രോഹിത് ശര്‍മ നിറഞ്ഞാടി, ഇന്ത്യ നമ്പര്‍ വണ്‍; നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം

നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം - ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗം 2,000 റണ്‍സ് എന്ന നേട്ടമാണ് റോഹിത് കരസ്ഥമാക്കി - അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ ഇന്ത്യ നേടിയിരുന്നു
രോഹിത് ശര്‍മ നിറഞ്ഞാടി, ഇന്ത്യ നമ്പര്‍ വണ്‍; നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം

നാഗ്പൂര്‍: നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 243 റണ്‍സ് ലക്ഷ്യം 42.5 ഓവറില്‍ ഇന്ത്യ മറികടന്നു. 109 പന്തില്‍ നിന്നും 125 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ വിജയം. പരമ്പര ജയത്തോടെ ഇന്ത്യ ഏകദിനത്തില്‍ വീണ്ടും ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ ഇന്ത്യ നേടിയിരുന്നു.

ഏകദിന മത്സരത്തില്‍ റോഹിത്തിന്റെ 14ാം സെഞ്ച്വറിക്കാണ് നാഗ്പൂര്‍ വിദര്‍ഭ സ്‌റ്റേഡിയം സാക്ഷിയായത്. ഇതോടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്മാരായ സൗരവ് ഗാംഗുലിയുടെയും വിരാട് കോഹ്ലിയുടെയും റെക്കോഡ് തകര്‍ക്കാനും റോഹിത് ശര്‍മയ്ക്കായി. ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗം 2,000 റണ്‍സ് എന്ന നേട്ടമാണ് റോഹിത് കരസ്ഥമാക്കിയിരിക്കുന്നത്. 42 മത്സരങ്ങളില്‍ നിന്ന് 2000 റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇതോടെ റോഹിത്തിനൊപ്പം വന്നത്. ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കു 2000 റണ്‍സ് തികയ്ക്കാന്‍ 45 മത്സരങ്ങളെടുത്തപ്പോള്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി 46 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സെടുത്തത്.

അജിന്‍ക്യ രഹാനെയും രോഹിത് ശര്‍മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 124 റണ്‍സിലാണ് ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായത്. 74 പന്തില്‍ നിന്നും 61 റണ്‍സെടുത്ത രഹാനെ പാറ്റ് കുമ്മിന്‍സാണ് പുറത്താക്കിയത്. എന്നാല്‍ പിന്നിടെത്തിയ കൊഹ് ലിക്ക് ചേര്‍ന്ന് രോഹിത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. വിജയത്തിന് 20 റണ്‍സ് അകലെ വെച്ച രോഹിത് പുറത്തായി. തൊട്ടുപിന്നാലെ കൊഹ് ലിയും കൂടാരം കേറി. പിന്നീട് എത്തിയ മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ചേര്‍ന്ന് 43 പന്തുകള്‍ അവശേഷിക്കെ ഇന്ത്യന്‍ വിജയം അനായാസമാക്കി.

ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 242 റണ്‍സ് നേടിയത്. ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ച്വുറിയും മധ്യനിരയില്‍ ഹെഡ്ഡ് സ്‌റ്റെയിന്‍സും ചേര്‍ന്നാണ് ഓസ്്‌ട്രേലിയക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാലിന് 118 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഒാസിസിനെ ഇരുവരും കരകയറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com