ഷൂട്ട് ചെയ്ത് വെങ്കലം വീഴ്ത്തി ഇന്ത്യ തുടങ്ങി; സജന്‍ പ്രകാശ് ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്ന് വെങ്കലം വെടിവച്ചിട്ടാണ് ഇന്ത്യയുടെ തുടക്കം
ഷൂട്ട് ചെയ്ത് വെങ്കലം വീഴ്ത്തി ഇന്ത്യ തുടങ്ങി; സജന്‍ പ്രകാശ് ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്ന് വെങ്കലം വെടിവച്ചിട്ടാണ് ഇന്ത്യയുടെ തുടക്കം. ഒപ്പം മലയാളി താരം സജന്‍ പ്രകാശ് നീന്തലില്‍ ഫൈനലിലെത്തിയതും പ്രതീക്ഷ നല്‍കുന്നു. 

ഷൂട്ടിങ്ങില്‍ അപൂര്‍വി ചന്ദേല- രവികുമാര്‍ സഖ്യത്തിലൂടെയാണ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ വെങ്കലത്തിലൂടെ ബാസ്‌ക്കറ്റിലെത്തിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇരുവരും വെങ്കലം നേടിയത്. ഫൈനലില്‍ 429.9 പോയിന്റാണ് ഇരുവരും ഷൂട്ട് ചെയ്ത് സ്വന്തമാക്കിയത്. ഈയിനത്തില്‍ ചൈനീസ് തായ്‌പേയ് സ്വര്‍ണവും വെള്ളിയും നേടി.

പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് മലയാളി താരം സജന്‍ പ്രകാശ് ഫൈനലിലേക്ക് കടന്നത്. ഹീറ്റ്‌സില്‍ മികച്ച മൂന്നാമത്തെ സമയം (1:58:12) കുറിച്ചാണ് സജന്റെ മുന്നേറ്റം. ഇന്ന് വൈകീട്ടാണ് ഫൈനല്‍ അരങ്ങേറുന്നത്. 

ഇത്തവണ ആദ്യ സ്വര്‍ണം ചൈനയാണ് സ്വന്തമാക്കിയത്. വുഷുവിലാണ് ചൈനീസ് താരം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ പെയ് യുവാന്‍ സുന്‍ ആണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ അന്‍ജുല്‍ നാംദിയോ അഞ്ചാം സ്ഥാനത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com