താടിയും മുടിയും നീട്ടി വളര്‍ത്തി, കാവി വസ്ത്രം ധരിച്ച് കെട്ടിലും മട്ടിലും ഒരു സന്യാസി തന്നെ. ക്രിക്കറ്റ് മൈതനത്തെ കുട്ടികള്ക്കടുത്തേക്കായിരുന്നു ഈ സന്യാസിയുടെ വരവ്. ആദ്യം കുട്ടി ബൗളര്‍മാരുടെ ഡെലിവറികള്‍ക്ക് മുന്നില്‍ തട്ടിയും മുട്ടിയും നിന്നു. പിന്നെ താള പിഴകളോടെ അവര്‍ക്ക് നേരെ പന്തെറിഞ്ഞു.
പക്ഷേ ശരിക്കുമുള്ള കളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ബാറ്റേന്തിയ സന്യാസി തലങ്ങും വിലങ്ങും ബോള്‍ ഗ്രൗണ്ടിന് പുറത്തേക്ക് പായിക്കാന്‍ തുടങ്ങി. അതും അമ്പരപ്പിക്കുന്ന ഷോട്ടുകളിലൂടെ. തൊട്ടുപിന്നാലെ ബൗളറായും ആ സന്യാസി എത്തി. താള പിഴകള്‍ നിറഞ്ഞ ഡെലിവറികളായിരുന്നു ആദ്യമെറിഞ്ഞത് എങ്കില്‍ പിന്നീട് കുട്ടി ക്രിക്കറ്റര്‍മാരെ ഓരോ ബോളിലും സന്യാസി കുഴയ്ക്കാന്‍ തുടങ്ങി.
പിന്നെ ഓരോരുത്തരുടേയും കുറ്റി തെറിപ്പിച്ചു. അപ്പോള്‍ തന്നെ സന്യാസി ചില്ലറക്കാരനല്ലെന്ന് കുട്ടികള്‍ക്ക് വ്യക്തമായി കഴിഞ്ഞിരുന്നു. ആരാണി കിടിലന്‍ ക്രിക്കറ്റ് സന്യാസി എന്നറിയാന്‍ കുട്ടികള്‍ അദ്ദേഹത്തിന് ചുറ്റും കൂടി. നീളന്‍ മുടിയും, താടിയും മീശയുമെല്ലാം സന്യാസി ഓരോന്നായി അഴിച്ചു മാറ്റി.
മേക്ക് അപ്പില്‍ മുഖം കറുത്തിരുന്നു എങ്കിലും കുട്ടികള്‍ക്ക് ആ മുഖം തിരിച്ചറിയാന്‍ പ്രസായമുണ്ടായില്ല. സാക്ഷാല്‍ ബ്രെറ്റ് ലീയാണ് തങ്ങള്‍ക്ക് ബൗള്‍ ചെയ്ത് തന്നതെന്ന് തിരിച്ചറിഞ്ഞ് ഞെട്ടുകയായിരുന്നു കുട്ടികള്‍. കളി പഠിപ്പിക്കാമോ എന്ന് ചോദിച്ച് എത്തി കുട്ടികളെ ഞെട്ടിക്കുന്ന ബ്രെറ്റ് ലീയുടെ വീഡിയോ ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ