'നമ്മൾ 36,000 അടി ഉയരത്തിലൊക്കെ യാത്ര ചെയ്യും, അതിലും മുകളിൽ പോയാൽ ദൈവത്തെ കണ്ടേക്കാം'; ബോറൻ സന്ദേശം രസകരമാക്കി പൈലറ്റ്; വിഡിയോ വൈറൽ 

വിമാനയാത്രയ്ക്ക് മുമ്പ് നൽകുന്ന നിർദേശങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് കേൾപ്പിച്ചുകൊണ്ടുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

മുന്നറിയിപ്പുകൾ കേട്ടുകൊണ്ടിരിക്കുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം നെടുനീളൻ വിവരണങ്ങൾ കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നത് പതിവാണ്, അതിപ്പോ വിമാനത്തിലാണെങ്കിലും അങ്ങനെതന്നെ. എന്നാൽ വിമാനയാത്രയ്ക്ക് മുമ്പ് നൽകുന്ന നിർദേശങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് കേൾപ്പിച്ചുകൊണ്ടുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. യാത്രയ്ക്കുമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഒരു കവിത ചൊല്ലുന്ന ശൈലിയിൽ പറഞ്ഞുപോകുകയാണ് പൈലറ്റ്. 

ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള സ്‌പേസ് ജെറ്റ് വിമാനത്തിലാണ് രസകരമായ അനൗൺസ്മെന്റ് നടന്നത്. എപിസ്റ്റ എന്ന യുവതിയാണ് ഇത് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 'ഡൽഹി-ശ്രീനഗർ വിമാനത്തിലാണ് ഞാൻ. പൈലറ്റിന്റെ മുന്നറിയിപ്പ് ഗംഭീരം. ആദ്യം ഇംഗ്ലീഷിലാണ് തുടങ്ങിയത്. പിന്നീട് ഹിന്ദിയിലേക്ക് മാറിയപ്പോൾ മുതലാണ് റെക്കോഡു ചെയ്യാനായത്', എന്ന് കുറിച്ചാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

'അരമണിക്കൂറിനുള്ളിൽ നമ്മൾ യാത്ര തുടങ്ങും. അതുവരെ എല്ലാവരും നല്ലകുട്ടികളായി ഇരിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. നമ്മൾ 36,000 അടി ഉയരത്തിലൊക്കെ യാത്ര ചെയ്യും. അതിനേക്കാൾ മുകളിലേക്ക് പോയാൽ ചിലപ്പോൾ ദൈവത്തെ കണ്ടേക്കാം...' നർമ്മം കലർത്തിയുള്ള പൈലറ്റിന്റെ അനൗൺ‌സ്മെന്റ് ഇങ്ങനെ പോകുന്നു.  ഇത് മാർക്കറ്റിങ് തന്ത്രമാണോ പൈലറ്റിന്റെ സ്വന്തം ആശയമാണോ എന്നറിയില്ല രണ്ടായാലും സ്വാഗതം ചെയ്യുന്നുവെന്നാണ് ഈപ്സിറ്റ കുറിച്ചിരിക്കുന്നത്. എല്ലാ പൈലറ്റുമാർക്കും അനുകരിക്കാവുന്ന മാതൃകയാണ് ഈ സ്‌പേസ് ജെറ്റ് പൈലറ്റെന്നാണ് കമന്റുകളിൽ പറയുന്നത്. യാത്രക്കാരെ ബോറടിപ്പിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെ തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും ചിലർ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com