സിനദിന്‍ സിദാന്‍, ദിദിയര്‍ ദെഷാംപ്‌സ്... താക്കോല്‍ സ്ഥാനത്തിരുന്ന് തന്ത്രമോതാന്‍ ഇനി തിയറി ഹെന്റിയും

ഫ്രാന്‍സ് ഇതിഹാസവും മുന്‍ ആഴ്‌സണല്‍ സൂപ്പര്‍ സ്റ്റാറുമായ തിയറി ഹെന്റിയും മുഖ്യ പരിശീലക വേഷത്തിലേക്ക്
സിനദിന്‍ സിദാന്‍, ദിദിയര്‍ ദെഷാംപ്‌സ്... താക്കോല്‍ സ്ഥാനത്തിരുന്ന് തന്ത്രമോതാന്‍ ഇനി തിയറി ഹെന്റിയും

പാരിസ്: ഫ്രാന്‍സ് ഇതിഹാസവും മുന്‍ ആഴ്‌സണല്‍ സൂപ്പര്‍ സ്റ്റാറുമായ തിയറി ഹെന്റിയും മുഖ്യ പരിശീലക വേഷത്തിലേക്ക്. ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ സഹ പരിശീലകനായി ശ്രദ്ധേയനായ ഹെന്റി ഫ്രഞ്ച് ലീഗ് വണ്‍ ടീം ബോര്‍ഡെക്‌സിന്റെ പരിശീലകനായാണ് ചുമതലയേല്‍ക്കുന്നത്. 

നടപ്പ് സീസണില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും പരാജയമേറ്റു വാങ്ങി 18ാം സ്ഥാനത്താണ് നിലവില്‍ ബോര്‍ഡെക്‌സ്. നിലവിലെ പരിശീലകന്‍ ഗസ് പയറ്റിന് പകരമാണ് ഹെന്റി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. ക്ലബിന്റെ താരക്കൈമാറ്റ നയങ്ങളെ പത്രസമ്മേളനത്തില്‍ വച്ച് പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് പയറ്റ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിടുകയാണ്. ഇതോടെയാണ് കോച്ചിനെ പുറത്താക്കി ഹെന്റിക്ക് ചുമതല കൈമാറാന്‍ ടീം അധികൃതര്‍ തീരുമാനിച്ചത്. 

1998ല്‍ ഫ്രാന്‍സ് ടീം ലോകകപ്പ് നേടിയപ്പോള്‍ അന്ന് ടീമിന്റെ മുഖ്യ താരങ്ങളിലൊരാളായിരുന്നു ഹെന്റി. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ ആഴ്‌സണലിന്റെ മുന്നേറ്റത്തില്‍ ഒരു കാലത്ത് അവിഭാജ്യ ഘടകമായി നിന്ന ഹെന്റി വിഖ്യാത പരിശീലകന്‍ ആഴ്‌സന്‍ വെങറുടെ ഇഷ്ട താരമായിരുന്നു. ആഴ്‌സണലിന്റെ ഇതിഹാസ താരമെന്ന പദവിയിലേക്ക് വരെ ഉയര്‍ന്ന ഹെന്റി പിന്നീട് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കായും കളത്തിലിറങ്ങി. 

സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം 2016ല്‍ റോബര്‍ട്ട് മാര്‍ട്ടിനെസിനൊപ്പം ബെല്‍ജിയം ടീമിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു ഹെന്റി. ബെല്‍ജിയം ടീമിന്റെ ലോകകപ്പ് സെമി വരെയുള്ള മുന്നേറ്റത്തില്‍ ഹെന്റിക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. ഈ പരിചയ സമ്പത്തിന്റെ ബലത്തിലാണ് 41കാരനായ മുന്‍ താരം ബോര്‍ഡെക്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കെത്തുന്നത്. 

1998ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ തന്റെ സഹ താരങ്ങളായിരുന്ന ദിദിയര്‍ ദെഷാംപ്‌സും സിനദിന്‍ സിദാനും പരിശീലക കരിയറില്‍ സ്വപ്‌നം തുല്ല്യ നേട്ടങ്ങള്‍ സ്വന്തമാക്കി നില്‍ക്കുന്ന ഘട്ടത്തിലാണ് ഹെന്റിയും സ്ഥാനമേറ്റെടുക്കുന്നത്. ഇരുവരും സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പമെത്തുന്ന മികവ് തന്ത്രങ്ങള്‍ മെനയുന്നതിലൂടെ ഹെന്റിയും വെട്ടിപ്പിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com