1200 വര്‍ഷത്തിനിടെ ഭയാനകമായ കൊടും വരള്‍ച്ച; അമേരിക്ക മെഗാ ഡ്രോട്ടിന്റെ പിടിയില്‍; 'അന്ത്രപോളജനിക് ക്ലൈമറ്റ് ചെയ്ഞ്ച്' 

വരള്‍ച്ചയ്ക്ക് കാരണമാകുന്ന താപനിലാ വര്‍ധനവിന്റെ നാല്‍പ്പത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടലാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിരൂക്ഷമായ ഘട്ടത്തിലാണ് അമേരിക്ക. മെഗാ ഡ്രോട്ട് എന്നു വിളിക്കപ്പെടുന്ന അതിരൂക്ഷ വരള്‍ച്ചയുടെ പിടിയിലാണ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയും മെക്‌സിക്കോയുടെ വടക്കന്‍ മേഖലകളും.  1200 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മേഖലയില്‍ ഇത്തരം ഒരു പ്രതിഭാസം കാണപ്പെടുന്നതെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. 
 
ഭീതിദമായ ഒരു കാലാവസ്ഥാ മാറ്റമാണിതെന്ന് സൂചിപ്പിച്ച ഗവേഷകര്‍, മെഗാ ഡ്രോട്ട് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ടുവരുന്ന ഈ വരള്‍ച്ചയ്ക്ക് പ്രധാന പങ്കു വഹിയ്ക്കുന്നത് അന്ത്രപോളജനിക് ക്ലൈമറ്റ് ചെയ്ഞ്ച് എന്നു ഗവേഷകര്‍ വിളിക്കുന്ന മനുഷ്യരുടെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്ന് കലിഫോര്‍ണിയ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ പാര്‍ക്ക് വില്യംസ് പറയുന്നു.

വരള്‍ച്ചയ്ക്ക് കാരണം മനുഷ്യ ഇടപെടല്‍, ജലക്ഷാമം രൂക്ഷം

വരള്‍ച്ചയ്ക്ക് കാരണമാകുന്ന താപനിലാ വര്‍ധനവിന്റെ നാല്‍പ്പത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കലിഫോര്‍ണിയയും മറ്റ് പടിഞ്ഞാറന്‍ സര്‍വകലാശാലകളും വന്‍ ജലക്ഷാമമാണ് നേരിടുന്നത്. ഇപ്പോള്‍ കുടിവെള്ളം ബോട്ടിലുകളില്‍ പുറത്തു നിന്ന് ഇറക്കുമതി ചെയ്താണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. 

2021 ലാണ് വരള്‍ച്ച് ഏറ്റവും രൂക്ഷമായത്. ഈ ഫെബ്രുവരി വരെ പടിഞ്ഞാറന്‍ അമേരിക്കയുടെ 11 ശതമാനത്തോളം പ്രദേശം കൊടും വരള്‍ച്ചയുടെ പിടിയിലാണ്. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളായ മീഡ്, പവല്‍ തടാകങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലെത്തി. ഈ നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും ഈ കൊടും വരള്‍ച്ച നീണ്ടു നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. 

അതിരൂക്ഷ വരള്‍ച്ച തുടരും

എണ്ണൂറാം ആണ്ട് മുതല്‍ 1600 വരെയുള്ള കാലയളവില്‍ നിരന്തരമായി ഇത്തരം വരള്‍ച്ചകള്‍ മെക്‌സിക്കന്‍ മേഖലയില്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 800 ആണ്ടിനോട് ചേര്‍ന്നുണ്ടായ വരള്‍ച്ചയാണ് കൊടും വരള്‍ച്ചയായി കണക്കാക്കുന്നത്. ഇതുള്‍പ്പടെ നിരന്തരമായി ഉണ്ടായ വരള്‍ച്ചകള്‍ എല്ലാം തന്നെ ചുരുങ്ങിയത് 19 വര്‍ഷമെങ്കിലും നീണ്ടു നിന്നിട്ടുണ്ട്. 

1500 ല്‍ ഉണ്ടായ വരള്‍ച്ചയായിരുന്നു രണ്ടാം സ്ഥാനത്ത്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിനിടെ വരള്‍ച്ച വീണ്ടും രൂക്ഷമായി. എഡി 800  1600 വരെയുള്ള കാലഘട്ടത്തിലെ വരള്‍ച്ചകള്‍ വ്യത്യസ്ത പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം ഉണ്ടായവയാണ്. എന്നാല്‍ ഇപ്പോഴത്തേത് പ്രകൃതി പ്രതിഭാസങ്ങള്‍ മൂലമല്ലെന്നും, മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ടിട്ടുള്ള ആഗോളതാപനവുമാണ് കാരണവുമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com