റൊണാള്‍ഡോ എത്തി, ഗോളുകളും പിന്നാലെ; ലോക ഫുട്‌ബോളിലെ ഒന്നാമന്‍ റൊണാള്‍ഡോ തന്നെയെന്ന് സിദാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2017 12:26 PM  |  

Last Updated: 14th September 2017 06:11 PM  |   A+A-   |  

rono5

റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയിട്ടും സ്പാനിഷ് സൂപ്പര്‍ കോപ്പയില്‍ ബാഴ്‌സയ്‌ക്കെതിരെ 2-0ന് റയല്‍ വിജയം പിടിച്ചിരുന്നു. ഡിപോര്‍ട്ടിവോയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനും റയല്‍ ജയിച്ചു കയറി. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും സമനില കുരുക്കില്‍ അകപ്പെട്ടതോടെ റൊണാള്‍ഡോയെ ടീം എത്രമാത്രം മിസ് ചെയ്യുന്നു എന്ന് മാനേജ്‌മെന്റിനും ആരാധകര്‍ക്കും വ്യക്തമായി. 

അഞ്ച് മത്സരങ്ങളില്‍ വിലക്ക് നേരിടുന്ന റൊണാള്‍ഡോ യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച ബൂട്ടണിഞ്ഞതോടെ റയലിന് വീണ്ടും ജീവന്‍ കിട്ടി. എതിരില്ലാത്ത മൂന്ന് ഗോളിന് സിദാന്റെ സംഘം അപോയിലിനെ തുരത്തിവിട്ടു. ഇതില്‍ രണ്ട് ഗോളുകളും റൊണാള്‍ഡോയുടെ കാലില്‍ നിന്നുമായിരുന്നു. 

കളിക്ക് ശേഷം സിനദിന്‍ സിദാന്റെ വാക്കുകളുമെത്തി, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ റൊണാള്‍ഡോ ആണെന്ന്. ടീം ആവശ്യപ്പെടുമ്പോള്‍ നല്ല കളി പുറത്തെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിയും. ഇന്ന് കണ്ടതും അതാണ്. നാല് ഗോള്‍ വരെ റൊണാള്‍ഡോയ്ക്ക് ഇന്ന് അടിക്കാന്‍ സാധിക്കുമായിരുന്നു എന്നും സിദാന്‍ പറയുന്നു. 

മൈതാനത്തിറങ്ങി പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ ഗോള്‍ വല കുലുക്കി. 51ാം മിനിറ്റില്‍ പെനാല്‍റ്റി സ്‌പോട്ടില്‍ നിന്നും റയല്‍ സ്‌ട്രൈക്കറുടെ രണ്ടാം ഗോളും പിറന്നു. 61ാം മിനിറ്റില്‍ നായകന്‍ റാമോസും സ്‌കോര്‍ ചെയ്തതോടെ റയല്‍ അനായസ ജയം നേടി. 

ഡാനി കര്‍വാജലും മാര്‍സിലോയും തീര്‍ത്ത പ്രതിരോധ കോട്ടയായിരുന്നു കഴിഞ്ഞ കുറേ മത്സരങ്ങളിലായി റയലിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചിരുന്നത്. ബുധനാഴ്ചത്തെ മത്സരത്തിലും ഇവര്‍ ഉരുക്ക് കോട്ട തീര്‍ത്തതോടെ അപോയെലിന് ഗോള്‍ വല ചലിപ്പിക്കാനായില്ല.

മാര്‍കോ അസന്‍സിയോയും, കരിം ബെന്‍സെമയും പരിക്കിനെ തുടര്‍ന്ന് മൈതാനത്ത് ഇറങ്ങില്ലെന്ന് സിദാന്‍ വ്യക്തമാക്കിയത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. വലിയ പരിക്കുകളില്ലാതെ ജയിച്ചു കയറാമെന്നായിരുന്നു സിദാന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ റയല്‍ വലയുകയാണെന്ന് വ്യക്തമായിരുന്നു.