വാലന്റൈന്‍സ് ഡേയുടെ തുടക്കം അറിയാമോ? ചോസറിന്റെ കവിത മുതല്‍ ചോക്ലേറ്റ് വരെ, പ്രണയദിനത്തിന് മാറ്റങ്ങളേറെ 

ജെഫ്രി ചോസര്‍ എഴുതിയ "പാര്‍ലമെന്റ് ഓഫ് ഫോള്‍സ്" എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

"വാലന്റൈന്‍സ് ഡേ", പ്രണയമില്ലാത്തവരെ പോലും പ്രണയിപ്പിക്കാന്‍ കൊതിപ്പിക്കുന്ന ഒരു ദിവസമാണിത്. സമ്മാനവും പ്രണയലേഖനവും കാന്റില്‍ ലൈറ്റ് ഡിന്നറുമൊക്കെയായി വളരെ ഹൃദ്യമായാണ് ഈ ദിനം ആഘോഷിക്കപ്പെടാറ്. പ്രണയദിനമൊക്കെ ക്ലീഷെ ആണെന്ന് പരിഹസിച്ചാല്‍ പോലും പ്രണയിക്കുന്നയാളുടെ കൈയില്‍ നിന്നൊരു സമ്മാനം കിട്ടിയാല്‍ മതിമറന്ന് സന്തോഷിക്കുന്നവരാണ് ഏറെയും. എന്നാല്‍ എവിടെനിന്നാണ് ഈ വാലന്റൈന്‍സ് ഡേയുടെ തുടക്കം എന്നാലോചിച്ചിട്ടുണ്ടോ?

ചോസറിന്റെ കവിത

14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ "പാര്‍ലമെന്റ് ഓഫ് ഫോള്‍സ്" എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്. അതിനോടകം റോമന്‍ രക്തസാക്ഷിയായ വിശുദ്ധ വാലന്റൈന്റെ ഓര്‍മ്മദിനമായി ഈ ദിവസം പ്രസിദ്ധമായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് അവരുടെ പ്രണയം കണ്ടെത്താനുള്ള ഒരു ദിവസമായി ഫെബ്രുവരി 14നെ വിശേഷിപ്പിച്ചത് ചോസര്‍ ആണ്. 

പ്രണയത്തില്‍ പരാജയപ്പെട്ട ഒരു വ്യക്തിയാണ് ചോസറിന്റെ കവിതയിലെ ആഖ്യാതാവ്. നന്നായി പ്രണയിക്കാന്‍ പഠിക്കാനെടുക്കുന്ന സമയം കണക്കുകൂട്ടുമ്പോള്‍ ജീവിതം വളരെ ഹ്രസ്വമാണെന്ന നിരാശയാണ് ഇയാള്‍ക്ക്. ഇയാള്‍ ഉറങ്ങുമ്പോള്‍ ഒരു സ്വപ്‌നം കാണും, ഒരു പൂന്തോട്ടത്തില്‍ പലതരം പക്ഷികള്‍ ഒത്തുകൂടിയിരിക്കുകയാണ്. അവരോട് പ്രകൃതി പറയുകയാണ്, എല്ലാ വര്‍ഷവും വിശുദ്ധ വാലന്റൈന്റെ ഓര്‍മ്മദിവസം പക്ഷികള്‍ ഇവിടെയെത്തി തങ്ങളുടെ നിയമങ്ങള്‍ക്കനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്തുമെന്ന്. ഇത് ചെറിയ ആശയക്കുഴപ്പത്തിനും സംവാദത്തിനുമൊക്കെ കാരണമായി. നിയമങ്ങള്‍ക്കനുസരിച്ച് എന്ന് പറയുന്നതിനോട് പക്ഷികള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല, കാരണം അവരെല്ലാം തങ്ങളുടെ പങ്കാളികളില്‍ വ്യത്യസ്ത കാര്യങ്ങളാണ് വിലമതിച്ചിരുന്നത്. 

പ്രണയത്തിന്റെ പുതിയമുഖം

ഒരുപക്ഷെ ഇന്നത്തെ പോലെ ചോസറിന്റെ കാലത്തും സമ്മാനങ്ങള്‍ നല്‍കുന്നതിനെ വലിയ ആചാരമായി തന്നെയായിരിക്കും കണ്ടിരുന്നത്. ഒരു കാര്യം നിറവേറ്റാമെന്നുള്ളതിന്റെ ടോക്കണ്‍ എന്നായിരുന്നു പഴയ ഇംഗ്ലീഷില്‍ 'വെഡ്' എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. 13-ാം നൂറ്റാണ്ട് വരെ വിവാഹത്തിന് ഒരു ചടങ്ങിന്റെ പ്രതിച്ഛായ കൈവന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ വിവാഹം ക്രിസ്തീയവല്‍ക്കരിക്കുകയും തകര്‍ക്കാനാവാത്ത പ്രതിബദ്ധതയായി രൂപാന്തരപ്പെടുകയും ചെയ്തു. പാട്ടുകളിലും കഥകളിലും മറ്റ് കലാരൂപങ്ങളിലുമെല്ലാം പ്രണയത്തിന്റെ പുതിയ സമ്പ്രദായങ്ങള്‍ ആവിര്‍ഭവിച്ചു. ഇത് വലിയ സ്വാധീനമാണുണ്ടാക്കിയത്, ആളുകള്‍ പ്രണയലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി, പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങി. 

പ്രണയസമ്മാനങ്ങള്‍

മോതിരം, ബെല്‍റ്റ്, ഗ്ലൗസ്, കര്‍ച്ചീഫ് എന്നുവേണ്ട ചീപ്പ്, കണ്ണാടി, പേഴ്‌സ്, പാത്രങ്ങള്‍ തുടങ്ങിയവ അന്ന് കൈമാറിയിരുന്ന പ്രണയസമ്മാനങ്ങളുടെ ഉദാഹരണങ്ങളാണ്. കഥകള്‍ക്കപ്പുറം സമ്മാനങ്ങള്‍ക്ക് ചില നിയമപരമായ പ്രാധാന്യവുമുണ്ട്. 13-ാം നൂറ്റാണ്ടുമുതല്‍ പ്രാധാന്യം നേടിയ വിവാഹമോതിരങ്ങള്‍ കൊടുത്തയാളുടെയും വാങ്ങിയ ആളുടെയും സമ്മതത്തോടെ ഒരു കല്യാണം നടന്നു എന്നത് തെളിയിക്കുന്നതാണ്.

ചോസറിനെപ്പോലെ 20-ാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോം ആളുകള്‍ സ്‌നേഹമെന്ന കല പഠിക്കണമെന്ന് കരുതിയ വ്യക്തിയാണ്. പ്രണയമെന്നാല്‍ ഭൗതീകവസ്തുക്കള്‍ കൈമാറുന്നത് മാത്രമല്ലെന്നും ഒരാളുടെ സന്തോഷം, ആഗ്രഹങ്ങള്‍, ധാരണകള്‍, അറിവ്, തമാശ, സങ്കടം ഇവയെല്ലാം നല്‍കുന്നതാണെന്നുമാണ് എറിക് ഫ്രോം കരുതിയത്. എന്നാല്‍ ഇത് ശീലിക്കാന്‍ സമയമെടുക്കും. 

സമ്മാനങ്ങളില്‍ ഒരുകാലത്ത് കാര്‍ഡുകളാണ് നിറഞ്ഞുനിന്നിരുന്നത്. ഇപ്പോഴത് പൂക്കള്‍, ആഭരണങ്ങള്‍, ചോക്ലേറ്റ് എന്നവയ്ക്ക് വഴിമാറി. നടി ആഞ്ജലീന ജോളിയും ബില്ലി ബോബ് തോണ്‍ടണും രക്തം പുരട്ടിയ വെള്ളി ലോക്കറ്റ് കൊണ്ടുള്ള മാല കൈമാറിയതുപോലെ പ്രണയ സമ്മാനങ്ങളുടെ ചില വിചിത്ര ഉദാഹരണങ്ങളുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com