അതറിഞ്ഞതിന് ശേഷം ആ സാലഡ് തൊടാൻ എനിക്ക് കഴിഞ്ഞിട്ടില്ല/ഫെയ്‌സ്ബുക്ക്‌
അതറിഞ്ഞതിന് ശേഷം ആ സാലഡ് തൊടാൻ എനിക്ക് കഴിഞ്ഞിട്ടില്ല/ഫെയ്‌സ്ബുക്ക്‌

'സാലഡിലെ ഉരുണ്ട റബര്‍ പോലത്തെ സാധനം ഒച്ച് ആയിരുന്നു എന്നറിഞ്ഞത് മാസങ്ങള്‍ക്കു ശേഷം'

വിയറ്റ്നാമിലെ ഹോചിമിനിലെ ഒരു റെസ്റ്റോറന്റിൽ അടുത്ത മേശയിലിരുന്ന ആളിന് കഴിക്കാൻ പ്ലേറ്റ് നിറയെ പൊരിച്ച വലിയ തേളിനെ കൊണ്ടു വച്ചപ്പോൾ ഞാൻ ഒന്നറച്ചു

വെജിറ്റേറിയന്‍ ഭക്ഷണത്തെക്കുറിച്ചുള്ള, എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയുടെ അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തിവിട്ടത്. ഈ പശ്ചാത്തലത്തില്‍ ചില ഭക്ഷണാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്, ഡോ. എസ്എസ് ലാല്‍ ഈ കുറിപ്പില്‍. ലോകത്ത് പലയിടത്തും ജോലി ചെയ്ത ഡോക്ടറും കോണ്‍ഗ്രസ് നേതാവുമായ എസ്എസ് ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം:

സുധാ മൂർത്തിയും ഒച്ചും തേളും ബീഫും

ശ്രീമതി സുധാ മൂർത്തിയുടെ വിവാദമായ അഭിപ്രായം കേട്ടിട്ട് വെജിറ്റേറിയൻ ഭക്ഷണമാണോ നോൺവെജിറ്റേറിയൻ ഭക്ഷണമാണോ നല്ലതെന്ന തർക്കത്തിൽ ചെന്നുപെട്ട ചില ശുദ്ധാത്മാക്കൾ നാട്ടിലുണ്ട്. ശുദ്ധാത്മാക്കളായി നടിക്കുന്നവരും. ഭക്ഷണമല്ല ഇവിടെ പ്രശ്നം. ഒരാൾ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ മറ്റൊരാൾക്ക് തെറ്റ് കണ്ടെത്താൻ കഴിയില്ല.

ജനിച്ച പ്രദേശത്തിന്റെ പ്രത്യേകതകളാണ് നമ്മുടെ ഭക്ഷണ രീതി തീരുമാനിക്കുന്നത്. രാജ്യത്തെ പല പ്രദേശങ്ങളിലെയും ബ്രാഹ്മണർ സസ്യഭുക്കുകൾ ആയിരിക്കുന്നത് അവർക്ക് സസ്യങ്ങൾ ആവശ്യമുള്ള തോതിൽ ലഭിക്കുന്നതു കൊണ്ടാണ്. ബംഗാളിലെ ബ്രാഹ്മണർ മത്സ്യം ഭക്ഷിക്കും. ജലത്തിൽ വളരുന്ന സസ്യമായാണ് അവിടെ മത്സ്യത്തെ കാണുന്നത്. മത്സ്യം കഴിക്കാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത നാടുകളിൽ പാവം മത്സ്യങ്ങൾ അവർ പോലുമറിയാതെ സസ്യമായി മാറി.

പൊതുവേ നോൺവെജ് ആയ സമൂഹത്തിലും കുടുംബത്തിലും ചിലർ വെജിറ്റേറിയൻ ഭക്ഷണരീതി തെരത്തെടുക്കാറുണ്ട്. സ്വിറ്റ്സർലണ്ടിന്റെ വിദേശകാര്യ വകുപ്പിൽ പ്രവർത്തിച്ച ദമ്പതികൾ ജനീവയിൽ ഞങ്ങളുടെ അയൽവാസികളായിരുന്നു. അവരുടെ പത്ത് വയസുകാരൻ സ്വയം തീരുമാനിച്ച് വെജിറ്റേറിയനായി മാറുകയായിരുന്നു. കാരണം അറിഞ്ഞപ്പോൾ അല്പം വിഷമം തോന്നി. ദമ്പതികൾ ഡൽഹിയിലെ സ്വിസ് എംബസിയിൽ ജോലി ചെയ്യുന്ന കാലം. ഇറച്ചി മാർക്കറ്റിൽ പോയപ്പോൾ മകനെയും കൂട്ടി. അവിടെ പരസ്യമായി കോഴിയെ കൊല്ലുന്നത് കണ്ട് കുട്ടി ഭയന്നുവിറച്ചു. പിന്നെ മാസാഹാരം തൊട്ടിട്ടില്ല. എല്ലായിനം മാംസാഹാരവും ലഭിക്കുന്ന സ്വിറ്റ്സർലണ്ടിൽ വെജിറ്റേറിയൻ എന്ന് പറഞ്ഞാൽ പല റെസ്റ്റോന്റുകൾക്കും മനസിലാകില്ല. അവിടത്തെ രീതി അതാണ്. പക്ഷേ ആ കുട്ടി വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നു. അതവന്റെ തീരുമാനം.

ജനീവയിലെ ഓഫീസ് കാന്റീനിൽ വെജിറ്റബിൾ സാലഡ് എന്ന് പറഞ്ഞ് കഴിച്ചിരുന്ന നല്ല ഭക്ഷണത്തിൽ രുചിയുള്ള ഉരുണ്ട റബർ പോലത്തെ സാധനം ഒച്ച് ആയിരുന്നു എന്ന് അറിഞ്ഞത് മാസങ്ങൾക്ക് ശേഷമാണ്. അതറിഞ്ഞതിന് ശേഷം ആ സാലഡ് തൊടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത് എന്റെ മാത്രം പ്രശ്നമായിരുന്നു. ഒച്ച് 'പുരണ്ട' പാത്രത്തിൽ കഴിക്കുന്നത് ഒഴിവാക്കാൻ ഞാൻ വീട്ടിൽ നിന്ന് പാത്രം കൊണ്ടു പോയില്ല. ഒച്ചിനെ രുചിയോടെ തിന്നുന്നവർ മോശം മനുഷ്യരായി തോന്നിയില്ല.

വിയറ്റ്നാമിലെ ഹോചിമിനിലെ ഒരു റെസ്റ്റോറന്റിൽ അടുത്ത മേശയിലിരുന്ന ആളിന് കഴിക്കാൻ പ്ലേറ്റ് നിറയെ പൊരിച്ച വലിയ തേളിനെ കൊണ്ടു വച്ചപ്പോൾ ഞാൻ ഒന്നറച്ചു. കൂടെയുണ്ടായിരുന്ന വിയറ്റ്നാംകാരൻ സുഹൃത്ത് അത് കണ്ടു. നിങ്ങൾ, ഇന്ത്യക്കാർ, വളരെ രുചിയോടെ ഞണ്ടിനെയും കൊഞ്ചിനെയും തിന്നാറുണ്ടല്ലോ എന്നാണ് അയാൾ പുഞ്ചിരിയോടെ എന്നോട് ചോദിച്ചത്.

തിബറ്റ്‌ പ്രദേശത്ത് താമസിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട മാംസ്യാഹാരം യാക്ക് ഇറച്ചിയാണ്. അതിലും നല്ല പോഷകാഹാരം അവിടെയില്ല. (നാട്ടിലെ പുതിയ പോഷകാഹാരത്തിന്റെ കാര്യം തൽക്കാലം ഇവിടെ ഓർക്കണ്ട. സീര്യസായ ഒരു കാര്യമാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്)

വീണ്ടും സുധാ മൂർത്തിയിലേയ്ക്ക് വരാം. സസ്യാഹാരത്തോടുള്ള മനോഭാവം അവരിലെ മിഥ്യാ സവർണ ബോധത്തിൽ നിന്നും ഉണ്ടായതാണ്. ഒരുപക്ഷേ അവർ പോലും അറിയാതെ. ചില ഭക്ഷണങ്ങൾ മോശമാണെന്നും അവ ഭക്ഷിക്കുന്നവർ കുറഞ്ഞവരാണെന്നും ധരിക്കുന്നവർ ഇന്ത്യയിൽ ഇന്നും ധാരളമാണ്. ലോകത്തെ അറിയാത്ത പാവം മനുഷ്യരാണവർ. സുധാ മൂർത്തിയും അവർക്കൊപ്പം സീറ്റ് പിടിച്ചത് മോശമായിപ്പോയി.

മെഡിക്കൽ കോളേജിൽ പഠിച്ചിരുന്നപ്പോൾ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഒരു സുഹൃത്ത് എപ്പോഴും കൂടെയുണ്ടായിരുന്നു. കോളേജ് കാന്റീനിൽ ഉച്ചയ്ക്ക് ബീഫ് ഇല്ലാത്ത ദിവസങ്ങളിൽ മാനേജരോട് വഴക്കിട്ട് പ്രതിഷേധമായി അയാൾ പട്ടിണിയിരിക്കുമായിരുന്നു അയാൾ ഇപ്പോഴും നല്ല ആരോഗ്യത്തോടെയിരിക്കുന്നു. രോഗികൾക്ക് കണ്ണിലുണ്ണിയായ പ്രശസ്ത ഡോക്ടർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com