മാന്ത്രികനായ ലൂക്ക യൂറോപ്പിലെ മികച്ചവന്‍; യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിന് സ്വന്തം

യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര മാന്ത്രികന്‍ ലൂക്ക മോഡ്രിച്ചിന്
മാന്ത്രികനായ ലൂക്ക യൂറോപ്പിലെ മികച്ചവന്‍; യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിന് സ്വന്തം

യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര മാന്ത്രികന്‍ ലൂക്ക മോഡ്രിച്ചിന്. പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയേയും പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച മധ്യനിര താരത്തിനുള്ള അവാര്‍ഡും മോഡ്രിച്ചിന് തന്നെ ലഭിച്ചു. കെവിന്‍ ഡിബ്രുയ്ന്‍, ടോണി ക്രൂസ് എന്നിവരെയാണ് മോഡ്രിച്ച് പിന്തള്ളിയത്. 

വനിതാ വിഭാഗത്തില്‍ വോള്‍വ്‌സ്ബര്‍ഗിന്റെ ഡെന്‍മാര്‍ക്ക് താരം പെര്‍നിലെ ഹര്‍ഡര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ലിയോണ്‍ താരം അഡ ഹെഗര്‍ബെര്‍ഗ്, ലിയോണ്‍ താരം തന്നെയായ അമന്‍ഡിനെ ഹെന്റി എന്നിവരെയാണ് ഹര്‍ഡര്‍ പിന്തള്ളിയത്.

മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം 2018ലെ യുവേഫ പ്രസിഡന്റ്‌സ് പുരസ്‌കാരം സ്വന്തമാക്കി. ഫുട്‌ബോളിന് നല്‍കിയ മികച്ച സംഭാവനകളും വ്യക്തിയെന്ന നിലയില്‍ പ്രചോദനാത്മക ജീവിതം നയിക്കുന്നതിനുമാണ് ബെക്കാമിനെ ആദരിച്ചത്. 

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ കെയ്‌ലര്‍ നവാസും പ്രതിരോധ താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസും നേടി. മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി. ലയണല്‍ മെസി, മുഹമ്മദ് സല എന്നിവരെയാണ് താരം പിന്തള്ളിയത്. 

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മോഡ്രിച്ച് വഹിച്ചത്. ക്രൊയേഷ്യന്‍ ടീമിനെ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് എത്തിക്കുന്നതിലും മോഡ്രിച്ചിന്റെ സാന്നിധ്യം നിര്‍ണായകമയിരുന്നു. 

വോട്ടെടുപ്പില്‍ 313 പോയിന്റുകള്‍ നേടിയാണ് മോഡ്രിച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ സീസണില്‍ റയലിനായി കളിച്ച ക്രിസ്റ്റ്യാനോ 44 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ നേടിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് 223 പോയിന്റുകളാണ് ലഭിച്ചത്. മുഹമ്മദ് സലയും കഴിഞ്ഞ സീസണില്‍ 44 ഗോളുകള്‍ വലയിലാക്കി. താരത്തിന് 134 പോയിന്റുകളാണ് ലഭിച്ചത്. 

80 പരിശീലകരും യുവേഫയിലെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com