'കറുത്ത വിം', ആണുങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ബോട്ടിൽ പുറത്തിറക്കി; വിമർശനം, 'തമാശ'യെന്ന് വിശദീകരണം 

വിം പുറത്തിറക്കിയ പുതിയ ഡിഷ് വാഷ് ലിക്വിഡ് ഞൊടിയിടയിലാണ് വിവാദമായത്, ലിം​ഗവിവേചനമാണ് ഇത്തരം ആശയങ്ങളെന്ന വിമർശനമാണ് ഉയർന്നത്. ഒടുവിൽ വിവാദം തണുപ്പിക്കാൻ സംഭവം തമാശയാണെന്ന് പറഞ്ഞ് കമ്പനി രംഗത്തെത്തി
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

'പുരുഷന്മാർക്ക് വേണ്ടി' എന്ന അവകാശവാദത്തോടെ വിം കമ്പനി പുറത്തിറക്കിയ പുതിയ ഡിഷ് വാഷ് ലിക്വിഡ് ഞൊടിയിടയിലാണ് വിവാദമായത്. നടനും മോഡലുമായ മിലിന്ദ് സോമൻ അഭിനയിച്ച പരസ്യം  പുറത്തുവന്നതിന് പിന്നാലെ ലിം​ഗവിവേചനമാണ് ഇത്തരം ആശയങ്ങളെന്ന വിമർശനമാണ് ഉയർന്നത്. ഒടുവിൽ വിവാദം തണുപ്പിക്കാൻ സംഭവം ഒരു തമാശയായിരുന്നെന്ന് പറഞ്ഞ് കമ്പനി തന്നെ രംഗത്തെത്തിയിട്ടുണ്ട്. 

കറുത്ത ബോട്ടിലിൽ ഇറക്കിയ വിം ലിക്വിഡ്,  "ഇനി പുരുഷന്മാർക്ക് വീട്ടുജോലിയെ കുറിച്ച് കൂടുതൽ ആത്മപ്രശംസ നടത്താം, ധൈര്യമായി കറുത്ത വിം ഉപയോഗിച്ചോളൂ" എന്ന വാചകത്തോടെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ വിശദീകരണവുമായി കമ്പനി പുതിയ കുറിപ്പ് പങ്കുവച്ചു. "പ്രിയപ്പെട്ട പുരുഷന്മാരേ..." എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വിശദീകരണം. കറുത്ത കവർ ഞങ്ങൾ ​ഗൗരവമായി എടുത്തില്ലെങ്കിലും വീട്ടുജോലികൾ പുരുഷന്മാരും ചെയ്യണമെന്ന കാര്യം ഞങ്ങൾ ​ഗൗരവമായി തന്നെ കാണുന്നു എന്നാണ് കമ്പനിയുടെ വാക്കുകൾ. ഇതിനുപിന്നാലെ പുരുഷന്മാർക്കുള്ള ഒരു തുറന്ന കത്തും പങ്കുവച്ചിട്ടുണ്ട്. 

ലിമിറ്റഡ് എഡിഷൻ വിം ബ്ലാക്ക് ബോട്ടിലിനെക്കുറിച്ചുള്ള ചില വിവരണങ്ങൾ നൽകിയില്ല എന്ന് പറഞ്ഞ് തുടങ്ങുന്ന കത്തിൽ, ബോട്ടിലിന്റെ നിറത്തിൽ മാത്രമേ വ്യത്യാസമുള്ളു എന്നും അകത്തെ ലിക്വിഡ് പഴയതു തന്നെയാണെന്നുമാണ് പറയുന്നത്. ‌ഒരു പുരുഷനെയും അപമാനിക്കാൻ പരസ്യത്തിലൂടെ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു. നിങ്ങൾക്കും അടുക്കളയിൽ കയറാൻ പുതിയ കുപ്പിയുടെ ആവശ്യമൊന്നുമില്ല, ഇത് നിങ്ങളുടെയും ഉത്തരവാദിത്വമാണെന്ന ബോധ്യം മാത്രം മതി. പുതിയ വർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം പാത്രങ്ങൾ കഴുകുന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൂടാ?, എന്നാണ് കത്തിൽ ചോദിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com