ക്രിസ്റ്റിയാനോ മാഞ്ചസ്റ്ററിനെതിരേ, പോഗ്ബ യുവന്റസിനെതിരേ; ബാഴ്‌സലോണയ്ക്കും ലിവര്‍പൂളിനും അത്‌ലറ്റിക്കോയ്ക്കും കടുപ്പം

സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ, ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂള്‍, സ്പാനിഷ് മുന്‍നിരക്കാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളാണ് ശരിക്കും പെട്ടിരിക്കുന്നത്
ക്രിസ്റ്റിയാനോ മാഞ്ചസ്റ്ററിനെതിരേ, പോഗ്ബ യുവന്റസിനെതിരേ; ബാഴ്‌സലോണയ്ക്കും ലിവര്‍പൂളിനും അത്‌ലറ്റിക്കോയ്ക്കും കടുപ്പം

സൂറിച്ച്: 2018-19 സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ച് 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോപ്യന്‍ കിരീടം സ്വന്തമാക്കാന്‍ കച്ചകെട്ടുന്ന യുവന്റസിന് ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ റൗണ്ടില്‍ തന്നെ എതിരാളികളായി വരും. 

സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ, ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂള്‍, സ്പാനിഷ് മുന്‍നിരക്കാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളാണ് ശരിക്കും പെട്ടിരിക്കുന്നത്. ബാഴ്‌സലോണയ്ക്ക് ആദ്യ റൗണ്ടില്‍ തന്നെ നേരിടേണ്ടത് ടോട്ടനം ഹോട്‌സ്പര്‍, ഇന്റര്‍ മിലാന്‍ ടീമുകളെയാണ്. ലിവര്‍പൂളിനെ കാത്തിരിക്കുന്നത് നാപോളി, പാരിസ് സെന്റ് ജെര്‍മെയ്ന്‍ അടക്കമുള്ള ഗംഭീരന്‍മാര്‍. അത്‌ലറ്റിക്കോയ്ക്ക് ബൊറൂസിയ ഡോര്‍ട്മുണ്ട്, മൊണാക്കോ ടീമുകളാണ് വെല്ലുവിളിയായി നില്‍ക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്, ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ആദ്യ റൗണ്ട് താരതമ്യേന എളുപ്പമാണ്. 

റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യകാല ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാന്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തും. യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മാറിയ പോള്‍ പോഗ്ബ ടൂറിനിലെ മൈതാനത്തും മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ കളിക്കും. 

ഗ്രൂപ്പ് എ:  അത്‌ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, മൊണാക്കോ, ക്ലബ് ബ്രുഗ്ഗെ.

ഗ്രൂപ്പ് ബി: ബാഴ്‌സലോണ, ടോട്ടനം, പി.എസ.വി ഐന്തോവന്‍, ഇന്റര്‍ മിലാന്‍. 

ഗ്രൂപ്പ് സി: പാരിസ് സെന്റ് ജെര്‍മെയ്ന്‍, നാപോളി, ലിവര്‍പൂള്‍, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്.

ഗ്രൂപ്പ് ഡി: ലോകോമോട്ടീവ് മോസ്‌ക്കോ, പോര്‍ട്ടോ, ഷാല്‍ക്കെ, ഗലാത്‌സരെ.

ഗ്രൂപ്പ് ഇ: ബയേണ്‍ മ്യൂണിക്ക്, ബെന്‍ഫിക്ക, അയാക്‌സ്, എ.ഇ.കെ ഏഥന്‍സ്.

ഗ്രൂപ്പ് എഫ്: മാഞ്ചസ്റ്റര്‍ സിറ്റി, ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക്, ലിയോണ്‍, ഹോഫെന്‍ഹെയിം.

ഗ്രൂപ്പ് ജി: റയല്‍ മാഡ്രിഡ്, റോമ, സി.എസ്.കെ.എ മോസ്‌ക്കോ, വിക്ടോറിയ പ്ലസന്‍.

ഗ്രൂപ്പ് എച്ച്: യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വലന്‍സിയ, യങ് ബോയ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com