മുസ്ലീം കായികതാരങ്ങള്‍ക്ക് ഹിജാബുമായി നൈക്ക്

അടുത്ത വര്‍ഷം മുതലായിരിക്കും മുസ്ലീം വനിതാ കായിക താരങ്ങള്‍ക്കായുള്ള നൈക്കിന്റെ ഹിജാബ് വിപണിയിലെത്തി തുടങ്ങുക
മുസ്ലീം കായികതാരങ്ങള്‍ക്ക് ഹിജാബുമായി നൈക്ക്

മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കായിക മേഖലയില്‍ മുന്നോട്ടു വരുന്നതിന് നിരവധി വെല്ലുവിളികളാണ് അതിജീവിക്കേണ്ടി വരുന്നത്. മതം നിഷ്‌കര്‍ശിക്കുന്ന വസ്ത്രധാരണ രീതിയില്‍ നിന്നും പുറത്തുവരുമ്പോഴുണ്ടാകുന്ന കോലാഹലങ്ങളാണ് അതില്‍ ഒന്നാമതായുള്ളത്. 

എന്നാല്‍ ഈ പ്രശ്‌നത്തിനിപ്പോള്‍ പരിഹാരവുമായാണ് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്ക് രംഗത്തെത്തിയിരിക്കുന്നത്. വനിതാ കായിക താരങ്ങള്‍ക്കായുള്ള ഹിജാബാണ് നൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതലായിരിക്കും ഹിജാബ് വിപണിയിലെത്തുകയെന്നും നൈക്ക് വ്യക്തമാക്കുന്നു. 

മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന വനിതാ കായിക താരങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ ഹിജാബ് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ സ്‌കേറ്റിങ് താരം സഹ്‌റ ലാറിയും പുതിയ ഹിജാബ് ആദ്യമായി പരീക്ഷിച്ചവരില്‍ ഉള്‍പ്പെടും. യുനൈറ്റഡ് അറബ് എമറൈറ്റ്‌സിനായി ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ നൈക്കിന്റെ ഹിജാബ് ധരിച്ചായിരിക്കും സഹ്‌റയെത്തുക.

റിയോ ഒളിംപിക്‌സില്‍ ഹിജാബ് ധരിച്ചെത്തിയ അമെരിക്കന്‍ മുസ്ലീം വനിതാ ഫെന്‍സര്‍ താരം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.  ഹിജാബ് ധരിച്ച് കളിക്കളത്തിലിറങ്ങുന്നതിനുള്ള വിലക്ക് 2016ല്‍ ഫിഫ പിന്‍വലിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ തലമൂടിയെത്തുന്നവരെ മത്സരിപ്പിക്കില്ലെന്ന ലോക ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com