ഷണം ഒഴിവാക്കേണ്ടി വന്നതില്‍ പ്രധാന കാരണം വിലക്കയറ്റം തന്നെ. ആരോഗ്യകരമായ ഭക്ഷണം വേണമെന്ന് മാറി ചിന്തിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇക്കുട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരുമുണ്ട്. ഇന്ത്യയ്ക്കു പുറമെ ഫിലിപ്പീന്‍സ്, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ആരോഗ്യം നോക്കി ഭക്ഷണം തെരഞ്ഞെടുക്കുന്നവര്‍ ഏറ്റവുമധികം. 

നിങ്ങള്‍ക്ക് പാസ്ത ഇഷ്ടമാണോ?, ഇറച്ചിയും, അരിയാഹാരവും പതിവായി കഴിക്കാറുണ്ടോ... അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല, കാരണം ഇത് മൂന്നുമാണ് ലോകത്തില്‍ കൂടുതല്‍ ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണം. ഇറ്റാലിയന്‍, ചൈനീസ്, ഇന്ത്യന്‍, മെക്‌സിക്കന്‍ വിഭവങ്ങള്‍ക്കാണ് ആരാധകര്‍ കൂടുതലും. ലോകത്തിലെ 17 രാജ്യങ്ങളില്‍ നിന്നുള്ള പതിനാറായിരത്തോളം ആളുകളില്‍ നടത്തിയ സര്‍വേയാണ് ഇത്തരം നിഗമനങ്ങളിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് ഇറ്റാലിയന്‍ വിഭവങ്ങളെക്കുറിച്ചാണ്. രണ്ടാം സ്ഥാനം ചൈനീസ് വിഭവങ്ങള്‍ക്കാണ്.

ഒന്നാമതെത്തി റെന്‍ഡാങ് 

ലോകത്തിലെ ഏറ്റവും മികച്ച 50 ഭക്ഷണങ്ങള്‍ ലിസ്റ്റ് ചെയ്തുള്ള സിഎന്‍എന്‍ പട്ടികയില്‍ ഒന്നാമതെത്തിയത് ഇന്തൊനേഷ്യയിലെ വെസ്റ്റ് സുമാത്രയില്‍ നിന്നുള്ള ബീഫ് വിഭവമായ റെന്‍ഡാങ് ആണ്. തേങ്ങാപാലില്‍ ലമണ്‍ഗ്രാസ്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, മുളക് എന്നിവയെല്ലാം ചേര്‍ത്ത് ബീഫ് ചെറുതീയില്‍ വേവിച്ചെടുത്താണ് റെന്‍ഡാങ് തയ്യാറാക്കുന്നത്.  ലിസ്റ്റില്‍ റെന്‍ഡാങിന് പിന്നിലായി ഇന്തൊനേഷ്യയുടെ തന്നെ പ്രിയപ്പെട്ട ഫ്രൈഡ് റൈസ് വിഭവമായ നാസി ഗോറെങ്  രണ്ടാമതെത്തി.

ടേക്ക് എവേയില്‍ കേമന്‍ പിസ

ടേക്ക് എവേയിലേക്ക് വരുമ്പോള്‍ ആരാധകര്‍ ഏറെയുള്ളത് പിസയ്ക്കാണ്. സൗകര്യം തന്നെയാണ് പ്രധാന ഘടകം. 109 രാജ്യങ്ങളില്‍ 44 ഇടത്തും ടേക്ക് എവേയില്‍ രാജാവാണ് നമ്മുടെ പിസ. ഹോം കണ്ട്രിയായ ഇറ്റലി മുതല്‍ മൊറോക്കോ, അര്‍ജന്റീന, ഇന്ത്യ എന്നിങ്ങനെ നീളുന്നു പിസ സ്‌നേഹികളുടെ നിര. ടേക്ക് എവേയില്‍ ജപ്പാന്‍ വിഭവമായ സൂഷീക്കും ആരാധകര്‍ ഏറെയാണ്. പത്ത് രാജ്യങ്ങളിലാണ് സൂഷി ഒന്നാമതുള്ളത്. കാനഡയും ഫിജിയുമടക്കമുള്ള ആറോളം രാജ്യങ്ങളില്‍ ഫിഷ് ആന്‍്‌റ് ചിപ്‌സ് ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒന്നാമതുള്ളപ്പോള്‍ അഞ്ച് രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്തെത്തി ഫ്രൈഡ് ചിക്കനും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. 

ഇന്ത്യന്‍, കൊറിയന്‍, തായ് രുചികളും, പാസ്ത, കെബാബ് തുടങ്ങിയ വിഭവങ്ങള്‍ക്കും ഏറെ ആരാധകര്‍ ഉണ്ടെങ്കിലും ടേക്ക് എവേയിലേക്ക് വരുമ്പോള്‍ അഞ്ചില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇവര്‍ക്ക് ഫാന്‍സില്ല. 

ഇന്ത്യയില്‍ ചിക്കന്‍ ബിരിയാണി

ഇന്ത്യയിലേക്ക് വന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയിരുന്നത് പിസ തന്നെയാണ്... പക്ഷെ വര്‍ക്ക് ഫ്രം ഹോം, ക്വാറന്റൈന്‍ തുടങ്ങിയ പുതിയ അനുഭവങ്ങള്‍ ഒരു തുടര്‍കഥയായതോടെ കാര്യങ്ങള്‍ മാറി. ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ചിക്കന്‍ ബിരിയാണി ആണെന്നാണ് സ്വിഗ്ഗിയും സൊമാറ്റോയും പറയുന്നത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ ചിക്കന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തുകൊണ്ടാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതെന്നാണ് സ്വിഗ്ഗിയുടെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ സൊമാറ്റോ ഓര്‍ഡര്‍ ഹിസ്റ്ററി നോക്കിയാന്‍ ഓരോ മിനിറ്റിലും 22 ചിക്കന്‍ ബിരിയാണിയാണ് ഡെലിവര്‍ ചെയ്തുകൊണ്ടിരുന്നത്. 

ബീഫിനു മൂന്നാം സ്ഥാനമേയുള്ളൂ!

ഓരോ പ്രദേശത്തും ലഭ്യമായ ചേരുവകളും അവയുടെ വിലനിലവാരവുമാണ് അവിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ കഴിക്കുന്ന വിഭവങ്ങള്‍ ഏതെന്നതില്‍ നിര്‍ണായകമാകുക. എന്നാല്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യം അങ്ങനെയല്ല. യുഎന്‍ ഫുഡ് ആന്‍്‌റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകള്‍ കഴിക്കുന്ന ഇറച്ചി വിഭവങ്ങള്‍ പന്നിയിറച്ചി ഉപയോഗിച്ച് തയ്യാറാക്കിയതാണ്. രണ്ടാം സ്ഥാനത്താണ് ചിക്കന്‍. മലയാളികളുടെ പ്രിയപ്പെട്ട ബീഫിനു മൂന്നാം സ്ഥാനമേയുള്ളൂ. മട്ടന്‍ നാലാം സ്ഥാനത്തുണ്ട്. മീനിന്റെ കാര്യമെടുത്താല്‍ ലോകത്ത് ഏറ്റവുമധികം അടുക്കളകളിലെത്തുന്നത് ചൂര മീനാണ്.

ലോകത്ത് ഏറ്റവുമധികം പേര്‍ കഴിക്കുന്ന പച്ചക്കറി തക്കാളിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാന്യങ്ങളുടെ കാര്യത്തില്‍ ചോളമാണ് മുന്നില്‍. ആഫ്രിക്കയുടെ പല ഭാഗത്തും ചോളമാണ് ആളുകളുടെ പ്രധാന ഭക്ഷണം. മൈദ, ആട്ട, റവ, പാസ്ത എന്നിങ്ങനെ പല രൂപത്തില്‍ മുന്നിലെത്തുന്ന ഗോതമ്പാണ് രണ്ടാം സ്ഥാനത്ത്. മലയാളികളുടെ അരിയാഹാരത്തിന് മൂന്നാം സ്ഥാനം മാത്രമേയുള്ളൂ കേട്ടോ. അതേസമയം, ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന വിളകളുടെ കൂട്ടത്തില്‍ നമ്മുടെ കപ്പയും മധുരക്കിഴങ്ങും ഉരുളക്കിഴങ്ങുമെല്ലാം തൊട്ടുപിന്നാലെയുണ്ട്.

ഇഷ്ടഭക്ഷണം എന്തായാലും അതു കഴിക്കുക എന്നതും കഴിക്കാനുണ്ടാവുക എന്നതും തന്നെയാണ് പ്രധാനം. ക്ഷാമകാലത്ത് കപ്പയും മാക്കറോണിയും കഴിച്ചു വിശപ്പടക്കിയതിനെക്കുറിച്ച് പഴമക്കാര്‍ പറയുന്നതു നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഇതേ കപ്പയും മാക്കറോണിയും തന്നെയാണ് ഫൈവ് സ്റ്റാര്‍ വിഭവങ്ങളായി ഇപ്പോള്‍ നമുക്കു മുന്നില്‍ എത്തുന്നതും. മറ്റെന്തിനെയും പോലെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളും മുന്‍ഗണനകളുമെല്ലാം മാറിമറിഞ്ഞുവരുന്നുണ്ടാവണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com