ഓപ്പണറാവാന്‍ വയ്യാ എങ്കില്‍ ബെഞ്ചിലിരിക്കാനായിരുന്നു ദാദ പറഞ്ഞത്; മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ച സെവാഗ് പറയുന്നു

2002ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിലായിരുന്നു അത്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഗാംഗുലി തന്നോട് നിര്‍ദേശിച്ചു
ഓപ്പണറാവാന്‍ വയ്യാ എങ്കില്‍ ബെഞ്ചിലിരിക്കാനായിരുന്നു ദാദ പറഞ്ഞത്; മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ച സെവാഗ് പറയുന്നു

ഓപ്പണറായി ഇറങ്ങുന്ന വിരേന്ദര്‍ സെവാഗ് എന്നും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായിരുന്നു. അടുത്ത ബോളില്‍ ഗ്രൗണ്ടിന്റെ ഏത് കോണിലേക്കാണ് പന്ത് പായിക്കുക എന്നത് പ്രവചിക്കാനാവില്ല. പക്ഷേ അത് സിക്‌സോ, ഫോറോ ആയിരിക്കും എന്ന് ഉറപ്പിക്കാം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണറായി വളര്‍ന്ന സെവാഗ് എങ്ങിനെയാണ് ടെസ്റ്റില്‍ ഓപ്പണറുടെ റോളിലേക്ക് എത്തുന്നത്? ആ കഥ സെവാഗ് തന്നെ പറയുകയാണ്. 

2002ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിലായിരുന്നു അത്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഗാംഗുലി തന്നോട് നിര്‍ദേശിച്ചു. എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യമായിരുന്നു ഗാംഗുലിക്കും, കോച്ച് ജോണ്‍ റൈറ്റിനും നേര്‍ക്ക് സ്വാഭാവികമായും എന്നില്‍ നിന്നും ഉയര്‍ന്നത്. ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയതിന്റെ പരിചയം എനിക്കുണ്ടെന്നായിരുന്നു അതിന് അവര്‍ മറുപടി നല്‍കിയത്. 

ഒരു ദശകത്തോളം സച്ചിന്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നു. 1998ല്‍ നിങ്ങള്‍ ഓപ്പണറായിട്ടല്ലേ തുടങ്ങിയത് എന്ന് ഗാംഗുലിക്ക് നേരെ ഞാന്‍ പറഞ്ഞു. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എങ്കില്‍ ഇവിടെയാണ് നിങ്ങളുടെ സ്ഥാനം. ചോദ്യങ്ങള്‍ വേണ്ട. ഓപ്പണ്‍ ചെയ്യാന്‍ താത്പര്യം ഉണ്ടെങ്കില്‍ ചെയ്യുക. അല്ലെങ്കില്‍ ബെഞ്ചിലിരിക്കുക എന്നായിരുന്നു ഗാംഗുലിയില്‍ നിന്നും ലഭിച്ച പ്രതികരണം എന്നും സെവാഗ് പറയുന്നു. 

ഓപ്പണറായി ഇറങ്ങാന്‍ ഞാന്‍ തയ്യാറായെങ്കിലും ഒരു ഡിമാന്റ് ഗാംഗുലിക്ക് മുന്നില്‍ വെച്ചിരുന്നു, ഓപ്പണറായി ഇറങ്ങിയ 3-4 മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ എനിക്ക് അവസരം നല്‍കണം എന്നായിരുന്നു അത്. ഗാംഗുലി അതിന് സമ്മതിച്ചു. അതിന് ശേഷമുള്ളതെല്ലാം ചരിത്രമാണെന്നാണ് സെവാഗ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com