സാമ്പാറുണ്ടാക്കാനും ചായ ഇടാനും ഷെഫ് പിള്ളയുടെ പൊടിക്കൈ, പിന്നാലെ 20 കിടിലൻ ടിപ്സും; കമന്റ് ബോക്സിലാകട്ടെ അടുക്കള നുറുങ്ങുകളുടെ മേളം 

'നിങ്ങൾക്ക് അറിയാവുന്ന പൊടികൈകൾ കമന്റിൽ എഴുതുക'… എന്നുകൂടി ഷെഫ് ചേർത്തിരുന്നു. കേട്ടപാതി കേൾക്കാത്തപാതി അണ്ണാൻ കുഞ്ഞും തന്നാലായത് എന്നുപറഞ്ഞ് കമന്റ് ബോക്സ് നിറയുന്ന കാഴ്ച്ചയായിരുന്നു
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

ക്ഷണപ്രിയർക്കിടയിൽ തരം​ഗം തീർക്കുന്ന വ്യക്തിയാണ് പ്രമുഖ ഫൈവ് സ്റ്റാർ ഷെഫായ സുരേഷ് പിള്ള. സുരേഷ് പിള്ളയുടെ റെസ്റ്റോറന്റിൽ ഒരിക്കലെങ്കിലും പോകണമെന്നാ​ഗ്രഹിക്കാത്ത ആഹാരപ്രിയർ കുറവായിരിക്കും. അപ്പോൾ, ഇതേ വ്യക്തിയിൽ നിന്ന് പാചകത്തിനുള്ള ചില നുറുങ്ങുവിദ്യകൾ കിട്ടായാലോ?, ഇരുകൈയും നീട്ടി സ്വീകിരിക്കുമെന്ന് ഉറപ്പ്. അങ്ങനെ ഷെഫ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ച രണ്ട് അടുക്കള നുറുങ്ങുകൾ ഞൊടിയിടയിലാണ് വൈറലായത്. സുരേഷ് പിള്ളയുടെ ടിപ്സ് മാത്രമല്ല കമന്റ് ബോക്സ് നോക്കിയാൽ അടുക്കള നുറുങ്ങുകളുടെ മേളം തന്നെയാണ്. 

"സാമ്പാറിന്റെ കഷണങ്ങൾ മുറിച്ച് കഴുകിയതിന് ശേഷം വെളിച്ചെണ്ണയും ലേശം കായം പൊടിയും, മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും നന്നായി തിരുമ്മി ഇരുപത് മിനുട്ട് വെച്ചതിന് ശേഷം സാമ്പാർ തയ്യാറാക്കുക! കായമിടാതെ  അവിയലിനും ഇത് പരീക്ഷിക്കാം", ഇതാണ് സുരേഷ് പിള്ള പങ്കുവച്ച ആദ്യത്തെ പൊടിക്കൈ. രണ്ടാമത്തേത് ചായക്ക് രുചി കൂട്ടാനുള്ള നുറുങ്ങുവിദ്യയാണ്. "നിങ്ങൾക്ക് ഇഷ്ടപെട്ട ഏതെങ്കിലും രണ്ട് ബ്രാൻഡ് ചായപ്പൊടി വാങ്ങി ഒരു കണ്ടെയിനറിൽ ലേശം പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഇനി ചായ ഇടുമ്പോൾ ആ പൊടി ചേർത്ത് ഉപയോ​ഗിക്കുക. രുചിയിൽ മാറ്റമുണ്ടാകും". ടിപ്സ് പങ്കുവച്ചതിനൊപ്പം നിങ്ങൾക്ക് അറിയാവുന്ന പൊടിക്കൈകൾ കമന്റിൽ എഴുതുക… ഇതിന്റെ റെസ്പോൺസ് നോക്കിയിട്ട് പുതിയ ടിപ്‌സുകൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും! എന്നുകൂടി ഷെഫ് ചേർത്തിരുന്നു. കേട്ടപാതി കേൾക്കാത്തപാതി അണ്ണാൻ കുഞ്ഞും തന്നാലായത് എന്നുപറഞ്ഞ് കമന്റ് ബോക്സ് നിറയുന്ന കാഴ്ച്ചയായിരുന്നു പിന്നെ.

"ഉണക്ക സ്രാവ് വറുക്കുമ്പോൾ ഒരു സവാള അരിഞ്ഞതും മസാലയുടെ കൂടെ നന്നായി ഞരടി മീനിന്റെ കൂടെ വറുത്തെടുത്താൽ നല്ല ടേസ്റ്റ് ആയിരിക്കും", "ഇഡലിക്കും, ദോശക്കും അരിയും ഉഴുന്നും അരക്കുമ്പോൾ അൽപ്പം ഉലുവ കുടി ചേർത്ത് അരച്ചാൽ നല്ല സോഫ്റ്റ് ആയിരിക്കും", "സാമ്പാർപൊടി ഉണ്ടാക്കുന്ന കൂടെ അൽപം അരി വറുത്ത് പൊടിച്ച് ചേർക്കുക നല്ല രുചിയും കൊഴുപ്പും ഉണ്ടാവും", "ഇഞ്ചിയുടെ തൊലി കളയാൻ കത്തിയേക്കാൾ എളുപ്പം സ്പൂൺ ഉപയോഗിച്ച് ചിരണ്ടുന്നത് ആണ്" എന്നിങ്ങനെ നീളുന്നു കമന്റുകൾ. "നല്ലത് പോലെ വിശന്ന് പിടി വിടുമ്പോൾ ആഹാരം കഴിയ്ക്കുക അന്യായ രുചി ആയിരിക്കും", "ഒരു പാക്കറ്റ് ചിപ്സ് പൊട്ടിച്ചാൽ മൊത്തം ഇരുന്നു തിന്നു തീർക്കുക. ഇത് ചിപ്സ് തണുത്തു പോകാതെ സൂക്ഷിക്കാനും ഉറുമ്പരിക്കാതിരിക്കാനും ഉത്തമം!" തുടങ്ങിയ രസകരമായ ടിപ്സും ഇക്കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 

കമന്റുകൾ പെരുകിയതോടെ കൂടുതൽ അടുക്കള നുറുങ്ങുകളുമായി ഷെഫ് വീണ്ടുമെത്തി.

1. ചോറ്‌ എളുപ്പത്തിൽ വേവിക്കാൻ രാത്രിയിൽ കുതിർത്ത്‌ ഫ്രിഡ്ജിൽ വയ്ക്കുക. (ബസ്മതിയല്ല)
2. തേങ്ങ വറുത്തരക്കുന്നതിന്‌ മുൻപ്‌ മിക്സിയിൽ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും വറുത്തെടുക്കാം!
3. മീൻ കറിയിൽ കല്ലുപ്പ്‌ ഉപയോഗിക്കുക, വൃത്തിയാക്കാൻ കല്ലുപ്പ്‌ ഇട്ട്‌ വയറ്റണം
4. മീൻ കറിക്കു താളിക്കുമ്പോൾ കടുകിനോടൊപ്പം അൽപ്പം ഉലുവ കൂടി ചേർക്കുക.
5. അവിയൽ വെക്കുമ്പോൾ കുറച്ച്‌ ഉണക്ക ചെമ്മീൻ ഇടുക! (മീനവിയൽ)
6. അവിയൽ മഞ്ഞൾ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായി കടലയും, കശുവണ്ടിയും ചേർക്കാം!
7. പച്ചക്കറികൾ എല്ലം പാകം ചെയ്യുന്നതിനു മുൻപ്‌ ഒരു പാത്രത്തിൽ മഞ്ഞപ്പൊടിയിട്ട് വെള്ളത്തിൽ ഇട്ട്‌ വയ്ക്കുക!
8. മല്ലിപൊടി കടയിൽനിന്നും വാങ്ങാതെ മല്ലി വാങ്ങി ആവശ്യത്തിന്‌ പൊടിച്ചു ഉപയോഗിക്കുക. കറികളുടെ ഗുണവും മണവും കൂടും!
9. വറുക്കാനുള്ള എണ്ണ വൃത്തിയാക്കാൻ ഒരൽപ്പം വെന്ത ചോർ ഇട്ടു വറക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും!
10. എളുപ്പത്തിൽ ഗ്രേവി ഉണ്ടാക്കാൻ തക്കാളി മൈക്രോവേവ് ചെയ്തതിനു ശേഷം കറിയിൽ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാർക്ക്‌ മാത്രം!!)
11. പാൽ ഉപയോഗിച്ചുള്ള പായസങ്ങളിൽ അൽപ്പം പഞ്ചസാര കാരമലൈസ്‌ ചെയ്തിടുക!
12. വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷു വെച്ചു നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക നല്ല ക്രിപ്സിയായി പൊരിച്ചെടുക്കാം!
13. ഗരംമസാലകൾ മുഴുവനായും ഉപയോഗിക്കുമ്പോൾ ഒരു നേർത്ത തുണിയിൽ കെട്ടിയിട്ടു വയറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്പോൾ മസാല കടിച്ചു കറിയുടെ ഫ്ളേവർ‌ പോകാതെ ആസ്വദിക്കാം!
14. വറുക്കാനും വയറ്റാനുമുള്ള പാൻ(നോൺ സ്റ്റിക്ക്‌ അല്ലങ്കിൽ) പാകം ചെയ്യുന്നതിനുമുൻപ്‌ എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയിൽപിടിക്കാതെ ഉണ്ടാക്കാം.
15. പപ്പടം വറുത്തതിനുശേഷം പപ്പടത്തിൽ ചുടോടെ കുറച്ചു ഇഡലി പൊടിയിടുക(idli chutney powder)
16. മീനച്ചാർ ഉണ്ടാക്കുമ്പോൾ വെള്ളത്തിനുപകരം കുടമ്പുളിയിട്ട വെള്ളമൊഴിക്കുക.
17. ചെമ്മീൻ ചമ്മന്തിക്ക്‌ പകരം ഉണക്കമീൻ പൊടിയിട്ടും ഉണ്ടാക്കാം.
18. ചെമ്മീൻ കറിയുണ്ടാക്കുമ്പോൾ ചെമ്മീന്റെ തൊലിയും, തലയും എണ്ണയിൽ വയറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച്‌ അരിച്ച സ്റ്റോക്ക്‌ കറിയിലേക്ക്‌ ഒഴിക്കുക!
19. ഇഞ്ചിയും വെളുത്തുള്ളിയും അരയ്ക്കുന്നതിനോപ്പം കുറച്ച്‌ എണ്ണ ചേർത്ത്‌ അരയ്ക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കിൽ എടുക്കുക.
20. വിശപ്പില്ലന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയിൽ കടുകും ചുമന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച്‌ അരികെ വെയ്ക്കുക! മലയാളിയാണെങ്കിൽ കഴിച്ചിരിക്കും!!! 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com