ഇതുവരെ കാണികളെ നിറച്ചതിന്റെ റെക്കോര്‍ഡ് മഞ്ഞപ്പടയ്ക്ക്; എവേ ഫാന്‍സില്‍ ബ്ലാസ്റ്റേഴ്‌സ് മുട്ടുമടക്കി

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആവറേജ് കാണികള്‍ മത്സരം കാണാന്‍ എത്തിയിരിക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്
ഇതുവരെ കാണികളെ നിറച്ചതിന്റെ റെക്കോര്‍ഡ് മഞ്ഞപ്പടയ്ക്ക്; എവേ ഫാന്‍സില്‍ ബ്ലാസ്റ്റേഴ്‌സ് മുട്ടുമടക്കി

മൂന്ന് സമനിലയും ഒരു തോല്‍വിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം സീസണിലെ തുടക്കം. കടലാസിലെ പുലികളായി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന് സീസണില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്ന സംശയം ആദ്യ ഹോം മാച്ചിന് ശേഷം തന്നെ ഉടലെടുത്തെങ്കിലും ടീമില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബാക്കി രണ്ട് ഹോം മത്സരങ്ങളിലേക്കും ആരാധകര്‍ എത്തിക്കൊണ്ടിരുന്നു. 

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആവറേജ് കാണികള്‍ മത്സരം കാണാന്‍ എത്തിയിരിക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്. എവേ ഫാന്‍സിന്റെ കാര്യത്തില്‍ ഇതുവരെ പുനെ സിറ്റിയാണ് ഒന്നാമത്. 

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് ശേഷം കാണികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് അറ്റന്‍ഡന്‍സ് സൃഷ്ടിച്ച മഞ്ഞപ്പട ഈ സീസണില്‍ ടീമിന്റെ പ്രകടനത്തില്‍ നിരാശരായി ഗ്യാലറിയിലേക്കെത്താന്‍ വിസമ്മതിക്കുമോ എന്നാണ് ഇനിയുള്ള ഹോം മത്സരങ്ങളില്‍ കാണേണ്ടത്. 

വേള്‍ഡ്ഫുട്‌ബോള്‍.നെറ്റ് പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം 109,606 കാണികളാണ് കൊച്ചിയില്‍ മഞ്ഞപ്പടയ്ക്കായി ആരവം തീര്‍ക്കുന്നതിനായി എത്തിയത്. മറ്റ് ഐഎസ്എല്‍ ടീമുകള്‍ക്ക് അവകാശപ്പെടാനാകാത്തതാണ് ഇത്. 36,535 ആണ് കൊച്ചിയിലേക്കെത്തുന്ന ശരാശരി കാണികള്‍. 

ഇതുവരെ ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കാണികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 32,816 പേരാണ് കൊല്‍ക്കത്തയുടെ മത്സരം കാണുന്നതിനായി എത്തിയത്. 

28,365 ആണ് പുനെയുടെ എവേ മത്സരം കാണാനായി ഗ്യാലറിയിലേക്കെത്തുന്ന ശരാശരി കാണികളുടെ എണ്ണം. ഇതുവരെയുള്ള പുനെയുടെ  എല്ലാ എവേ മത്സരങ്ങളും കാണാന്‍ എത്തിയിരിക്കുന്നതാവട്ടെ 56,729 പേര്‍. എവേ മത്സരങ്ങളുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കുറച്ചു പിന്നിലാണ്. 18,482 എവേ കാണികളാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാനായി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com