ഗാലറിയെ ആവേശത്തിലാഴ്ത്താന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ തിരിച്ചെത്തുന്നു

ഹ്യൂമിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഗാലറിയെ ആവേശത്തിലാഴ്ത്താന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ തിരിച്ചെത്തുന്നു

കോഴിക്കോട്: ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവുമായി പുതിയ വാര്‍ത്തയെത്തി. മലയാളിയുടെ സ്വന്തം ഹ്യൂമേട്ടന്‍ മഞ്ഞ ജേഴ്‌സിയുമായെത്തുന്നു. ഐഎസ്എല്ലിന്റെ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇയാന്‍ ഹ്യൂമുമായി കരാറൊപ്പിട്ടു. ഡ്രാഫ്റ്റിലൂടെ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ താരവുമായി പുതിയ സീസണിലേക്ക് കരാറൊപ്പിട്ടത്. 

ഹ്യൂമിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഹ്യൂമിന്റെ വീഡിയോ പങ്കുവെച്ച് അതിനോടൊപ്പം ഹ്യൂം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് എഴുതിയത്. കൊല്‍ക്കത്തയും പുണെ എഫ്.സിയും ഹ്യൂമിനെ സമീപിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനാണ് കനേഡിയന്‍ താരം താത്പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് കരാറിലെത്തുകയായിരുന്നു. 

ഇന്ത്യന്‍ സൂപ്പര്‍ലീഗ് കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഹ്യൂം ആദ്യ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്കെത്തിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയതാണ്. പിന്നീടുള്ള രണ്ട് സീസണുകളില്‍ ഹ്യൂം കൊല്‍ക്കത്തയിലേക്ക് ചേക്കേറി. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിന് എതിരെ ഫൈനലില്‍ അതിലറ്റിക്കോ ഡി കൊല്‍ക്കത്ത കളിച്ചപ്പോഴും ഹ്യൂം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. എന്നിട്ടും മലയാളികള്‍ക്ക് ഹ്യൂമിനോടുള്ള ആരാധനയില്‍ ഒട്ടും തന്നെ കുറവില്ല.

മൂന്നു സീസണുകളിലായി 23 ഗോളാണ് മുപ്പത്തിമൂന്നുകാരനായ ഇയാന്‍ ഹ്യൂം ഇതുവരെ ഐഎസ്എല്ലില്‍ വാരിക്കൂട്ടിയത്. ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ഹൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതി ഹ്യൂം നേടി. 

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലക്‌സ് ഫെര്‍ഗൂസന്റെ സഹായിയായിരുന്ന റെനെ മെവുലെന്‍സ്റ്റീന്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാനായി എത്തുന്നത്. അരാറ്റ ഇസുമി, ജാക്കിചന്ദ്, സി കെ വിനീത് എന്നിരോടൊപ്പമുള്ള ഹ്യൂമിന്റെ ആവേശഭരിതമായ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com