ടെസ്റ്റ് ക്രിക്കറ്റിന് മാത്രമല്ല, ആദ്യ അമ്പയറിങ് വിവാദത്തിനും ആദ്യ വാതുവയ്പിനും പിന്നെ ആദ്യ സെഞ്ചുറിക്കും കൂടി 140

140 വര്‍ഷം മുന്‍പ് 1877 മാര്‍ച്ച് മാര്‍ച്ച് 15ന് ഇംഗഌും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ സംഭവങ്ങളിലൂടെ
1877-78ലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം
1877-78ലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം

മാര്‍ച്ച് 15, 1877: മെല്‍ബണ്‍ മൈതാനത്ത് അഞ്ചുദിവസം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കാന്‍ രണ്ടു രാജ്യങ്ങള്‍ തീരുമാനിച്ച ദിവസം. ഓസ്‌ടേലിയന്‍ സമയം ഉച്ചയ്ക്ക് 1.05ന് ആദ്യ മല്‍സരത്തിനായി ഓസ്‌ട്രേലിയന്‍ ഇലവന്‍ ക്യാപ്റ്റന്‍ ഡേവ് ഗ്രിഗറിയും ഇംഗ്‌ളണ്ട് ഇലവന്‍ ക്യാപ്റ്റന്‍ ജെയിംസ് ലില്ലി വൈറ്റും കൈകൊടുത്തു. ആതിഥേയരായ ഓസ്‌ട്രേലിയക്കാരോട് ആദ്യം ബാറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചു. 48 ദിവസം തുടര്‍ച്ചയായി കപ്പല്‍യാത്ര ചെയ്‌തെത്തിയ ഇംഗഌഷ് സംഘം പന്തെടുത്തു. ആ കളിയെ പിന്നീട് രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ ക്രിക്കറ്റ് മല്‍സരമെന്നു ചരിത്രം രേഖപ്പെടുത്തി. 140 വര്‍ഷം കഴിഞ്ഞ് 2017 മാര്‍ച്ചില്‍ ഗൂഗിള്‍ ഗംഭീരമായ ഒരു ഡൂഡില്‍ സൃഷ്ടിച്ച് ആ ചരിത്രത്തെ സ്മരിച്ചു.
ഇംഗഌണ്ടിനു വേണ്ടി ആദ്യം പന്തെറിഞ്ഞത് ആല്‍ഫ്രഡ് ഷോ ആയിരുന്നു. പിന്നീട് എക്കാലത്തേക്കുമായി ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ചാള്‍സ് ബെന്നര്‍മാന്‍ ആണ് ബാറ്റ്‌സ്മാന്‍. ആല്‍ഫ്രഡ് ഷോയുടെ രണ്ടാമത്തെ പന്ത് ലോങ് ഓണിലേക്കു നീട്ടിയടിച്ച് ബെന്നര്‍മാന്‍ ആദ്യ റണ്‍ നേടി. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യത്തെ റണ്‍. 
ഷോയുടെ അടുത്ത ഓവറില്‍ ടെസ്റ്റിലെ ആദ്യ ഡ്രോപ് ക്യാച്ച്. ബെന്നര്‍മാന്‍ ഉയര്‍ത്തിയടിച്ച പന്തിലെ കോട്ട് ആന്‍ഡ് ബൗള്‍ഡ് സാധ്യത ഷോ കളഞ്ഞുകുളിച്ചു. അത് ശരിക്കും ലൈഫ് ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയും ആദ്യ ടെസ്റ്റിലെ ആദ്യ ദിനം തന്നെ പിറന്നു. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍  ബെന്നര്‍മാന്‍ 124 റണ്‍ നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ആദ്യ ദിനം ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ആറിന് 166. ശേഷിച്ചവരെല്ലാവരും കൂടി നേടിയത് 42 റണ്‍സ് മാത്രം. 
രണ്ടാംദിനം ബെന്നര്‍മാനെ ശരിക്കും എറിഞ്ഞ് ഇടുകതന്നെയായിരുന്നു. 165-ല്‍ നില്‍ക്കുമ്പോള്‍ ജോര്‍ജ് ഉലിയറ്റിന്റെ പന്ത് ചൂണ്ടുവിരലില്‍ തന്നെ പതിച്ചു. വിരല്‍ മുറിഞ്ഞ് ചോരയൊഴുകി. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ പരുക്കും ആദ്യ റിട്ടയേഡ് ഹര്‍ട്ടും അവിടെ സംഭവിച്ചു. 
ബെന്നമാന്‍ പരുക്കേറ്റു മടങ്ങുമ്പോള്‍ ഏഴിന് 240ല്‍ നിന്ന ഓസ്‌ട്രേലിയ അഞ്ചു റണ്‍ കൂടി എടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. ഇംഗഌണ്ട് ഇന്നിങ്‌സ് മൂന്നാം ദിനം ഉച്ചയ്ക്ക് 196 റണ്‍സിന് അവസാനിച്ചു. ഇംഗ്‌ളണ്ട് ഇന്നിങ്‌സിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അമ്പയറിങ് വിവാദം. ഇംഗഌഷ് ഓപ്പണര്‍ ജപ്പ് ബാറ്റ് ചെയ്യുന്നതിനിടെ കാല്‍ സ്റ്റംപില്‍ കൊണ്ട് ബെയില്‍ താഴെ വീണു. ഔട്ട് അല്ലെന്ന് അംപയര്‍ വിധിച്ചു. ഓസ്‌ട്രേലിയന്‍ കളിക്കാരും കാണികളും ഇളകി. അംപയര്‍ വഴങ്ങിയില്ല. ഹിറ്റ് വിക്കറ്റ് എന്ന ആദ്യ ഔട്ട് സാധ്യത ആദ്യ ടെസ്റ്റില്‍ നിന്ന് അങ്ങനെ വഴിമാറി. പക്ഷേ, കാണികള്‍ കലാപവുമായി ഇറങ്ങിയതോടെ ക്രിക്കറ്റിലെ ആദ്യ കലാപത്തിനും മെല്‍ബണ്‍ വേദിയായി. 
രണ്ടാം ഇന്നിങ്‌സ് തുടങ്ങാന്‍ മുറിവേറ്റ വിരലുമായി എത്തിയ ബന്നര്‍മാന്‍ നാലു റണ്‍സിനു പുറത്തായി. 49 റണ്‍ ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മൊത്തം 153 റണ്‍ ലീഡ് നേടാനെ കഴിഞ്ഞുള്ളു. ഷായുടെ അഞ്ചുവിക്കറ്റ് നേട്ടത്തില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു. പക്ഷേ, മറുപടിയുമായി ഇറങ്ങിയ ഇംഗഌണ്ട് 108 റണ്‍സിനു പുറത്തായി. രേഖപ്പെടുത്തപ്പെട്ട ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 45 റണ്‍സിന്റെ ജയം. അന്നു മല്‍സരത്തിലെ താരമായ ബെന്നര്‍മാന് കാണികള്‍ പിരിവെടുത്ത് 89 പൗണ്ട് സമ്മാനം നല്‍കി. ഓസിസ് ക്യാപ്റ്റന്‍ ഡേവ് ഗ്രിഗറിക്ക് വിക്ടോറിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ സ്വര്‍ണ മെഡലും ലഭിച്ചു. 
അതൊരു തുടക്കമായിരുന്നു. പിന്നീട് ഏഴു വര്‍ഷത്തിനിടെ 13 ടെസ്റ്റ് ല്‍സരങ്ങള്‍ നടന്നു. അതില്‍ 11ഉം കളിച്ചത് ഓസ്‌ട്രേലിയയിലാണ്. ഏഴെണ്ണം ഓസിസ് ജയിച്ചു. നാലെണ്ണം ഇംഗഌണ്ടും. പിന്നെ രണ്ടെണ്ണം സമനിലയായി. 
ടെസ്റ്റ് ക്രിക്കറ്റിന്റെ 140-ാം വര്‍ഷം ഗൂഗിളും ക്രിക്കറ്റ് ആരാധകരും ആഘോഷിക്കുമ്പോഴും മറ്റൊരു വിവാദം കത്തിപ്പടരുകയാണ്. ക്രിക്കറ്റ് തുടങ്ങിയത് ഇംഗഌണ്ടിലല്ല, ഫ്രാന്‍സിലാണ് എന്ന വാദത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. 
ഫ്രാന്‍സിലെ ലീട്രസ് ഗ്രാമത്തില്‍ ക്രിക്കറ്റ് (Criquet) മല്‍സരം നടക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് കാള്‍ എസ്റ്റാവെനറ്റ് എന്ന നാട്ടുകാരന്‍ ലൂയിസ് രണ്ടാമന്‍ രാജാവിന് എഴുതിയ കത്താണിത്. 1478 ല്‍ നടന്ന സംഭവത്തിന്റെ രേഖകള്‍ ഫ്രാന്‍സിലെ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 
ഇംഗഌണ്ടിലെ സറേയിലുള്ള ഗില്‍ഡ്‌ഫോര്‍ഡില്‍ 1550-ല്‍ ആണ് ആദ്യ ക്രിക്കറ്റ് നടന്നത് എന്ന വാദത്തിനുള്ള തിരുത്തു കൂടിയാണ് ഈ കത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com